ചെങ്കടലിലും ഭീഷണി, 'ബാബ് അൽ മന്ദബും അടയ്ക്കും', ഇന്ധന വിപണി തകരുമെന്ന് ഭീഷണി

ചെങ്കടലിലും ഭീഷണി, 'ബാബ് അൽ മന്ദബും അടയ്ക്കും', ഇന്ധന വിപണി തകരുമെന്ന് ഭീഷണി


സനാ: ഹോർുസ് കടലിടുക്കിന് പിന്നാലെ ചെങ്കടലിലെ അതീവ നിർണ്ണായക കപ്പൽപ്പാതയായ ബാബ് അൽ മന്ദബ് ഇടുക്ക് അടച്ചുപൂട്ടുമെന്ന് യെമന്റെ ഭീഷണി. യെമന് നേരെ സൗദി അറേബ്യ നടത്തുന്ന വ്യോമാക്രമണങ്ങൾ തുടർന്നാൽ കടുത്ത നടപടിയിലേക്ക് നീങ്ങുമെന്നാണ് ഇറാന്റെ പ്രസ് ടിവി പുറത്തുവിട്ട വീഡിയോയിലൂടെയുള്ള മുന്നറിയിപ്പ്. യുഎസ് -ഇസ്രായേൽ-ഇറാൻ യുദ്ധ പശ്ചാത്തലത്തിലാണ് ഈ നീക്കം. 


യെമനിലെ ഇറാൻ പിന്തുണയുള്ള ഹൂതി വിമതരും സൗദി അറേബ്യയും അമേരിക്കയും ഉൾപ്പെട്ട സംഘർഷം കൂടുതൽ വഷളാകുന്നതിന്റെ ഭാഗമായാണ് ചെങ്കടലിലെ ബാബ് അൽ മന്ദബ് അടച്ചുപൂട്ടുമെന്ന പുതിയ ഭീഷണി പുറത്തുവന്നിരിക്കുന്നത്. തങ്ങൾക്ക് നേരെ സൗദി അറേബ്യ ആക്രമണം തുടർന്നാൽ ബാബ് അൽ മന്ദബ് പാത അടയ്ക്കുമെന്നും, ഇതോടെ ആഗോള വിപണിയിൽ എണ്ണവില ബാരലിന് 200 ഡോളറായി ഉയർന്നേക്കുമെന്നുമാണ് യെമൻ മുന്നറിയിപ്പ് നൽകുന്നത്.


ഇന്ധന വിപണി തകരുമെന്നും പല രാജ്യങ്ങളും പട്ടിണിയിലാകുമെന്നും ഇറാന്റെ പ്രസ് ടിവി പുറത്തുവിട്ട വീഡിയോയിൽ പറയുന്നു. ആ​ഗോള എണ്ണക്കയറ്റുമതിയുടെ ഏകദേശം 20 ശതമാനവും കടന്നുപോകുന്ന അതീവ പ്രാധാന്യമുള്ള തന്ത്രപ്രധാന പാതയാണിത്. ഈ ഭീഷണിയെത്തുടർന്ന് സൗദി അറേബ്യ ഈ പാതയിലൂടെയുള്ള തങ്ങളുടെ എണ്ണക്കയറ്റുമതി താൽക്കാലികമായി നിർത്തിവെക്കുകയും അമേരിക്കയുടെ പിന്തുണയോടെ സൈനിക സാന്നിധ്യം ശക്തമാക്കുകയും ചെയ്തിട്ടുണ്ട്. പാത അടച്ചുപൂട്ടാനുള്ള സാധ്യത വർദ്ധിച്ചതോടെ ആഗോള എണ്ണ വിതരണത്തിൽ കടുത്ത പ്രതിസന്ധി ഉണ്ടാകുമെന്ന ആശങ്കയിലാണ് വിപണി.


സെപ്റ്റംബർ അവസാനത്തോടെ ഈ കപ്പൽപ്പാത അടയ്ക്കപ്പെടാനുള്ള സാധ്യത നിലവിലെ വിപണി വിലയിരുത്തലുകൾ അനുസരിച്ച് ഒരാഴ്ച മുൻപുണ്ടായിരുന്ന 8 ശതമാനത്തിൽ നിന്നും 18.5 ശതമാനമായി ഉയർന്നിട്ടുണ്ട്. ഹൂതി സൈന്യം, ഇറാന്റെ ഐആർജിസി, യുഎസ് നേവി എന്നിവരുടെ അടുത്ത നീക്കങ്ങളാണ് ഇനി നിർണ്ണായകമാകുക. കപ്പലുകൾ മുക്കുകയോ കൂടുതൽ സൈനിക വിന്യാസങ്ങൾ ഉണ്ടാകുകയോ ചെയ്താൽ പ്രതിസന്ധി ഇനിയും രൂക്ഷമാകും. നിലവിൽ ഉപഗ്രഹ ചിത്രങ്ങളും ഔദ്യോഗിക പ്രസ്താവനകളും നിരീക്ഷിച്ചുവരികയാണ്.