അമേരിക്കയിലെ ഇറാനിയൻ കുടിയേറ്റക്കാരെ മധ്യ ആഫ്രിക്കൻ റിപ്പബ്ലിക്കിലേക്ക് നാടുകടത്താൻ നീക്കം; മനുഷ്യാവകാശ ആശങ്ക ശക്തം

അമേരിക്കയിലെ ഇറാനിയൻ കുടിയേറ്റക്കാരെ മധ്യ ആഫ്രിക്കൻ റിപ്പബ്ലിക്കിലേക്ക് നാടുകടത്താൻ നീക്കം; മനുഷ്യാവകാശ ആശങ്ക ശക്തം


വാഷിംഗ്ടൺ: ഇറാനുമായി സംഘർഷം തുടരുന്നതിനിടെ, ഇറാനിയൻ കുടിയേറ്റക്കാരെ ഉൾപ്പെടെ നിരവധി വിദേശ പൗരന്മാരെ മധ്യ ആഫ്രിക്കൻ റിപ്പബ്ലിക്കിലേക്ക് (Cetnral African Republic) നാടുകടത്താൻ അമേരിക്ക തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. മനുഷ്യാവകാശ ലംഘനത്തിനും പീഡനത്തിനും ഇരയാകാനുള്ള സാധ്യതയുള്ളവരെയും ഈ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നതാണ് വിവാദത്തിന് ഇടയാക്കുന്നത്.

 നാടുകടത്തപ്പെടുന്നവരിൽ രണ്ട് ഇറാനിയൻ സ്ത്രീകളും ഉൾപ്പെടുന്നതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. ഒരാൾ ക്രിസ്തുമതം സ്വീകരിച്ച വ്യക്തിയും മറ്റൊരാൾ ജനാധിപത്യ അനുകൂല പ്രവർത്തകയുമാണ്. ഇവർ ഇറാനിലേക്ക് മടങ്ങിയാൽ പീഡനമോ പീഡനപരമായ നടപടികളോ നേരിടാൻ 50 ശതമാനത്തിലേറെ സാധ്യതയുണ്ടെന്ന് അമേരിക്കൻ കുടിയേറ്റ കോടതി നേരത്തെ വിലയിരുത്തിയിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ ഇവർക്ക് പ്രത്യേക സംരക്ഷണവും അനുവദിച്ചിരുന്നു.

ഇറാനു പുറമെ സിറിയ, അഫ്ഗാനിസ്ഥാൻ, തുർക്കി എന്നീ രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാരെയും അമേരിക്ക മധ്യ ആഫ്രിക്കൻ റിപ്പബ്ലിക്കിലേക്ക് അയയ്ക്കാനാണ് നീക്കം. ആദ്യഘട്ടത്തിൽ 20 പേരെ ഉൾപ്പെടുത്തി നാടുകടത്തൽ വിമാനം പുറപ്പെടുമെന്നാണ് റിപ്പോർട്ട്.

രാഷ്ട്രീയ അസ്ഥിരതയും ദാരിദ്ര്യവും സുരക്ഷാ വെല്ലുവിളികളും നേരിടുന്ന മധ്യ ആഫ്രിക്കൻ റിപ്പബ്ലിക്കുമായി അമേരിക്ക മൂന്നാം രാജ്യ നാടുകടത്തൽ കരാർ ഒപ്പുവെച്ചിട്ടുണ്ട്. നാടുകടത്തപ്പെടുന്നവരെ തലസ്ഥാനമായ ബാംഗുയിയിലെ താമസസൗകര്യങ്ങളിലായിരിക്കും പാർപ്പിക്കുക.

അതേസമയം, ഈ നടപടിക്കെതിരെ മനുഷ്യാവകാശ സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്. ആവശ്യമായ സുതാര്യതയില്ലാതെയാണ് ഇത്തരം കരാറുകൾ നടപ്പാക്കുന്നതെന്നും, ഒടുവിൽ പലരെയും സ്വന്തം രാജ്യങ്ങളിലേക്ക് തന്നെ തിരിച്ചയക്കുന്ന സാഹചര്യം ഉണ്ടാകുന്നുവെന്നുമാണ് വിമർശനം. അമേരിക്കൻ ഭരണകൂടം നിയമപരമായ നടപടികളാണ് സ്വീകരിക്കുന്നതെന്ന് വ്യക്തമാക്കിയിട്ടുണ്ട്.