കോൺഗ്രസ് സ്ഥാനാർഥിയുടെ നാമനിർദേശപത്രം തള്ളി; മധ്യപ്രദേശിലെ മൂന്ന് രാജ്യസഭാ സീറ്റുകളും എതിരില്ലാതെ ബിജെപിക്ക്

കോൺഗ്രസ് സ്ഥാനാർഥിയുടെ നാമനിർദേശപത്രം തള്ളി; മധ്യപ്രദേശിലെ മൂന്ന് രാജ്യസഭാ സീറ്റുകളും എതിരില്ലാതെ ബിജെപിക്ക്


ഭോപ്പാൽ: മധ്യപ്രദേശിലെ മൂന്ന് രാജ്യസഭാ സീറ്റുകളിലും ബിജെപി സ്ഥാനാർഥികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. കോൺഗ്രസ് സ്ഥാനാർഥി മീനാക്ഷി നടരാജന്റെ നാമനിർദേശപത്രം തള്ളിയതോടെയാണ് ബിജെപിക്ക് അനായാസ വിജയം ലഭിച്ചത്.

ബിജെപി സ്ഥാനാർഥികളായ രജ്‌നീഷ് അഗർവാൾ, തരുൺ ചുഗ്, മഹേഷ് കേവത് എന്നിവർക്ക് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ വിജയ സർട്ടിഫിക്കറ്റ് കൈമാറി. നാമനിർദേശ പത്രിക പിൻവലിക്കാനുള്ള സമയപരിധി അവസാനിച്ചപ്പോഴേക്കും മത്സരരംഗത്ത് മറ്റാരും ഉണ്ടായിരുന്നില്ല.

 ഹൈദരാബാദ് കോടതിയിൽ നിലനിൽക്കുന്ന ഒരു കേസിന്റെ വിവരങ്ങൾ തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ മീനാക്ഷി നടരാജൻ വെളിപ്പെടുത്തിയില്ലെന്ന ആരോപണത്തെ തുടർന്നാണ് ബിജെപി എതിർപ്പ് ഉന്നയിച്ചത്. പരാതിയെ തുടർന്നു പരിശോധിച്ച തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ നാമനിർദേശപത്രം അപൂർണവും ആവശ്യമായ വിവരങ്ങൾ മറച്ചുവെച്ചതുമാണെന്ന് കണ്ടെത്തി പത്രിക തള്ളുകയായിരുന്നു.

നടരാജൻ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും തിരഞ്ഞെടുപ്പ് നടപടികൾ തടയാൻ കോടതി തയ്യാറായില്ല. തെരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിച്ച ശേഷം കോടതികൾ ഇടപെടുന്നത് ഒഴിവാക്കണമെന്ന മുൻവിധി ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി ഇടക്കാല ഉത്തരവ് നൽകാതിരുന്നത്.

അതേസമയം, തിരഞ്ഞെടുപ്പ് കമ്മിഷൻ ബിജെപിയുടെ സമ്മർദത്തിന് വഴങ്ങിയെന്നാണ് കോൺഗ്രസിന്റെ ആരോപണം. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ സുപ്രീം കോടതി മാർഗനിർദേശങ്ങൾ അവഗണിച്ചുവെന്ന് പ്രതിപക്ഷ നേതാവ് ഉമംഗ് സിംഘാർ ആരോപിച്ചു.

ഇതിനിടെ, സാധാരണ പ്രവർത്തകരെ ഉയർത്തിക്കൊണ്ടുവരാൻ കഴിയുന്നത് ബിജെപിയിൽ മാത്രമാണെന്ന്  രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മഹേഷ് കേവത് പ്രതികരിച്ചു. ബുന്ദൽഖണ്ഡ് മേഖലയിലെ ഒരു സാധാരണ പ്രവർത്തകനായ തനിക്ക് രാജ്യസഭാംഗമാകാൻ അവസരം ലഭിച്ചതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.