ആയത്തുള്ള ഖമനേയിിയുടെ സംസ്‌കാരം വീണ്ടും മാറ്റി; 100 ദിവസം പിന്നിട്ടിട്ടും അന്തിമചടങ്ങ് നടന്നില്ല

ആയത്തുള്ള ഖമനേയിിയുടെ സംസ്‌കാരം വീണ്ടും മാറ്റി; 100 ദിവസം പിന്നിട്ടിട്ടും അന്തിമചടങ്ങ് നടന്നില്ല


ടെഹ്രാൻ:  ഇറാന്റെ പരമോന്നത നേതാവായിരുന്ന അലി ഖമനേയിയുടെ സംസ്‌കാരച്ചടങ്ങ് വീണ്ടും മാറ്റിവെച്ചതായി അധികൃതർ അറിയിച്ചു. ഫെബ്രുവരി 28ന് അമേരിക്ക-ഇസ്രായേൽ സംയുക്ത ആക്രമണത്തിൽ കൊല്ലപ്പെട്ട ഖമനേയിയുടെ സംസ്‌കാരം ജൂൺ അവസാനമോ ജൂലൈ ആദ്യമോ നടത്താനാണ് പുതിയ തീരുമാനം.

ആദ്യമായി മാർച്ച് 4ന് സംസ്ഥാന ബഹുമതികളോടെയുള്ള സംസ്‌കാരം നടത്താനായിരുന്നു തീരുമാനം. എന്നാൽ മേഖലയിൽ യുദ്ധസാഹചര്യം തുടരുകയും സുരക്ഷാ ആശങ്കകൾ ഉയരുകയും ചെയ്തതിനെ തുടർന്ന് ചടങ്ങ് മാറ്റിവെക്കുകയായിരുന്നു. പിന്നീട് ഇസ്ലാമിക കലണ്ടറിലെ ആദ്യ മാസമായ മുഹറം ആരംഭിക്കുന്ന സമയത്ത് സംസ്‌കാരം നടക്കുമെന്നായിരുന്നു സൂചന.

എന്നാൽ മുഹറത്തിന്റെ ആദ്യ പത്ത് ദിവസങ്ങൾ ശിയാ മുസ്ലിംകൾക്ക് അതീവ വിശുദ്ധമായ ദുഃഖാചരണ കാലമായതിനാൽ അതിന് ശേഷമേ സംസ്‌കാരം നടത്തൂവെന്ന് ടെഹ്രാൻ മേയർ അലിറേസ സക്കാനി അറിയിച്ചു. ഇതോടെ ജൂൺ 26നും ജൂലൈ 5നും ഇടയിൽ ചടങ്ങുകൾ നടക്കുമെന്നാണ് സൂചന.

37 വർഷത്തോളം ഇറാനെ നയിച്ച ഖമനേയിയുടെ സംസ്‌കാരച്ചടങ്ങിൽ ഏകദേശം രണ്ട് കോടി ആളുകൾ പങ്കെടുക്കുമെന്നാണ് ഭരണകൂടത്തിന്റെ കണക്ക്. ടെഹ്രാൻ, ഖോം, മഷ്ഹദ് എന്നീ നഗരങ്ങളിലായി മൂന്ന് ദിവസത്തെ പൊതുദർശനവും അനുസ്മരണച്ചടങ്ങുകളും സംഘടിപ്പിക്കും.

ഖമനേയിയെ മഷ്ഹദിൽ സംസ്‌കരിക്കാനാണ് തീരുമാനം. സുരക്ഷാ ക്രമീകരണങ്ങളും ജനക്കൂട്ട നിയന്ത്രണവും ഉൾപ്പെടെ ഇറാന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പൊതുചടങ്ങുകളിലൊന്നിനാണ് സർക്കാർ തയ്യാറെടുക്കുന്നത്.