നിദാല്‍ ഹസന്റെ വധശിക്ഷ തത്സമയം സംപ്രേഷണം ചെയ്യും; 1961നുശേഷം ആദ്യ സൈനിക വധശിക്ഷയ്ക്ക് യുഎസ്

നിദാല്‍ ഹസന്റെ വധശിക്ഷ തത്സമയം സംപ്രേഷണം ചെയ്യും; 1961നുശേഷം ആദ്യ സൈനിക വധശിക്ഷയ്ക്ക് യുഎസ്


വാഷിങ്ടണ്‍: 2009ല്‍ ഫോര്‍ട്ട് ഹുഡ് സൈനിക താവളത്തിലുണ്ടായ വെടിവെപ്പില്‍ 13 പേരെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മുന്‍ യുഎസ് സൈനിക ഡോക്ടര്‍ നിദാല്‍ ഹസന്റെ വധശിക്ഷ തത്സമയം സംപ്രേഷണം ചെയ്യുമെന്ന് പെന്റഗണ്‍ ഉദ്യോഗസ്ഥന്‍. വെടിവെച്ചുകൊല്ലുന്ന രീതിയിലുള്ള ശിക്ഷ പരസ്യമായി നടപ്പാക്കുമെന്ന പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തിന്റെ പ്രസ്താവനയ്ക്കു പിന്നാലെയാണ് ഇക്കാര്യം അറിയിച്ചത്. ഡിസംബര്‍ മൂന്നിനാണ് വധശിക്ഷ നിശ്ചയിച്ചിരിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ശിക്ഷ നടപ്പാക്കുന്നതിന്റെ വിശദാംശങ്ങള്‍ പിന്നീട് അറിയിക്കുമെന്ന് പേര് വെളിപ്പെടുത്താത്ത പെന്റഗണ്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞതായി എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. അമേരിക്കന്‍ സൈന്യം 1961നുശേഷം നടപ്പാക്കുന്ന ആദ്യ വധശിക്ഷയായിരിക്കും ഇതെന്നാണ് റിപ്പോര്‍ട്ട്. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം സൈനികനെ വെടിവെച്ചുകൊല്ലുന്ന ആദ്യ സംഭവമായിരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

'ശിക്ഷയുടെ ഗൗരവം ജനങ്ങള്‍ മനസ്സിലാക്കണം'

ഔദ്യോഗിക പെന്റഗണ്‍ അക്കൗണ്ടുകള്‍ എക്‌സില്‍ പങ്കുവെച്ച വീഡിയോയിലാണ് ഹെഗ്‌സെത്ത് വധശിക്ഷ പരസ്യമായി നടപ്പാക്കുമെന്ന സൂചന നല്‍കിയത്. സൈനികരുടെ ഫയറിങ് സ്‌ക്വാഡ് ഉപയോഗിച്ചായിരിക്കും ശിക്ഷ നടപ്പാക്കുകയെന്നും ജനങ്ങള്‍ക്ക് അത് കാണാന്‍ അവസരമൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു.

യുഎസ്എസ് എബ്രഹാം ലിങ്കണ്‍ വിമാനവാഹിനിക്കപ്പലില്‍ വലതുപക്ഷ സ്വാധീനമുള്ള മാധ്യമപ്രവര്‍ത്തകന്‍ ജാക്ക് പോസോബിയക്കുമായി നടത്തിയ സംഭാഷണത്തിനിടെയായിരുന്നു ഹെഗ്‌സെത്തിന്റെ പരാമര്‍ശം. ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടെന്ന് ജനങ്ങള്‍ മനസ്സിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഹസന് അവസാനമായി എന്തെങ്കിലും ആവശ്യപ്പെടാന്‍ അവസരം നല്‍കിയിട്ടുണ്ടോയെന്ന ചോദ്യത്തിന് ഹെഗ്‌സെത്ത് നല്‍കിയ മറുപടിയും വിവാദമായിട്ടുണ്ട്. വധശിക്ഷയുടെ തീയതി പരാമര്‍ശിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

2009ലെ ഫോര്‍ട്ട് ഹുഡ് കൂട്ടക്കൊല

അമേരിക്കന്‍ സൈന്യത്തിലെ മുന്‍ സൈക്യാട്രിസ്റ്റായ നിദാല്‍ ഹസന്‍ 2009 നവംബര്‍ അഞ്ചിന് ടെക്‌സസിലെ ഫോര്‍ട്ട് ഹുഡ് സൈനിക താവളത്തിലുണ്ടായ വെടിവെപ്പില്‍ 12 സൈനികരെയും ഒരു സാധാരണക്കാരനെയും കൊലപ്പെടുത്തി. സംഭവത്തില്‍ 30 പേര്‍ക്ക് പരിക്കേറ്റു. സ്ഥലത്തെത്തിയ ഒരു സിവിലിയന്‍ പൊലീസ് ഉദ്യോഗസ്ഥന്റെ വെടിയേറ്റ ഹസന്‍ ഭാഗികമായി തളര്‍ന്ന നിലയിലായി.

