മാസപ്പടി കേസ്: പിണറായി വിജയനും വീണയ്ക്കും മുഹമ്മദ് റിയാസിനുമെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ ഹൈക്കോടതി ഉത്തരവ്

മാസപ്പടി കേസ്: പിണറായി വിജയനും വീണയ്ക്കും മുഹമ്മദ് റിയാസിനുമെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ ഹൈക്കോടതി ഉത്തരവ്


എറണാകുളം: സി.എം.ആർ.എൽ-എക്സാലോജിക് മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, മകൾ വീണ ടി, മുൻ മന്ത്രി മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ ഹൈക്കോടതി ഉത്തരവിട്ടു. എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിൻ്റെ (ഇഡി) പ്രാഥമിക റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ കേസെടുക്കണമെന്ന ജസ്റ്റിസ് എ. ബദറുദ്ദീൻ്റെ സുപ്രധാന വിധി പിണറായി വിജയനും കുടുംബത്തിനും കനത്ത തിരിച്ചടിയാണ്. പൊതുപ്രവർത്തകനായ കെ.എം ഷാജഹാൻ നൽകിയ ഹർജി പൂർണ്ണമായും അംഗീകരിച്ചുകൊണ്ടാണ് കോടതിയുടെ നടപടി.

കേസിൽ എഫ്ഐആർ ഇട്ട് അന്വേഷിക്കേണ്ടതില്ലെന്ന സംസ്ഥാന സർക്കാരിൻ്റെ വാദം കോടതി പൂർണ്ണമായും തള്ളി. പ്രാഥമിക അന്വേഷണം നടത്തി തെളിവുകൾ ഉണ്ടെങ്കിൽ മാത്രം എഫ്ഐആർ രജിസ്റ്റർ ചെയ്താൽ മതിയെന്നായിരുന്നു സർക്കാരിൻ്റെ നിലപാട്. പ്രാഥമിക അന്വേഷണം നടത്തി വസ്തുതകൾ ബോധ്യപ്പെട്ടാൽ കേസ് രജിസ്റ്റർ ചെയ്യാമെന്ന സുപ്രിംകോടതി വിധികൾ ഉണ്ടെന്നും അതിന്റെ അടിസ്ഥാനത്തിൽ തുടർ നടപടികൾ സ്വീകരിക്കുമെന്നുമായിരുന്നു സംസ്ഥാന സർക്കാർ വ്യക്തമാക്കിയത്. അഡ്വക്കേറ്റ് ജനറലിൻ്റെ നിയമോപദേശത്തിൻ്റെ അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാർ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) കേസിൽ അന്വേഷണം നടത്തിവരികയായിരുന്നു. 14 ദിവസത്തെ സമയപരിധിയുള്ള പ്രാഥമിക അന്വേഷണമാണ് എസ്ഐടി നടത്തിയിരുന്നത്. എന്നാൽ ഈ വാദങ്ങളെല്ലാം തള്ളിയ ഹൈക്കോടതി, ഇഡി സമർപ്പിച്ച റിപ്പോർട്ട് ഒരു അന്വേഷണ റിപ്പോർട്ടായി കണക്കാക്കി കേസെടുക്കാൻ ഉത്തരവിടുകയായിരുന്നു.

മുദ്രവച്ച കവറിലെ റിപ്പോർട്ട്

ഇ.ഡി നൽകിയ റിപ്പോർട്ട് മുദ്രവച്ച കവറിൽ വിളിച്ചുവരുത്തി ഹൈക്കോടതി വിശദമായി പരിശോധിച്ചിരുന്നു. ഈ റിപ്പോർട്ടിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാനുള്ള മതിയായ വിവരങ്ങളും തെളിവുകളും ഉണ്ടെന്ന് കോടതി കണ്ടെത്തി. ഇതിൻ്റെ അടിസ്ഥാനത്തിലാണ് സർക്കാരിന് ലഭിച്ച നിയമോപദേശം മറികടന്ന് നേരിട്ട് എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ കോടതി നിർദേശിച്ചത്.

ഇതോടെ കേസിൽ പ്രാഥമിക അന്വേഷണം മാത്രം മതിയെന്ന സർക്കാരിൻ്റെ നീക്കം പൊളിയുകയും ചെയ്തു. കരിമണൽ കമ്പനിയായ സിഎംആർഎല്ലിൽ നിന്നും പിണറായി വിജയൻ്റെ മകൾ വീണയുടെ ഐടി കമ്പനിയായ എക്സാലോജിക്കിന് മാസപ്പടി ലഭിച്ചുവെന്നതാണ് കേസിന് ആധാരമായ വിഷയം. യാതൊരു സേവനവും നൽകാതെയാണ് കോടിക്കണക്കിന് രൂപ കൈപ്പറ്റിയതെന്ന ആരോപണത്തിൽ കേന്ദ്ര ഏജൻസികൾ നേരത്തെ തന്നെ അന്വേഷണം ആരംഭിച്ചിരുന്നു. 

