ന്യൂഡൽഹി: പെട്രോളിൽ 20 ശതമാനം എഥനോൾ കലർത്തുന്നതിനോട് എൻഡിഎ അനുഭാവികൾക്ക് പോലും കടുത്ത വിയോജിപ്പെന്ന് പുതിയ സർവേ ഫലം. സി-വോട്ടർ അടുത്തിടെ നടത്തിയ സർവേയുടെ ഫലമാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. എൻഡിഎയ്ക്ക് വോട്ട് ചെയ്തവർക്കിടയിൽ നടത്തിയ സർവ്വെയിൽ 52.5 ശതമാനം പേരും തങ്ങളുടെ വാഹനങ്ങളിൽ ഇ20 പെട്രോൾ ഉപയോഗിക്കാൻ താല്പര്യമില്ലെന്ന് വ്യക്തമാക്കി. 18.1 ശതമാനം പേർ മാത്രമാണ് ഇ20 പെട്രോളിനെ അനുകൂലിച്ചത്. ബാക്കി 29.5 ശതമാനം പേർ കൃത്യമായൊരു നിലപാടിൽ എത്തിയിട്ടില്ലെന്നാണ് സർവ്വെ ഫലത്തിൽ നിന്ന് വ്യക്തമാകുന്നത്.
ഇ20 പെട്രോൾ വാഹനങ്ങൾക്ക് കേടുപാടുകൾ വരുത്തുമെന്നും മൈലേജ് കുറയ്ക്കുമെന്നുമുള്ള ആശങ്കയാണ് സർവേയിൽ പങ്കെടുത്ത ഭൂരിപക്ഷം പേരും പങ്കുവച്ചത്. പ്രതിപക്ഷത്തെ പിന്തുണയ്ക്കുന്നവർ ഇ20 പെട്രോളിനെതിരെ കൂടുതൽ ശക്തമായി പ്രതികരിച്ചു. അവരിൽ 57.9 ശതമാനം പേരും ഇ20 ഇന്ധനം വേണ്ടെന്ന് പറഞ്ഞു. പെട്രോളിൽ എഥനോൾ കലർത്തുന്നതിലൂടെ വാഹനങ്ങൾക്ക് യാതൊരു തകരാറും സംഭവിക്കുന്നില്ലെന്ന് കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിൻ ഗഡ്കരി വാദിക്കുന്നതിനിടയിലാണ് ഈ സർവേ ഫലം പുറത്തുവന്നത്. ഇ20 പെട്രോൾ ഉപയോഗിച്ചതിനെ തുടർന്ന് എൻജിൻ ഭാഗങ്ങൾക്ക് തകരാർ സംഭവിച്ച ഒരു സംഭവമെങ്കിലും ചൂണ്ടിക്കാണിക്കാൻ മന്ത്രി ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ വെല്ലുവിളി ഏറ്റെടുത്ത പ്രതിഷേധക്കാർ ഒരാളെയല്ല, ആറ് പേരെ മന്ത്രിക്ക് മുന്നിൽ ഹാജരാക്കാമെന്ന് വ്യക്തമാക്കി.
എഥനോൾ കലർന്ന ഇന്ധനം ഭൂരിഭാഗം വാഹനങ്ങൾക്കും കേടുപാടുകൾ വരുത്തുമെന്ന് 54.2 ശതമാനം പേർ കരുതുന്നു. പഴയ വാഹനങ്ങൾ ഉപയോഗിക്കുന്നവർക്ക് ഇ20 പെട്രോൾ നിർബന്ധമാക്കുന്നത് തികച്ചും അനീതിയാണെന്ന് 56.3 ശതമാനം ആളുകളും അഭിപ്രായപ്പെട്ടു. ഉപഭോക്താക്കൾക്ക് എഥനോൾ കലർന്ന പെട്രോളും സാധാരണ പെട്രോളും തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം വേണമെന്ന് ഭൂരിഭാഗം പേരും ആവശ്യപ്പെടുന്നു. പമ്പുകളിൽ രണ്ട് തരം ഇന്ധനങ്ങളും ലഭ്യമാക്കണമെന്ന് 75.9 ശതമാനം പേർ ആവശ്യപ്പെട്ടു. എഥനോൾ കലർന്ന പെട്രോളിന് സാധാരണ ഇന്ധനത്തേക്കാൾ വില കുറയ്ക്കണമെന്ന് 74.5 ശതമാനം പേർ അഭിപ്രായപ്പെട്ടെങ്കിലും വില കുറച്ചാലും ഇ20 പെട്രോളിലേക്ക് മാറാൻ 40.8 ശതമാനം ആളുകൾ മാത്രമാണ് സന്നദ്ധത പ്രകടിപ്പിച്ചത്. 40.4 ശതമാനം പേർ വില കുറഞ്ഞാലും ഇത് ഉപയോഗിക്കില്ലെന്ന നിലപാടിൽ ഉറച്ചുനിന്നു.
