വാഷിങ്ടണ്‍: തൊഴില്‍ വിസാ സംവിധാനത്തില്‍ വ്യാപകമായ ദുരുപയോഗം നടന്നെന്ന ആരോപണത്തെത്തുടര്‍ന്ന് മൈക്രോസോഫ്റ്റ് ഉള്‍പ്പെടെയുള്ള പ്രമുഖ ഐടി കമ്പനികള്‍ക്കെതിരെ നടപടി സ്വീകരിച്ച് ട്രംപ് ഭരണകൂടം. ഇന്ത്യന്‍ ഐടി കമ്പനികളായ കോഗ്നിസന്റ്, ഇന്‍ഫോസിസ്, ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്), വിപ്രോ, എച്ച്സിഎല്‍ ടെക്നോളജീസ് എന്നിവയെയും കാപ്ജെമിനിയെയും പെര്‍മനന്റ് ലേബര്‍ സര്ട്ടിഫിക്കേഷന് പ്രോഗ്രാമില്‍നിന്ന് സസ്പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചതായാണ് റിപ്പോര്‍ട്ട്.
വ്യാഴാഴ്ച വാഷിങ്ടണില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ് ആണ് ഇക്കാര്യം അറിയിച്ചത്. അമേരിക്കയിലെ തൊഴില്‍ വിസാ സംവിധാനം ഏറ്റവും കൂടുതല്‍ ദുരുപയോഗം ചെയ്ത കമ്പനികളിലൊന്ന് മൈക്രോസോഫ്റ്റാണെന്ന് അദ്ദേഹം ആരോപിച്ചു. കമ്പനികള്‍ക്കെതിരേ ഒന്നിലധികം ഫെഡറല്‍ അന്വേഷണങ്ങള്‍ നിലവിലുണ്ടെന്നും തൊഴില്‍ സെക്രട്ടറി കീത്ത് സോണ്ടര്‍ലിങ് വ്യക്തമാക്കി.
വിലക്ക് എത്രകാലം തുടരുമെന്ന കാര്യത്തില്‍ വ്യക്തമായ സമയപരിധി പ്രഖ്യാപിച്ചിട്ടില്ല. ഭരണകൂടത്തിന്റെ ആശങ്കകള്‍ പരിഹരിക്കപ്പെടുന്നതുവരെ സസ്പെന്ഷന് തുടരുമെന്നാണ് വാന്‍സിന്റെ പ്രതികരണം. എന്നാല്‍, ബന്ധപ്പെട്ട കമ്പനികള്‍ ആരോപണങ്ങളില്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.
ഇന്ത്യന്‍ ഐടി ഓഹരികള്‍ക്ക് തിരിച്ചടി
നടപടിവാര്‍ത്ത പുറത്തുവന്നതോടെ അമേരിക്കന്‍ ഓഹരിവിപണിയില്‍ ഇന്ത്യന്‍ ഐടി കമ്പനികളുടെ ഓഹരികള്‍ ഇടിഞ്ഞു. കോഗ്നിസന്റിന്റെ ഓഹരികള്‍ ഏകദേശം 1.4 ശതമാനം താഴ്ന്നപ്പോള്‍ ഇന്‍ഫോസിസിന്റെയും വിപ്രോയുടെയും അമേരിക്കന്‍ ഡെപ്പോസിറ്ററി ഓഹരികള്‍ 3.5 ശതമാനത്തിലധികം ഇടിഞ്ഞു. മൈക്രോസോഫ്റ്റിന്റെ ഓഹരികളും നേരത്തെയുണ്ടായ നേട്ടത്തില്‍നിന്ന് താഴ്ന്നു.
അമേരിക്കന്‍ തൊഴിലാളികള്‍ക്ക് മുന്‍ഗണന നല്‍കണമെന്ന് ആവശ്യം
അമേരിക്കന്‍ തൊഴിലാളികള്‍ക്ക് കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ ഉറപ്പാക്കുകയും വിദേശ തൊഴിലാളികളെ നിയമിക്കുന്നതിന് പകരം പ്രാദേശിക ജീവനക്കാരെ പരിശീലിപ്പിക്കുകയും വേണമെന്ന നിലപാടിലാണ് ട്രംപ് ഭരണകൂടം. അമേരിക്കന്‍ തൊഴിലാളികള്‍ക്ക് ലഭിക്കാവുന്ന ജോലികള്‍ക്കായി വിദേശികളെ കൊണ്ടുവരുന്നത് അവസാനിപ്പിക്കണമെന്ന് വാന്‍സ് കമ്പനികളോട് ആവശ്യപ്പെട്ടു.
