ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ ബ്രോങ്ക്സില്‍ ഫെഡറല്‍ കുടിയേറ്റ ഏജന്‍സിയായ ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ് (ഐ സി ഇ) ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട വെടിവെപ്പിനെത്തുടര്‍ന്ന് നഗരത്തില്‍ പ്രതിഷേധം ശക്തമായി. നഗരത്തിലെ ഐ സി ഇയുടെ എല്ലാ നടപടികളും നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെട്ട് യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ സമീപിക്കുമെന്ന് ന്യൂയോര്‍ക്ക് മേയര്‍ സൊഹ്റാന്‍ മംദാനി അറിയിച്ചു.
ന്യൂയോര്‍ക്ക് പൊലീസ് ഡിപ്പാര്‍ട്ട്മെന്റിന്റെ (എന്‍ വൈ പി ഡി) വിവരമനുസരിച്ച് മാര്‍ബിള്‍ ഹില്‍ പ്രദേശത്ത് ഫെഡറല്‍ ഉദ്യോഗസ്ഥരുമായുണ്ടായ തര്‍ക്കത്തിനിടെ ഒരാള്‍ക്ക് വെടിയേല്‍ക്കുകയായിരുന്നു. ഐ സി ഇയുടെ നടപടിക്കിടെയാണ് സംഭവം നടന്നതെന്ന് മംദാനിയും ആഭ്യന്തര സുരക്ഷാ വകുപ്പും (ഡി എച്ച് എസ്) പിന്നീട് സ്ഥിരീകരിച്ചു.
ട്രംപ് ഭരണകൂടത്തിന്റെ രാജ്യവ്യാപക കുടിയേറ്റ നിയന്ത്രണ നടപടികള്‍ക്ക് നേതൃത്വം നല്‍കുന്ന ഏജന്‍സിയാണ് ഐ സി ഇ. ഡൊമിനിക്കന്‍ റിപ്പബ്ലിക്കില്‍ നിന്നുള്ള, നിയമവിരുദ്ധമായി രാജ്യത്ത് കഴിയുന്ന ക്രിമിനല്‍ പശ്ചാത്തലമുള്ള വ്യക്തിയെ അറസ്റ്റ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയാണ് വെടിവെപ്പുണ്ടായതെന്ന് ഡി എച്ച് എസ് വക്താവ് പറഞ്ഞു. മോഷണവുമായി ബന്ധപ്പെട്ട ഗുരുതര കുറ്റത്തിന് ഇയാള്‍ മുമ്പ് ശിക്ഷിക്കപ്പെട്ടിട്ടുണ്ടെന്നും ആക്രമണം, കവര്‍ച്ച, മയക്കുമരുന്ന് കൈവശംവെക്കല്‍, ആയുധം കൈവശംവെക്കല്‍ തുടങ്ങിയ കേസുകളില്‍ നേരത്തെയും അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും വക്താവ് അവകാശപ്പെട്ടു.
എന്നാല്‍, എത്ര ഉദ്യോഗസ്ഥരാണ് വെടിയുതിര്‍ത്തതെന്നോ വെടിവെപ്പിലേക്ക് നയിച്ച സാഹചര്യം എന്താണെന്നോ വകുപ്പ് വ്യക്തമാക്കിയിട്ടില്ല. വെടിയേറ്റ വ്യക്തിക്ക് ഐ സി ഇ ഉദ്യോഗസ്ഥര്‍ ഉടന്‍ പ്രാഥമിക സഹായം നല്‍കിയെന്നും ഇയാള്‍ ജീവനോടെയുണ്ടെന്നും സമീപത്തെ ആശുപത്രിയില്‍ ചികിത്സയിലാണെന്നും വക്താവ് അറിയിച്ചു.
വെടിയേറ്റ വ്യക്തിക്ക് ഡൊമിനിക്കന്‍ സംഘവുമായി ബന്ധമുണ്ടെന്ന് ആദ്യം ഡി എച്ച് എസ് ആരോപിച്ചിരുന്നു. എന്നാല്‍ പിന്നീട് പുറത്തിറക്കിയ പുതുക്കിയ പ്രസ്താവനയില്‍ ഈ ആരോപണം ഒഴിവാക്കി. ഏറ്റുമുട്ടല്‍ നടക്കുമ്പോള്‍ വാഹനത്തിനുള്ളില്‍ അഞ്ചുവയസ്സുകാരന്‍ ഉണ്ടായിരുന്നുവെന്ന് മംദാനി വെളിപ്പെടുത്തി. സംഭവം നടന്ന സാഹചര്യത്തെക്കുറിച്ചുള്ള ആശങ്കകള്‍ ഇതോടെ വര്‍ധിച്ചു.
