റോഡുകള്‍ പ്രിയങ്കാ ഗാന്ധിയുടെ കവിളുകള്‍ പോലെയാക്കുമെന്ന ബി ജെ പി സ്ഥാനാര്‍ഥിയുടെ പ്രസ്താവന വിവാദമായി

റോഡുകള്‍ പ്രിയങ്കാ ഗാന്ധിയുടെ കവിളുകള്‍ പോലെയാക്കുമെന്ന ബി ജെ പി സ്ഥാനാര്‍ഥിയുടെ പ്രസ്താവന വിവാദമായി


ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ തന്റെ മണ്ഡലത്തിലെ റോഡുകള്‍ പ്രിയങ്ക ഗാന്ധിയുടെ കവിള്‍ പോലെയാക്കുമെന്ന ബി ജെ പി സ്ഥാനാര്‍ഥിയുടെ വാഗ്ദാനം വിവാദമായി. ഇതെത്തുടര്‍ന്ന് ന്യായീകരിക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ട സ്ഥാനാര്‍ഥി രമേഷ് ബിധുരി തന്റെ വാക്കുകള്‍ പിന്‍വലിക്കുകയാണെന്നു പ്രഖ്യാപിച്ചു.

ഡല്‍ഹിയിലെ കല്‍ക്കാജി നിയമസഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥിയാണ് ബിധുരി. ബിഹാറിലെ റോഡുകള്‍ ഹേമ മാലിനിയുടെ കവിളുകള്‍ പോലെയാക്കുമെന്ന് ലാലു പ്രസാദ് യാദവ് മുന്‍പ് പ്രഖ്യാപിച്ചതിനെ അനുസ്മരിച്ചതാണ് താനീ പ്രസ്താവന നടത്തിയതെന്നായിരുന്നു അദ്ദേഹത്തിന്റെ ആദ്യ വിശദീകരണം.

സ്ത്രീകളെ അപമാനിക്കുന്നു എന്നാണെങ്കില്‍ സാധാരണ കുടുംബത്തില്‍ നിന്നു വന്നതുകൊണ്ടും ദക്ഷിണേന്ത്യക്കാരിയ ആയതുകൊണ്ടും ഹേമ മാലിനി സ്ത്രീയല്ലേ എന്നും അദ്ദേഹം ചോദിച്ചു. അറിയപ്പെടുന്ന കുടുംബത്തില്‍ നിന്നു വരുന്നതു കൊണ്ട് പ്രിയങ്ക ഗാന്ധിയെ മാത്രമേ സ്ത്രീയായി കാണാന്‍ കഴിയുകയുള്ളുവോ എന്നു ചോദിച്ച ബിധുരി കോണ്‍ഗ്രസ് ആദ്യം അവരുടെ തെറ്റ് തിരുത്തണമെന്നും ആവശ്യപ്പെട്ടു.

എന്നാല്‍ പല ഭാഗങ്ങളില്‍ നിന്നായി വിമര്‍ശനം കടുത്തതോടെ പരാമര്‍ശം പിന്‍വലിക്കാന്‍ രമേഷ് ബിധുരി നിര്‍ബന്ധിതനാകുകയായിരുന്നു.