പഹല്‍ഗാം ആക്രമണം നടത്തിയ ഭീകരരെ സൈന്യം വധിച്ചു; പാക് അധീന കശ്മീര്‍ കോണ്‍ഗ്രസിന്റെ തെറ്റ്: അമിത് ഷാ

പഹല്‍ഗാം ആക്രമണം നടത്തിയ ഭീകരരെ സൈന്യം വധിച്ചു; പാക് അധീന കശ്മീര്‍ കോണ്‍ഗ്രസിന്റെ തെറ്റ്: അമിത് ഷാ


ന്യൂഡല്‍ഹി : പഹല്‍ഗാമില്‍ നിഷ്‌കളങ്കരായ സാധാരണക്കാരെ കൊലപ്പെടുത്തിയ സംഭവത്തിലുള്‍പ്പെട്ട മൂന്ന് ഭീകരരെ വധിച്ചെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ജമ്മു കശ്മീരില്‍ സൈന്യവും സിആര്‍പിഎഫും ജമ്മു കശ്മീര്‍ പൊലീസും ചേര്‍ന്ന് നടത്തിയ, ഓപ്പറേഷന്‍ മഹാദേവ് എന്ന പേരില്‍ നടത്തിയ ഓപ്പറേഷനിലാണ് ഭീകരരെ കൊലപ്പെടുത്തിയതെന്നും അമിത് ഷാ പാര്‍ലമെന്റില്‍ അറിയിച്ചു. ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട് ലോക്‌സഭയില്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അമിത് ഷാ. 

പഹല്‍ഗാം ഭീകരാക്രമണം ഉണ്ടായ അതേ ദിവസമാണ് ഓപ്പറേഷന്‍ മഹാദേവ് ആരംഭിച്ചത്. എ ഗ്രേഡ് ഭീകരരായ സുലൈമാന്‍ എന്ന ആസിഫ്, ജിബ്രാന്‍, ഹംസ അഫ്ഗാനി എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് അമിത് ഷാ അറിയിച്ചു. പഹല്‍ഗാം ഭീകരാക്രമണവുമായി നേരിട്ട് ബന്ധമുള്ളവരാണ് ഈ മൂന്നു ഭീകരരുമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി വ്യക്തമാക്കി. പഹല്‍ഗാം ഭീകരവാദികളെ വധിച്ചെന്ന് കേള്‍ക്കുമ്പോള്‍ പ്രതിപക്ഷത്തിന് സന്തോഷമാകുമെന്നാണ് താന്‍ കരുതിയത്. എന്നാല്‍ പ്രതിപക്ഷത്തിന് ദുഃഖമാണെന്നും അമിത് ഷാ വിമര്‍ശിച്ചു.

പാകിസ്ഥാനില്‍ നിന്നുള്ള ഭക്ഷണ സാധനങ്ങള്‍ ഇവരുടെ പക്കലുണ്ടായിരുന്നു. പഹല്‍ഗാം ആക്രമണത്തിനു ശേഷം രക്ഷപ്പെട്ട ഇവര്‍ പല ഗ്രാമങ്ങളിലും അഭയം തേടുകയായിരുന്നു. ഭീകരരുടെ കൈയ്യില്‍ നിന്നും പഹല്‍ഗാമില്‍ ഉപയോഗിച്ച ആയുധങ്ങള്‍ പിടിച്ചെടുത്തു. ഭീകരരെ മാത്രമല്ല അവരെ അയച്ചവരെയും കൊലപ്പെടുത്തി. ഭീകരരെ സഹായിച്ചവര്‍ നേരത്തെ എന്‍ഐഎയുടെ പിടിയിലായിരുന്നു. ഇവര്‍ ഭീകരരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അമിത് ഷാ പറഞ്ഞു.

