ന്യൂഡൽഹി: ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവത് സഞ്ചരിച്ചിരുന്ന സ്വർൺ ശതാബ്ദി എക്‌സ്പ്രസിന് നേരെ കല്ലേറ്. സംഭവത്തിൽ ഫസ്റ്റ് എസി കോച്ചിന്റെ ജനൽചില്ല് തകർന്നെങ്കിലും മോഹൻ ഭാഗവത് ഉൾപ്പെടെ ആർക്കും പരിക്കേറ്റില്ല.
വ്യാഴാഴ്ച രാത്രി ഉത്തർപ്രദേശിലെ ഫിറോസാബാദ് ജില്ലയിൽ മഖൻപുർ സ്റ്റേഷൻ പിന്നിട്ട ശേഷമാണ് സംഭവം. കാൻപൂരിൽ നിന്ന് ഡൽഹിയിലേക്ക് പോവുകയായിരുന്ന ട്രെയിനിന്റെ ഇ-1 കോച്ചിന്റെ ജനൽചില്ലിലേക്കാണ് അതിവേഗത്തിൽ സഞ്ചരിക്കമ്പോൾ കല്ല് പതിച്ചത്.
വിവരം ലഭിച്ചതിനെ തുടർന്ന് ട്രെയിൻ തുന്ദ്‌ല ജംഗ്ഷൻ ഔട്ടറിൽ നിർത്തി. റെയിൽവേ പൊലീസും സുരക്ഷാ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി. കല്ലേറുണ്ടായ കോച്ചിലായിരുന്നു മോഹൻ ഭാഗവത് യാത്ര ചെയ്തിരുന്നത്. എന്നാൽ അദ്ദേഹം കോച്ചിന്റെ മറുവശത്തായിരുന്നതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
സംഭവത്തെ തുടർന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണെന്നും ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും ഫിറോസാബാദ് എസ്.എസ്.പി ആദിത്യ ലാംഗെ അറിയിച്ചു. നാലു പൊലീസ് സ്റ്റേഷനുകളിലെ സംഘങ്ങളും പ്രത്യേക അന്വേഷണ സംഘവും പ്രതികളെ കണ്ടെത്താൻ രംഗത്തുണ്ട്.
സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നും ഫസ്റ്റ് എസി കോച്ചിന്റെ പുറംചില്ല് മാത്രമാണ് തകർന്നതെന്നും അധികൃതർ വ്യക്തമാക്കി. പിന്നീട് രാത്രി 7.41ന് ട്രെയിൻ ഡൽഹിയിലേക്കുള്ള യാത്ര പുനരാരംഭിച്ചു.
ഫിറോസാബാദ് മേഖലയിലൂടെ കടന്നപോകുന്ന ട്രെയിനുകൾക്ക് നേരെ മുൻപും കല്ലേറ് സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കർശന നിരീക്ഷണവും സുരക്ഷാ നടപടികളും ശക്തമാക്കുമെന്ന് പൊലീസ് അറിയിച്ചു.
മോഹൻ ഭാഗവത് സഞ്ചരിച്ച ട്രെയിനിന് നേരെ കല്ലേറ്; കോച്ചിന്റെ ചില്ല് തകർന്നു
