രാജ്യസഭയിലേക്ക് ഖാർഗെയും പവൻ ഖേരയും; കർണാടകയിൽ കോൺഗ്രസിന് മൂന്ന് സീറ്റുകൾ, മധ്യപ്രദേശിലെ മൂന്ന് സീറ്റുകളും ബിജെപിക്ക്

രാജ്യസഭയിലേക്ക് ഖാർഗെയും പവൻ ഖേരയും; കർണാടകയിൽ കോൺഗ്രസിന് മൂന്ന് സീറ്റുകൾ, മധ്യപ്രദേശിലെ മൂന്ന് സീറ്റുകളും ബിജെപിക്ക്


ബെംഗളുരു: രാജ്യസഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ കർണാടകയിൽ കോൺഗ്രസിന് നേട്ടം. പാർട്ടി ദേശീയഅധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ വീണ്ടും രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടപ്പോൾ, കോൺഗ്രസ് നേതാവ് പവൻ ഖേര ആദ്യമായി രാജ്യസഭാംഗമായി. മൻസൂർ അലി ഖാനും കോൺഗ്രസ് സ്ഥാനാർഥിയായി വിജയിച്ചു.

നിലവിലെ അംഗങ്ങളുടെ കാലാവധി ജൂൺ 25ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് കർണാടകയിൽ നാല് രാജ്യസഭാ സീറ്റുകളിലേക്ക് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. തുടക്കത്തിൽ അഞ്ച് പേർ നാമനിർദേശ പത്രിക സമർപ്പിച്ചിരുന്നെങ്കിലും ഒരു സ്വതന്ത്ര സ്ഥാനാർഥിയുടെ പത്രിക തള്ളിയതോടെ നാല് സ്ഥാനാർഥികൾ മാത്രമാണ് മത്സരരംഗത്ത് ശേഷിച്ചത്. ഇതോടെ ഖാർഗെ, പവൻ ഖേര, മൻസൂർ അലി ഖാൻ എന്നിവരും ബിജെപിയുടെ ഒരു സ്ഥാനാർഥിയും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.

മുഖ്യമന്ത്രി ഡി.കെ ശിവകുമാർ വിജയികളെ അഭിനന്ദിച്ചു. കർണാടകയുടെ താൽപര്യങ്ങൾ പാർലമെന്റിൽ ശക്തമായി ഉയർത്തിപ്പിടിക്കുമെന്ന വിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു. കന്നഡ ഭാഷ പഠിച്ച് അടുത്ത തവണ കന്നഡയിൽ സംസാരിക്കാൻ ശ്രമിക്കുമെന്നും പവൻ ഖേര പ്രതികരിച്ചു.

അതേസമയം, മധ്യപ്രദേശിൽ മൂന്ന് രാജ്യസഭാ സീറ്റുകളും ബിജെപി എതിരില്ലാതെ സ്വന്തമാക്കി. രജനീഷ് അഗർവാൾ, തരുൺ ചഗ്, മഹേഷ് കേവത് എന്നിവരാണ് വിജയിച്ചത്.

കോൺഗ്രസ് സ്ഥാനാർഥി മീനാക്ഷി നടരാജൻ സമർപ്പിച്ച നാമനിർദേശ പത്രിക അപൂർണമാണെന്ന് കണ്ടെത്തി റിട്ടേണിംഗ് ഓഫീസർ തള്ളിയതോടെയാണ് ബിജെപിക്ക് എതിരില്ലാ വിജയം ലഭിച്ചത്. ഹൈദരാബാദിലെ ഒരു കേസുമായി ബന്ധപ്പെട്ട കോടതി സമൻസ് വെളിപ്പെടുത്തിയില്ലെന്ന ആരോപണത്തെ തുടർന്നായിരുന്നു നടപടി. ഇതിനെതിരെ കോൺഗ്രസ് പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്.