'ഇറാനുമായുള്ള യുദ്ധം അവസാനിപ്പിച്ചെന്ന് ട്രംപ്, എന്നാൽ അന്തിമ കരാറില്ലെന്ന് ഇറാൻ

'ഇറാനുമായുള്ള യുദ്ധം അവസാനിപ്പിച്ചെന്ന്  ട്രംപ്, എന്നാൽ അന്തിമ കരാറില്ലെന്ന് ഇറാൻ


ഇറാനുമായുള്ള യുദ്ധം അവസാനിപ്പിച്ചതായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു. ജോർജിയ ഗവർണർ സ്ഥാനാർഥി ബർട്ട് ജോൺസിന് പിന്തുണ പ്രഖ്യാപിച്ച് നടത്തിയ ടെലിറാലിയിലാണ് ട്രംപ് ഈ അവകാശവാദം ഉന്നയിച്ചത്. ഇറാൻ ഇനി ഒരിക്കലും ആണവായുധം കൈവശം വയ്ക്കില്ലെന്ന് സമ്മതിച്ചുവെന്നും അതായിരുന്നു അമേരിക്കയുടെ പ്രധാന ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

ഇതിന് മുമ്പ് വൈറ്റ് ഹൗസിൽ മാധ്യമങ്ങളോട് സംസാരിച്ച ട്രംപ്, ഇറാനുമായുള്ള ചർച്ചകൾ അന്തിമഘട്ടത്തിലെത്തിയതായും അടുത്ത ദിവസങ്ങളിൽ തന്നെ കരാർ ഒപ്പുവെക്കാൻ സാധ്യതയുണ്ടെന്നും വ്യക്തമാക്കിയിരുന്നു. യൂറോപ്പിൽ വച്ചായിരിക്കും കരാർ ഒപ്പിടൽ ചടങ്ങ് നടക്കുകയെന്നും അദ്ദേഹം സൂചിപ്പിച്ചു.

ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിൽ പങ്കുവച്ച സന്ദേശത്തിൽ, ഇറാനിലെ ഉന്നത നേതൃത്വവുമായി നടത്തിയ ചർച്ചകൾക്ക് പിന്നാലെ ആസൂത്രണം ചെയ്തിരുന്ന സൈനികാക്രമണങ്ങൾ റദ്ദാക്കിയതായി ട്രംപ് അറിയിച്ചു. അമേരിക്ക, ഇസ്രായേൽ, സൗദി അറേബ്യ, യു.എ.ഇ, ഖത്തർ, തുർക്കി, പാകിസ്ഥാൻ, ബഹ്രൈൻ, കുവൈത്ത്, ജോർദാൻ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങൾ ഉൾപ്പെടെ എല്ലാ കക്ഷികളും കരാറിന്റെ പ്രധാന വ്യവസ്ഥകൾ അംഗീകരിച്ചുവെന്നും അദ്ദേഹം അവകാശപ്പെട്ടു.
എന്നാൽ ട്രംപിന്റെ പ്രഖ്യാപനങ്ങളെ ഇറാൻ തള്ളിക്കളഞ്ഞു. വിഷയത്തിൽ ഇതുവരെ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഖായെ വ്യക്തമാക്കി. കരാറിന്റെ കരട് ഇപ്പോഴും പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്നും അന്തിമ അംഗീകാരം ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇറാൻ ഔദ്യോഗികമായി നിലപാട് പ്രഖ്യാപിക്കുന്നതുവരെ ട്രംപ് നടത്തുന്ന പ്രസ്താവനകൾ അദ്ദേഹത്തിന്റെ മുൻകാല സന്ദേശങ്ങളെപ്പോലെ തന്നെ കാണണമെന്നും ബഖായെ പ്രതികരിച്ചു. ഇതോടെ ട്രംപ് യുദ്ധം അവസാനിച്ചതായി പ്രഖ്യാപിച്ചെങ്കിലും, കരാറിന്റെ കാര്യത്തിൽ ഇരു രാജ്യങ്ങളും ഇപ്പോഴും വ്യത്യസ്ത നിലപാടുകളിലാണ്.