ടെഹ്രാൻ: അമേരിക്കയുമായി സമാധാന കരാർ അന്തിമഘട്ടത്തിലെത്തിയെന്ന യു എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ, ഇതുസംബന്ധിച്ച് അന്തിമ തീരുമാനമൊന്നും എടുത്തിട്ടില്ലെന്ന് ഇറാൻ വ്യക്തമാക്കി. കരാറിൽ ഇതുവരെ അന്തിമ നിഗമനത്തിലെത്തിയിട്ടില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഖായി പറഞ്ഞു.
കരാർ രേഖകൾ പൂർത്തീകരണ ഘട്ടത്തിലാണെന്നും ഏതാനും ദിവസങ്ങൾക്കുള്ളിൽ യൂറോപ്പിൽ വച്ച് ഒപ്പുവെക്കാനാകുമെന്നും ട്രംപ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ട്രംപിന്റെ ഈ അവകാശവാദം ഇറാൻ തള്ളിക്കളഞ്ഞു.
ഇതിനിടെ, തെക്കൻ ഇറാനിലെ പ്രധാന തുറമുഖ നഗരമായ ബന്ദർ അബ്ബാസിൽ രണ്ട് സ്‌ഫോടന ശബ്ദങ്ങൾ കേട്ടതായി റിപ്പോർട്ടുണ്ട്. സംഭവത്തിന്റെ കാരണം വ്യക്തമല്ല.
സംഘർഷം കുറയുമെന്ന പ്രതീക്ഷ ഉയർന്നതോടെ അന്താരാഷ്ട്ര സ്വർണവിലയും കുതിച്ചുയർന്നു. ഇറാനെതിരായ നിശ്ചയിച്ചിരുന്ന സൈനിക ആക്രമണം റദ്ദാക്കിയതായി ട്രംപ് അറിയിച്ചതിനെ തുടർന്ന് സ്വർണവില ഒരു മാസത്തിനിടയിലെ ഏറ്റവും വലിയ വർധനയാണ് രേഖപ്പെടുത്തിയത്.
ഇതിനിടെ ഹോർമുസ് കടലിടുക്കിൽ മുൻകൂർ അനുമതിയില്ലാതെ പ്രവേശിക്കാൻ ശ്രമിച്ച ഒരു എണ്ണക്കപ്പലിനെ ഇറാൻ തടഞ്ഞതായി ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് നാവികസേനയുടെ മുന്നറിയിപ്പിനെ തുടർന്ന് കപ്പലിനെ ഗതാഗത നിയന്ത്രണങ്ങൾ പാലിക്കാൻ നിർബന്ധിതമാക്കിയതായും റിപ്പോർട്ടിൽ പറയുന്നു.
അതേസമയം, കരാർ ഒപ്പുവെച്ചാൽ ഇറാനിലെ ഖാർഗ് ദ്വീപിനെ ലക്ഷ്യമിട്ടുള്ള സൈനിക നടപടി പൂർണമായും ഒഴിവാക്കുമെന്ന് ട്രംപ് അറിയിച്ചു. ഹോർമുസ് കടലിടുക്കിലൂടെ എണ്ണക്കപ്പൽ ഗതാഗതം സാധാരണ നിലയിലാക്കാനും കരാർ സഹായിക്കുമെന്നാണ് അദ്ദേഹത്തിന്റെ പ്രതീക്ഷ.
വാണിജ്യ കപ്പലുകൾക്കെതിരായ അമേരിക്കൻ ആക്രമണത്തിൽ ഇന്ത്യൻ പൗരന്മാർ കൊല്ലപ്പെട്ട സംഭവത്തെ, ഇറാൻ ശക്തമായി അപലപിച്ചു. ഇത് 'സായുധ കൊള്ളയും ഭരണകൂടത്തിന്റെ നേതൃത്വത്തിലെ കടൽക്കൊള്ളയും' ആണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഖായി ആരോപിച്ചു. മരിച്ച ഇന്ത്യൻ നാവികരുടെ കുടുംബങ്ങൾക്ക് അനുശോചനം അറിയിച്ച അദ്ദേഹം, സംഭവത്തിൽ അമേരിക്കയെ ഉത്തരവാദിയാക്കണമെന്ന് അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെടുകയും ചെയ്തു.
ഇറാൻ-അമേരിക്ക കരാർ അന്തിമമായില്ലെന്ന് ടെഹ്രാൻ; ട്രംപിന്റെ അവകാശവാദം തള്ളി