ആദായനികുതി വകുപ്പിൻ്റെ ഇൻ്ററിം സെറ്റിൽമെൻ്റ് ബോർഡിൻ്റെ കണ്ടെത്തലുകളാണ് കേസിന് ആധാരമായത്. 1.72 കോടി രൂപയോളം യാതൊരു ഐ.ടി സേവനങ്ങളും നൽകാതെ എക്സാലോജിക് കൈപ്പറ്റിയെന്നായിരുന്നു കണ്ടെത്തൽ. ഇതിന് പിന്നാലെയാണ് സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസും (എസ്എഫ്ഐഒ) ഇഡിയും അന്വേഷണം ഏറ്റെടുത്തത്.

അതിനിടെ, മുഹമ്മദ് റിയാസ് മന്ത്രിയായിരിക്കെ സമ്പാദിച്ച പണം സുഹൃത്തുക്കൾ മുഖേന വിദേശത്തേക്ക് കടത്തിയെന്ന ആരോപണത്തിലും അന്വേഷണം പുരോഗമിക്കുകയാണ്. ഈ കേസുമായി ബന്ധപ്പെട്ട് റിയാസിന്റെ സുഹൃത്തുക്കൾക്ക് ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘം ഇതിനോടകം നോട്ടീസ് അയച്ചിട്ടുണ്ട്. കേസിൽ സംസ്ഥാന പൊലീസ് മേധാവിക്ക് ഇഡി നൽകിയ രേഖകൾ കോടതി വിളിച്ചുവരുത്തിയിരുന്നു.

പിണറായി വിജയനും കുടുംബത്തിനും കുരുക്ക്

ഹൈക്കോടതി വിധി പ്രതിപക്ഷ നേതാവ് പിണറായി വിജയനും കുടുംബത്തിനും വലിയ രാഷ്ട്രീയ, നിയമ പ്രതിസന്ധികളാണ് സൃഷ്ടിക്കുന്നത്. എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതോടെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിന് കേസിൽ പുതിയ ഇസിഐആർ (എൻഫോഴ്സ്മെൻ്റ് കേസ് ഇൻഫർമേഷൻ റിപ്പോർട്ട്) രജിസ്റ്റർ ചെയ്ത് അന്വേഷണം ഊർജ്ജിതമാക്കാൻ കഴിയും. നേരത്തെ സിഎംആർഎൽ എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട് പിണറായി വിജയനെതിരെ അന്വേഷണം മുന്നോട്ടുകൊണ്ടുപോകുന്നതിന് ഇഡിക്ക് ചില നിയമതടസ്സങ്ങൾ ഉണ്ടായിരുന്നു. പുതിയ ഇസിഐആർ വരുന്നതോടെ ഈ തടസ്സങ്ങൾ പൂർണ്ണമായും നീങ്ങും. വിജിലൻസ് ഒരു എഫ്ഐആർ രജിസ്റ്റർ ചെയ്താലും ഇഡിക്ക് പുതിയ ഇസിഐആർ ഇടാൻ സാധിക്കുമായിരുന്നു. നിലവിലെ കോടതി ഉത്തരവോടെ പിണറായി വിജയൻ, മുഹമ്മദ് റിയാസ്, വീണ ടി എന്നിവർക്കെതിരെ മാത്രമല്ല, മറ്റ് പലരിലേക്കും അന്വേഷണം നീളാനും വലിയ രാഷ്ട്രീയ പ്രത്യാഘാതങ്ങൾ ഉണ്ടാകാനും സാധ്യതയുണ്ട്.

സര്‍ക്കാരിന് തിരിച്ചടിയല്ലെന്ന് രമേശ് ചെന്നിത്തല

ഹൈക്കോടതി ഉത്തരവ് സര്‍ക്കാരിന് തിരിച്ചടിയല്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. വിധി ന്യായം പരിശോധിച്ച ശേഷം ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുമെന്നും രമേശ് ചെന്നിത്തല കൊച്ചിയില്‍ പറഞ്ഞു. 'ഹൈക്കോടതി വിധിപ്പകര്‍പ്പ് പഠിച്ച ശേഷം നിയമപരമായി എന്താണോ ചെയ്യേണ്ടത് അത് സര്‍ക്കാര്‍ തീരുമാനിക്കും. വിധിപ്പകര്‍പ്പിലെ കാര്യങ്ങള്‍ പരിശോധിക്കാതെ കാര്യങ്ങള്‍ പറയാന്‍ കഴിയില്ല. ഇഡി ഡിജിപിക്ക് നല്‍കിയ കത്തില്‍ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് പ്രത്യേക അന്വേഷണസംഘം രൂപികരിച്ചത്. അന്വേഷസംഘം നടപടികളുമായി മുന്നോട്ടുപോകുന്നതിനിടെയാണ് ഹൈക്കോടതിയില്‍ പരാതി വന്നത്. കേസ് എടുക്കണമെന്ന കോടതി ഉത്തരവില്‍ വിധി ന്യായം പഠിച്ച ശേഷം സര്‍ക്കാര്‍ തീരുമാനമെടുക്കും. നിയമപോദേശത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ പ്രവര്‍ത്തിച്ചത്. കോടതി മറിച്ചാണ് പറയന്നതെങ്കില്‍ വിധിന്യായം പരിശോധിച്ച ശേഷം നടപടി സ്വീകരിക്കും. ഇഡി അന്വേഷണം യുഡിഎഫ് നേതാക്കളിലേക്കും വരുന്നെങ്കില്‍ വരട്ടെ, കോടതിയും സര്‍ക്കാരും ഇവിടെയുണ്ട്'- രമേശ് ചെന്നിത്തല പറഞ്ഞു.