പാക് അധീന കശ്മീര്‍ ഇന്ത്യയുടേതാണ്. കോണ്‍ഗ്രസിന്റെ മണ്ടത്തരമാണ് പാക് അധീന കശ്മീര്‍ ഇന്ത്യയ്ക്ക് നഷ്ടമാകാന്‍ കാരണം. കശ്മീര്‍ പ്രശ്‌നം കൈകാര്യം ചെയ്ത രീതി, 1960 ലെ സിന്ധു ജല കരാര്‍, 1971 ലെ സിംല കരാര്‍ എന്നിവ കൈകാര്യം ചെയ്തതില്‍ അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ തീരുമാനങ്ങളാണ് തിരിച്ചടിയായത്. ഇന്ത്യയുടെ ദേശീയ താല്‍പ്പര്യങ്ങളില്‍ കോണ്‍ഗ്രസ് വിട്ടുവീഴ്ച ചെയ്തു. പാക് അധീന കശ്മീര്‍ തിരിച്ചുപിടിക്കുന്നതില്‍ പരാജയപ്പെട്ടുവെന്നും അമിത് ഷാ ആരോപിച്ചു.

എല്ലാ ഭീകരതയുടെയും മൂലകാരണം പാകിസ്ഥാനാണ്. കോണ്‍ഗ്രസിന്റെ തെറ്റാണ് പാകിസ്ഥാന്‍. കോണ്‍?ഗ്രസ് വിഭജനം അംഗീകരിച്ചില്ലായിരുന്നെങ്കില്‍ പാകിസ്ഥാന്‍ ഉണ്ടാകുമായിരുന്നില്ല. 2002ല്‍ അടല്‍ ബിഹാരി വാജ്‌പേയ് സര്‍ക്കാര്‍ ഭീകരത അവസാനിപ്പിക്കാന്‍ ഭീകരവാദ നിരോധന നിയമം കൊണ്ടുവന്നു. എന്നാല്‍ കോണ്‍ഗ്രസ് അതിനെ എതിര്‍ത്തു. രാജ്യസഭയില്‍ എന്‍ഡിഎയ്ക്ക് ഭൂരിപക്ഷമില്ലായിരുന്നു. ആ നിയമം പാസാക്കാന്‍ കഴിഞ്ഞില്ല. പിന്നീട്, സംയുക്ത സമ്മേളനത്തിലാണ് അത് പാസാക്കിയത്. പോട്ട തീവ്രവാദികള്‍ക്കെതിരായിരുന്നു. വോട്ട് ബാങ്കിനുവേണ്ടി കോണ്‍?ഗ്രസ് തീവ്രവാദികളെ രക്ഷിക്കാന്‍ ശ്രമിച്ചു. പിന്നീട് വന്ന മന്‍മോഹന്‍ സിങ് സര്‍ക്കാര്‍ പോട്ട റദ്ദാക്കി.ഇത് ആരുടെ നേട്ടത്തിനു വേണ്ടിയായിരുന്നു? അമിത് ഷാ ചോദിച്ചു. 

പാക് അധീന കശ്മീരിലെ ഭീകരകേന്ദ്രങ്ങള്‍ ഇന്ത്യ തകര്‍ത്തു. ഭീകരരുടെ മതം നോക്കി ദുഃഖിക്കരുതെന്നും അമിത് ഷാ ലോക്‌സഭയില്‍ പ്രതിപക്ഷത്തോട് പറഞ്ഞു. അമിത് ഷായുടെ പ്രസംഗത്തിനിടെ ഇടപെട്ട അഖിലേഷ് യാദവിനോട് അമിത് ഷാ ക്ഷോഭിച്ചു. താങ്കള്‍ക്ക് പാക്കിസ്ഥാനുമായി ബന്ധമുണ്ടോ എന്നായിരുന്നു അമിത് ഷായുടെ ചോദ്യം. പഹല്‍ഗാം ആക്രമണത്തിന് പിന്നാലെ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചിരുന്നു. വിവാഹം കഴിഞ്ഞ് വെറും ആറുദിവസത്തിനിപ്പുറം വിധവയായ യുവതിയെ കണ്ടു. ആ രംഗം തനിക്ക് ഒരിക്കലും മറക്കാന്‍ കഴിയില്ല. കിരാതമായ ആ നടപടിയെ അപലപിക്കുന്നുവെന്നും അമിത് ഷാ പറഞ്ഞു.