2013ല്‍ സൈനിക കോടതി ഹസന് വധശിക്ഷ വിധിച്ചു. വിചാരണയില്‍ അദ്ദേഹം അഭിഭാഷകരെ നിയമിക്കാതെ സ്വയം വാദിച്ചു. സാക്ഷികളെ ഹാജരാക്കുകയോ കുറ്റാരോപണങ്ങള്‍ നിഷേധിക്കുകയോ ചെയ്തില്ല. ഹസന്‍ മനഃപൂര്‍വം വധശിക്ഷ ലഭിക്കുന്ന സാഹചര്യം സൃഷ്ടിക്കുകയാണെന്ന ആശങ്ക പ്രതിഭാഗം അഭിഭാഷകര്‍ നേരത്തേ പ്രകടിപ്പിച്ചിരുന്നു.

ഇറാഖിലെയും അഫ്ഗാനിസ്ഥാനിലെയും അമേരിക്കന്‍ സൈനിക ഇടപെടലുകളെ ഹസന്‍ എതിര്‍ത്തിരുന്നതായി വിചാരണയില്‍ തെളിവുകള്‍ ഹാജരാക്കി. അല്‍ഖാഇദയുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെട്ടിരുന്ന തീവ്രപ്രഭാഷകന്‍ അന്‍വര്‍ അല്‍ അവ്‌ലാക്കിയുമായി ഓണ്‍ലൈനിലൂടെ ആശയവിനിമയം നടത്തിയിരുന്നതായും കോടതി രേഖകള്‍ വ്യക്തമാക്കുന്നു. പിന്നീട് യെമനില്‍ യുഎസ് ഡ്രോണ്‍ ആക്രമണത്തിലാണ് അവ്‌ലാക്കി കൊല്ലപ്പെട്ടത്.

രണ്ടാം ലോകമഹായുദ്ധത്തിനുശേഷമുള്ള ആദ്യ ഫയറിങ് സ്‌ക്വാഡ് വധശിക്ഷ

രണ്ടാം ലോകമഹായുദ്ധകാലത്ത് സൈനിക സേവനത്തില്‍നിന്ന് ഒളിച്ചോടിയ കുറ്റത്തിന് 1945ല്‍ സൈനികനായ എഡ്ഡി സ്ലോവിക്കിനെ വെടിവെച്ചുകൊന്നിരുന്നു. അതിനുശേഷം അമേരിക്കന്‍ സൈന്യത്തില്‍ ഫയറിങ് സ്‌ക്വാഡ് വഴി വധശിക്ഷ നടപ്പാക്കിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.

1961ല്‍ ജോണ്‍ ബെന്നറ്റിനെ ബലാത്സംഗം, വധശ്രമം എന്നീ കുറ്റങ്ങളില്‍ ശിക്ഷിച്ച് തൂക്കിലേറ്റിയതാണ് അമേരിക്കന്‍ സൈന്യത്തിലെ അവസാന വധശിക്ഷയായി കണക്കാക്കപ്പെടുന്നത്. 1916നുശേഷം അമേരിക്കന്‍ സൈന്യം 135 പേരെ വധിച്ചതായി ഡെത്ത് പെനാല്‍റ്റി ഇന്‍ഫര്‍മേഷന്‍ സെന്റര്‍ വ്യക്തമാക്കുന്നു.

വധശിക്ഷയെച്ചൊല്ലി അന്താരാഷ്ട്ര ചര്‍ച്ച

വധശിക്ഷയുടെ ഉപയോഗത്തെക്കുറിച്ചുള്ള ആഗോള ചര്‍ച്ചകള്‍ ശക്തമാകുന്നതിനിടെയാണ് ഹസന്റെ വധശിക്ഷാ നടപടികള്‍. ആംനസ്റ്റി ഇന്റര്‍നാഷണലിന്റെ കണക്കനുസരിച്ച് 2025ല്‍ പൊതുസ്ഥലങ്ങളില്‍ നടന്നതായി സ്ഥിരീകരിക്കപ്പെട്ട കുറഞ്ഞത് 17 വധശിക്ഷാ സംഭവങ്ങളുണ്ടായിരുന്നു. ഇതില്‍ ആറെണ്ണം അഫ്ഗാനിസ്ഥാനിലും 11 എണ്ണം ഇറാനിലുമായിരുന്നു.

അമേരിക്കയിലെ സൈനിക താവളങ്ങളില്‍ വെടിവെപ്പ് സംഭവങ്ങള്‍ അപൂര്‍വമാണെങ്കിലും മുന്‍കാലങ്ങളിലും സമാന ആക്രമണങ്ങള്‍ നടന്നിട്ടുണ്ട്. 2025ല്‍ ജോര്‍ജിയയിലെ സൈനിക താവളത്തില്‍ ഒരു സൈനികന്‍ നടത്തിയ വെടിവെപ്പില്‍ അഞ്ച് സഹപ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. 2019ല്‍ ഹവായിയിലെ സൈനിക താവളത്തില്‍ നാവികസേനാംഗം രണ്ടുപേരെ കൊലപ്പെടുത്തി. അതേ വര്‍ഷം ഫ്‌ളോറിഡയിലെ സൈനിക കേന്ദ്രത്തില്‍ സൗദി സൈനിക വിദ്യാര്‍ഥി നടത്തിയ വെടിവെപ്പില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടു.

ഹസന്റെ വധശിക്ഷ നടപ്പാക്കുന്നതും അത് തത്സമയം സംപ്രേഷണം ചെയ്യുന്നതും അമേരിക്കയിലെ വധശിക്ഷാ നടപടികളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് വീണ്ടും വഴിതുറക്കുമെന്നാണ് വിലയിരുത്തല്‍.