നീറ്റ് റദ്ദാക്കാനുള്ള പ്രമേയം ബംഗാള്‍ നിയമസഭ പാസാക്കി

നീറ്റ് റദ്ദാക്കാനുള്ള പ്രമേയം ബംഗാള്‍ നിയമസഭ പാസാക്കി


കൊല്‍ക്കത്ത: നീറ്റ് ഒഴിവാക്കി പകരം മെഡിക്കല്‍ പരീക്ഷാര്‍ഥികള്‍ക്ക് പുതിയ പ്രവേശന പരീക്ഷ കൊണ്ടുവരാന്‍ പശ്ചിമ ബംഗാള്‍ നിയമസഭ പ്രമേയം പാസാക്കി. നീറ്റിനെതിരെ നിയമസഭയില്‍ പ്രമേയം കൊണ്ടുവരാന്‍ കര്‍ണാടക മന്ത്രിസഭ അനുമതി നല്‍കിയതിന് തൊട്ടുപിന്നാലെയാണ് നീക്കങ്ങള്‍.

സംസ്ഥാന പാര്‍ലമെന്ററി കാര്യ മന്ത്രി സോവന്ദേബ് ചതോപാധ്യായ അവതരിപ്പിച്ച പശ്ചിമ ബംഗാളിന്റെ പ്രമേയം നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയെ (എന്‍ടിഎ) കുറ്റപ്പെടുത്തി. മെഡിക്കല്‍ സയന്‍സില്‍ താത്പര്യമുള്ള വിദ്യാര്‍ഥികള്‍ക്ക് സൗജന്യവും നീതിയുക്തവുമായ പ്രവേശന പരീക്ഷ നടത്താന്‍ എന്‍ ടി എയ്ക്ക് കഴിയില്ലെന്ന് ആരോപിച്ചു.

സംസ്ഥാനത്ത് സംയുക്ത പ്രവേശന പരീക്ഷകള്‍ നടത്തുന്നത് പുനരാരംഭിക്കണമെന്ന് പശ്ചിമ ബംഗാള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

പ്രമേയത്തെ അനുകൂലിച്ച് സംസാരിച്ച സംസ്ഥാന വിദ്യാഭ്യാസ മന്ത്രി ബ്രത്യ ബസു പറഞ്ഞു, '30-40 ലക്ഷം രൂപയ്ക്ക് ചോദ്യപേപ്പറുകള്‍ ചോര്‍ന്നതായി മാധ്യമങ്ങളില്‍ നിന്നാണ് താന്‍ അറിഞ്ഞതെന്നും രാജ്യത്തെ 24 ലക്ഷം കുട്ടികളുടെ ഭാവി നശിപ്പിക്കപ്പെടുന്നുവെന്നും ഇത് ഉപേക്ഷിച്ചാല്‍  തങ്ങള്‍ക്ക് സുതാര്യമായ രീതിയില്‍ പരീക്ഷ നടത്താമെന്നും അദ്ദേഹം പറഞ്ഞു.

നീറ്റ് ഫലം പ്രഖ്യാപിക്കാനുള്ള തിയ്യതി ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച ജൂണ്‍ നാലിലേക്ക് പുനഃക്രമീകരിച്ചതായി ബസു പറഞ്ഞു.

'ഇത് മറ്റെന്തെങ്കിലും മറയ്ക്കാന്‍ മുന്‍കൈയെടുത്തതാണെന്ന് താന്‍ വിശ്വസിക്കുന്നതായും നീറ്റ് അഴിമതി മഞ്ഞുമലയുടെ അഗ്രം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

നീറ്റ് 'തട്ടിപ്പ്' രണ്ട് ഘട്ടങ്ങളാണെന്ന് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. 'ഒന്ന് ഗ്രേസ് മാര്‍ക്ക്, മറ്റൊന്ന് നമ്പര്‍ തട്ടിപ്പ്. ഈ വര്‍ഷം നീറ്റ് പരീക്ഷയില്‍ ഒന്നാമതെത്തിയ 67 പേരാണ് 720 കരസ്ഥമാക്കിയത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഇത് രണ്ടോ മൂന്നോ എണ്ണം മാത്രമായിരുന്നു. ആര്‍ക്ക് എത്ര ഗ്രേസ് മാര്‍ക്ക് നല്‍കിയെന്ന് വ്യക്തമല്ല. തൃണമൂല്‍ കോണ്‍ഗ്രസ് നീറ്റിന് എതിരാണെന്നും അദ്ദേഹം പറഞ്ഞു.