ന്യൂഡൽഹി: അമേരിക്കൻ വ്യോമയാന കമ്പനിയായ ബോയിങ് വീണ്ടും ചോദ്യ മുനയില്‍. നൂറുകണക്കിന് സുരക്ഷാ ലംഘനങ്ങൾക്ക് യുഎസിലെ സിവിൽ ഏവിയേഷൻ അതോറിറ്റിയായ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ (എഫ്എഎ) കമ്പനിക്ക് 3.1 മില്യൺ ഡോളർ (27.36 കോടി രൂപ) പിഴ ചുമത്തി. അലാസ്ക എയർലൈൻസിൻ്റെ ജെറ്റ്ലൈൻ പറക്കുന്നതിനിടെ ഫ്യൂസ്ലേജിലെ ഡോർ പ്ലഗ് പാനൽ (എക്സിറ്റ് ഡോർ) നഷ്ടപ്പെട്ടതുള്‍പ്പെടെയുള്ള വീഴ്ചകള്‍ ഉള്‍പ്പെടുത്തിയാണ് ഭീമമായ തുക ഈടാക്കാൻ എഫ്എഎ തീരുമാനിച്ചത്.
2023 സെപ്റ്റംബർ മുതൽ 2024 ഫെബ്രുവരി വരെ നടന്ന സുരക്ഷാ ലംഘനങ്ങൾക്കാണ് നിർദിഷ്ട പിഴ ചുമത്തുന്നതെന്ന് എഫ്എഎ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. 2024 ജനുവരിയിൽ ഒറിഗോണിലെ പോർട്ട്ലാൻഡിൽ നിന്ന് പറന്നുയർന്നതിന് തൊട്ടുപിന്നാലെയാണ് അലാസ്ക എയർലൈൻസ് ബോയിങ് 737 മാക്സ് 9-ൻ്റെ എക്സിറ്റ് ഡോർ പൊട്ടിത്തെറിച്ചത്. വിമാനം ഉടൻ തന്നെ തിരിച്ചിറക്കിയിരുന്നു.
വിമാനത്തിലുണ്ടായിരുന്ന 6 ജീവനക്കാരുൾപ്പെടെയുള്ള 171 യാത്രക്കാർക്ക് ഗുരുതരമായ പരിക്ക് ഇല്ലായിരുന്നു എന്നാണ് റിപ്പോർട്ട്. പൈലറ്റുമാരുടെ സമയോചിതമായ ഇടപെടലാണ് വിമാനത്തെ സുരക്ഷിതമായി ഇറക്കാനായത്.
വാഷിങ്ടണിലെ റെൻ്റണിലുള്ള ബോയിങ്ങിൻ്റെ 737 നിർമാണശാലകളിലും കൻസാസിലെ ബോയിങ് സബ് കോൺട്രാക്ടർ സ്പിരിറ്റ് എയ്റോസിസ്റ്റംസിൻ്റെ നിർമാണശാലയിലും ഗുണനിലവാര സംവിധാനങ്ങളുടെ ലംഘനങ്ങൾ കണ്ടെത്തിയതായി എഫ്എഎ അറിയിച്ചു. കൂടാതെ, സഞ്ചാരത്തിന് അനുയോജ്യമല്ലാത്ത രണ്ട് വിമാനങ്ങൾ യോഗ്യതാ സർട്ടിഫിക്കറ്റുകൾക്കായി ബോയിങ് സമർപ്പിച്ചുവെന്നും എഫ്എഎ കൂട്ടിച്ചേർത്തു.
ബോയിങ് 737-MAX വിമാനത്തിന് സുരക്ഷാ സർട്ടിഫിക്കറ്റ് നൽകാൻ ബോയിങ് ജീവനക്കാർ സമ്മർദം ചെലുത്തിയതായി കണ്ടെത്തിയതായും എഫ്എഎ പറഞ്ഞു. എന്നാൽ വിമാന കമ്പനി വേണ്ട വിധത്തിലുള്ള സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്നും എഫ്എഎ കണ്ടെത്തിയതായി അറിയിച്ചു. പിഴയടക്കണമെന്ന അറിയിപ്പ് ലഭിച്ചാൽ 30 ദിവസങ്ങൾക്ക് ശേഷം മറുപടി നൽകണമെന്ന് എഫ്എഎ അറിയിച്ചു.
ബോയിങ്ങിൻ്റെ നിർമ്മാണത്തിലും സുരക്ഷാ മേൽനോട്ടത്തിലുമുള്ള വീഴ്ചകളും എഫ്എഎയുടെ ഫലപ്രദമല്ലാത്ത പരിശോധനകളും ഓഡിറ്റുകളുമാണ് ഡോർ പ്ലഗ് പൊട്ടിത്തെറിക്കാൻ കാരണമെന്ന് 17 മാസം നീണ്ട അന്വേഷണത്തിൽ കണ്ടെത്തിയതായി അമേരിക്കയിലെ നാഷണൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡ് ജൂണിൽ പറഞ്ഞിരുന്നു.
2024 ജനുവരിയിൽ ഉണ്ടായ ഡോർ-പ്ലഗ് അപകടത്തിൽ ഖേദിക്കുന്നതായും യാത്രക്കാരുടെ സുരക്ഷ ശക്തിപ്പെടുത്തുന്നതിനും ഗുണനിലവാരവും ഉത്തരവാദിത്തവും മെച്ചപ്പെടുത്തുന്നതിനും തുടർന്നും പ്രവർത്തിക്കുമെന്നും ബോയിങ് കമ്പനി അറിയിച്ചു.
2018 ൽ ഇന്തോനേഷ്യയിലും 2019 ൽ എത്യോപ്യയിലും രണ്ട് ജെറ്റ് വിമാനങ്ങൾ തകർന്നുവീണ് 346 പേർ മരിച്ചിരുന്നു. ബോയിങ്ങിൻ്റെ ബെസ്റ്റ് സെല്ലിങ് 737 വിമാനത്തിൻ്റെ പുതിയ പതിപ്പ് കമ്പനിക്ക് നിരന്തരമായ പ്രശ്നങ്ങൾക്ക് കാരണമായി. രണ്ട് വിമാനങ്ങളും തകർന്നുവീണപ്പോൾ പുതിയ പതിപ്പിനെ കുറിച്ച് അമേരിക്കൻ സുരക്ഷാ ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിച്ചുവെന്നാരോപിച്ചിരുന്നു.