വിദേശ തൊഴിലാളികളെ സ്ഥിരതാമസത്തിനായി സ്പോണ്സര് ചെയ്യാന്‍ അമേരിക്കന്‍ തൊഴിലുടമകളെ സഹായിക്കുന്ന സംവിധാനമാണ് പെര്‍മനന്റ് ലേബര്‍ സര്ട്ടിഫിക്കേഷന് പ്രോഗ്രാം. എച്ച്1ബി വിസ ഉള്‍പ്പെടെയുള്ള വിസകളിലൂടെ വിദേശ വിദഗ്ധരെ നിയമിക്കുന്നതില്‍ സാങ്കേതികവിദ്യാ കമ്പനികള്‍ക്ക് വലിയ പങ്കുണ്ട്. വിദേശ ജീവനക്കാര്‍ക്ക് സ്ഥിരതാമസ പദവി നേടുന്നതിനുള്ള നടപടികളില്‍ മൈക്രോസോഫ്റ്റ് ദീര്‍ഘകാലമായി പിന്തുണ നല്‍കുന്നുണ്ട്.
സര്‍വകലാശാലകളിലെ വിസാ ഉടമകള്‍ക്കെതിരെയും അന്വേഷണം
വിദേശ വിദ്യാര്‍ഥികളെയും ഗവേഷകരെയും സംബന്ധിച്ച വിസാ സംവിധാനങ്ങളും ഭരണകൂടത്തിന്റെ പരിശോധനയിലാണ്. ഹാര്‍വാര്‍ഡ്, സ്റ്റാന്‍ഫോര്‍ഡ്, എംഐടി തുടങ്ങിയ പ്രമുഖ സര്‍വകലാശാലകളിലെ ജെ1 വിസാ ഉടമകളെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. സര്‍വകലാശാലകളില്‍ ഗവേഷകരും സന്ദര്‍ശക പണ്ഡിതരും ഉള്‍പ്പെടെയുള്ളവര്‍ ജെ1 വിസ ഉപയോഗിക്കാറുണ്ട്.
അതേസമയം, അമേരിക്കയില്‍ നിക്ഷേപവും സാങ്കേതികവിദ്യാ വികസനവും പ്രോത്സാഹിപ്പിക്കുന്ന ഭരണകൂടത്തിന്റെ നിലപാടിനൊപ്പം വിദേശ തൊഴിലാളികള്‍ക്കുമേലുള്ള നിയന്ത്രണങ്ങള്‍ ശക്തമാകുന്നത് ഐടി മേഖലയ്ക്ക് വെല്ലുവിളിയാകുകയാണ്. തൊഴില്‍ ലഭ്യതയെയും കമ്പനികളുടെ വളര്‍ച്ചയെയും ഇത്തരം നിയന്ത്രണങ്ങള്‍ ബാധിക്കാമെന്ന് വ്യവസായ സംഘടനകള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
മൈക്രോസോഫ്റ്റ് മേധാവി സത്യ നാദെല്ലയ്ക്ക് ദേശീയ ശാസ്ത്ര പുരസ്കാരം നല്‍കാനിരിക്കെയാണ് കമ്പനിക്കെതിരെ വാന്‍സ് പരസ്യ വിമര്‍ശനം ഉന്നയിച്ചത്. അമേരിക്കന്‍ കമ്പനികള്‍ വളരണമെന്നും അതോടൊപ്പം അമേരിക്കന്‍ തൊഴിലാളികള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കണമെന്നും ഭരണകൂടം ആഗ്രഹിക്കുന്നുവെന്നാണ് വാന്‍സിന്റെ വിശദീകരണം.
അമേരിക്കന്‍ തൊഴില്‍ വിസാ പദ്ധതിയില്‍ അനിശ്ചിതകാല വിലക്ക്; മൈക്രോസോഫ്റ്റും ഇന്ത്യന്‍ ഐടി കമ്പനികളും നിരീക്ഷണത്തില്‍
