ടെൽ അവിവ്: ഇറാനുമായി അമേരിക്ക ചർച്ച ചെയ്യുന്ന പുതിയ കരാറിൽ ആണവ-മിസൈൽ പദ്ധതികൾക്ക് കർശന നിയന്ത്രണങ്ങൾ ഉൾപ്പെടുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ ഉറപ്പിനെ സ്വാഗതം ചെയ്ത് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ട്രംപുമായി നടത്തിയ ഫോൺ സംഭാഷണത്തിന് പിന്നാലെ പുറത്തിറക്കിയ പ്രസ്താവനയിലാണ് നെതന്യാഹു ഇക്കാര്യം വ്യക്തമാക്കിയത്.
കരാറിന്റെ ഭാഗമല്ലെങ്കിലും, ഇറാൻ കൈവശമുള്ള സമ്പുഷ്ട യുറേനിയം നീക്കം ചെയ്യുകയും യുറേനിയം സമ്പുഷ്ടീകരണ സംവിധാനങ്ങൾ പൊളിച്ചുനീക്കുകയും വേണമെന്ന ട്രംപിന്റെ നിലപാടിനെ നെതന്യാഹു അഭിനന്ദിച്ചതായി പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. മിസൈൽ ഉൽപാദനത്തിന് നിയന്ത്രണം ഏർപ്പെടുത്തുകയും മേഖലയിലെ സായുധ ഗ്രൂപ്പുകൾക്കുള്ള ഇറാന്റെ പിന്തുണ അവസാനിപ്പിക്കുകയും വേണമെന്ന വ്യവസ്ഥകളും കരാറിൽ ഉൾപ്പെടണമെന്നും ട്രംപ് ഉറപ്പുനൽകിയതായി പ്രസ്താവനയിൽ പറയുന്നു.
ഇതിനിടെ, ഇറാനെതിരായ ആസൂത്രിത സൈനികാക്രമണം താൽക്കാലികമായി നിർത്തിവച്ചതായി ട്രംപ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ചർച്ചകൾ ഇറാനിലെ ഉന്നത നേതൃത്വത്തിന്റെ തലത്തിലെത്തിയെന്നും കരാർ അന്തിമഘട്ടത്തിലാണെന്നും അദ്ദേഹം പറഞ്ഞു. വൈറ്റ് ഹൗസിൽ മാധ്യമങ്ങളോട് സംസാരിക്കവേ, ഇത് 'മികച്ച ധാരണ' ആണെന്നും ഉടൻ കരാർ ഒപ്പുവെക്കാനാകുമെന്നുമാണ് ട്രംപിന്റെ പ്രതികരണം.
കരാർ പ്രകാരം ഇറാൻ ആണവായുധം സ്വന്തമാക്കുകയോ വാങ്ങുകയോ ചെയ്യില്ലെന്നും ട്രംപ് അവകാശപ്പെട്ടു. ഇറാനിലെ ഖാർഗ് ദ്വീപിനെ ലക്ഷ്യമിട്ടുള്ള സൈനിക നടപടിയും കരാർ നിലവിൽ വന്നാൽ ഒഴിവാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ കരാർ ഒപ്പിടാനുള്ള സമയപരിധി വ്യക്തമാക്കാൻ ട്രംപ് തയ്യാറായില്ല.
അതേസമയം, ട്രംപും നെതന്യാഹുവും തമ്മിലുള്ള ബന്ധത്തിൽ സമീപകാലത്ത് ചില അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായതായി അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇറാനെതിരായ ആക്രമണം നിർത്തിവയ്ക്കാനുള്ള ട്രംപിന്റെ തീരുമാനത്തെക്കുറിച്ച് നെതന്യാഹുവിനെ മുൻകൂട്ടി അറിയിച്ചിരുന്നില്ലെന്നാണ് റിപ്പോർട്ടുകൾ. അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും നെതന്യാഹു ചില വിഷയങ്ങളിൽ തെറ്റായ തീരുമാനങ്ങൾ എടുത്തിട്ടുണ്ടെന്ന് അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ, ഇസ്രായേലിന്റെ താൽപര്യങ്ങൾ സംരക്ഷിക്കാനാണ് അദ്ദേഹം ശ്രമിക്കുന്നതെന്നും വാൻസ് കൂട്ടിച്ചേർത്തു.
ഇറാൻ കരാറിൽ കടുത്ത നിബന്ധനകൾ വേണം; ട്രംപിന്റെ ഉറപ്പിൽ സന്തോഷം പ്രകടിപ്പിച്ച് നെതന്യാഹു