ഒരിക്കലും അംഗീകരിക്കാനാവാത്തതും അതീവ ഗൗരവമുള്ളതുമായ സംഭവമാണെന്നും മംദാനി എക്സ് പ്ലാറ്റ്ഫോമില്‍ കുറിച്ചു. വിഷയത്തില്‍ ട്രംപുമായി ഫോണില്‍ സംസാരിച്ചതായും അദ്ദേഹം വ്യക്തമാക്കി.
വെടിവെപ്പിനെത്തുടര്‍ന്ന് നൂറുകണക്കിന് ആളുകള്‍ സംഭവസ്ഥലത്തിന് സമീപം സമാധാനപരമായി പ്രതിഷേധിച്ചതായി എ എഫ് പി റിപ്പോര്‍ട്ട് ചെയ്തു. ട്രംപ് ഭരണകൂടത്തിന്റെ കുടിയേറ്റ നിയന്ത്രണ നടപടികള്‍ക്കെതിരെയായിരുന്നു പ്രതിഷേധം.
പിന്നീട് പ്രതിഷേധക്കാരില്‍ പലരും പരിക്കേറ്റ വ്യക്തിയെ പ്രവേശിപ്പിച്ചിരുന്ന സമീപത്തെ ആശുപത്രിയിലേക്ക് നീങ്ങി. ആശുപത്രി പരിസരത്തുനിന്ന് വാഹനങ്ങള്‍ പുറത്തുപോകുന്നത് തടയാന്‍ ചില പ്രതിഷേധക്കാര്‍ ശ്രമിച്ചതോടെ സംഘര്‍ഷാവസ്ഥ ഉടലെടുത്തു. തുടര്‍ന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ പ്രതിഷേധക്കാരെ പ്രവേശന കവാടത്തില്‍നിന്ന് മാറ്റുകയും സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ ബാരിക്കേഡുകള്‍ സ്ഥാപിക്കുകയും ചെയ്തു.
സംഭവത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് ന്യൂയോര്‍ക്ക് ഗവര്‍ണര്‍ കാത്തി ഹോക്കുളും രംഗത്തെത്തി. സംഭവത്തിന്റെ സാഹചര്യങ്ങളെക്കുറിച്ച് ഫെഡറല്‍ അധികൃതര്‍ പൂര്‍ണവും സുതാര്യവുമായ വിശദീകരണം നല്‍കണമെന്ന് എക്സിലൂടെ അവര്‍ ആവശ്യപ്പെട്ടു.
ന്യൂയോര്‍ക്ക് ഇമിഗ്രേഷന്‍ കോയലിഷന്‍ പ്രസിഡന്റ് മുറാദ് അവാവ്‌ദെയും വെടിവെപ്പിനെ അപലപിക്കുകയും ഫെഡറല്‍ ഉദ്യോഗസ്ഥരുടെ നടപടികളെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
സമൂഹത്തില്‍ ഐ സി ഇ അഴിച്ചുവിടുന്ന നിയന്ത്രണമില്ലാത്ത വ്യാപകമായ അക്രമത്തിന്റെ മറ്റൊരു ഉദാഹരണമാണിതെന്ന് അവാവ്‌ദെ പറഞ്ഞു. വെടിവെപ്പില്‍ അടിയന്തര അന്വേഷണം നടത്തുക, ഉദ്യോഗസ്ഥരുടെ ബോഡി ക്യാമറ ദൃശ്യങ്ങള്‍ പുറത്തുവിടുക, അമിതമായ ബലപ്രയോഗം നടത്തിയ ഐ സി ഇ ഉദ്യോഗസ്ഥരെ ഉത്തരവാദികളാക്കുക എന്നിവയാണ് തങ്ങളുടെ ആവശ്യങ്ങളെന്നും അദ്ദേഹം വ്യക്തമാക്കി.