കോൺഗ്രസ്- ബിജെപി ഡീൽ ഉയർത്തിക്കാട്ടാൻ സിപിഎം

പിണറായിക്കെതിരെ കേസെടുക്കണമെന്ന ആവശ്യം ഉയർന്നപ്പോഴെല്ലാം അതിന് പിന്നിൽ കോൺഗ്രസ്- ബിജെപി ഡീലുണ്ടെന്ന ആരോപണമാണ് സിപിഎം ഉന്നയിച്ചത്. ഒരുപടി കൂടി കടന്ന് ദേശീയതലത്തിൽ ബിജെപിക്കെതിരെ രൂപീകരിച്ച ഇന്ത്യ മുന്നണിയുടെ രാഷ്ട്രീയ ഐക്യത്തെ തകർക്കുന്ന ഇത്തരം അവസരവാദ നിലപാടുകളിൽ നിന്ന് കോൺഗ്രസ് പിന്മാറണമെന്നും സിപിഎം ആവശ്യപ്പെട്ടിരുന്നു. മാസപ്പടി കേസിൽ ഇഡി നടത്തുന്ന രാഷ്ട്രീയ നീക്കങ്ങൾക്ക് യുഡിഎഫ് നൽകുന്ന പിന്തുണ അതീവ ഗൗരവമുള്ള വിഷയമായി ദേശീയതലത്തിൽ ഉന്നയിക്കാനും സിപിഎം സംസ്ഥാന നേതൃത്വം നീക്കം നടത്തുന്നുണ്ട്.

കോൺഗ്രസിന് ഇരട്ടത്താപ്പെന്നും ആരോപണം

ഇഡിയുടെ വിഷയത്തിൽ കോൺഗ്രസിന് ഇരട്ടത്താപ്പാണെന്ന ആരോപണവും സിപിഎം ഉയർത്തും. കേന്ദ്രത്തിൽ കോൺഗ്രസിനെതിരെ അന്വേഷണം വരുമ്പോൾ ഇഡി വിശ്വാസ്യതയില്ലാത്ത ഏജൻസിയാകും. എന്നാൽ കേരളത്തിൽ സിപിഎമ്മിനെതിരെയാകുമ്പോൾ ഇഡി കണ്ടെത്തുന്നതെല്ലാം വിശ്വസനീയവുമാകുമെന്നാണ് സിപിഎം പ്രചരിപ്പിക്കാൻ ശ്രമിക്കുന്നത്. സുവേന്ദു അധികാരിയും ഹിമന്ത ബിശ്വ ശർമയും ഇഡി അന്വേഷണം നേരിട്ടപ്പോൾ ബിജെപിയിൽ ചേർന്നതോടെ കേസ് ഇല്ലാതായി. പിണറായി വിജയൻ അതിന് തയാറല്ലെന്ന പ്രചാരണവും സിപിഎം ശക്തമാക്കും.

ഡീൽ ആരോപണം മറികടക്കാൻ കോൺഗ്രസ്

ഹൈക്കോടതി നിർദേശം പാലിച്ച് പിണറായിക്കെതിരെ കേസെടുത്താൽ ഉയരുന്ന ബിജെപി ഡീൽ ആരോപണം പ്രതിരോധിക്കാൻ കോൺഗ്രസിന് പ്രയത്നിക്കേണ്ടി വരും. കേസെടുക്കണമെന്ന ഇഡി നിർദേശത്തിൽ ധൃതിയിൽ കേസെടുക്കാൻ സർക്കാർ ഒരുങ്ങിയിരുന്നില്ല. ബിജെപി ഒത്തുകളി ആരോപണം ഒഴിവാക്കാനായിരുന്നു നിയമോപദേശം തേടിയത്. എജിയും ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനും കത്ത് പരിശോധിച്ച് ഉപദേശം നൽകിയിരുന്നു. ഇഡിയെ കണ്ണടച്ച് വിശ്വസിക്കാതെ പ്രാഥമിക അന്വേഷണം നടത്തിയെന്ന വാദം കൂടി സർക്കാരിന് പ്രതിരോധത്തിന് ഉയർത്താം.