അറസ്റ്റിലായ മലയാളി കന്യാസ്ത്രീകള്‍ക്കെതിരെ ഗുരുതര ആരോപണവുമായി ഛത്തീസ്ഗഡ് മുഖ്യമന്ത്രി

അറസ്റ്റിലായ മലയാളി കന്യാസ്ത്രീകള്‍ക്കെതിരെ ഗുരുതര ആരോപണവുമായി ഛത്തീസ്ഗഡ് മുഖ്യമന്ത്രി


റായ്പുര്‍: ചത്തീസ്ഗഡില്‍ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകള്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഛത്തീസ്ഗഡ് മുഖ്യമന്ത്രി വിഷ്ണു ദേവ സായ്. ഗോത്രവര്‍ഗക്കാരായ പെണ്‍കുട്ടികളെ കന്യാസ്ത്രീകള്‍ മതം മാറ്റാന്‍ ശ്രമിച്ചെന്നും മനുഷ്യക്കടത്തിനുള്ള നീക്കമാണ് നടന്നതെന്നും വിഷ്ണു ദേവ സായ് ആരോപിച്ചു. വിഷയത്തെ രാഷ്ട്രീയവത്കരിക്കേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

കന്യാസ്ത്രീകളുടെ അറസ്റ്റുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ വളരെ ഗൗരവത്തോടെ കാര്യങ്ങളെ നിരീക്ഷിക്കുകയാണ്. മനുഷ്യക്കടത്തും മതപരിവര്‍ത്തനശ്രമവും ഉള്‍പ്പെടെയുള്ള ഗുരുതര കുറ്റകൃത്യങ്ങളാണ് നടന്നിട്ടുള്ളതെന്ന് വിഷ്ണു ദേവ സായ് പറഞ്ഞു. 

സംസ്ഥാനത്തെ സ്ത്രീ സുരക്ഷയുമായും മതസ്വാതന്ത്ര്യവുമായും ബന്ധപ്പെട്ട വിഷയമാണിത്. നിര്‍ഭാഗ്യവശാല്‍ ചിലര്‍ പ്രശ്‌നത്തെ രാഷ്ട്രീയവത്കരിക്കാനാണ് ശ്രമിക്കുന്നത്. ഇത്തരം സംഭവങ്ങളോട് ഒരു സഹിഷ്ണുതയും കാട്ടില്ലെന്നും വിഷ്ണു ദേവ സായ് വ്യക്തമാക്കി.

നാരായണ്‍പുര്‍ ജില്ലയിലെ ഗ്രോത മേഖലയായ ബസ്തറിലെ മൂന്നു പെണ്‍കുട്ടികളെ സംസ്ഥാനത്തിന് പുറത്തേക്ക് കടത്താന്‍ ശ്രമിച്ചതിന് കത്തോലിക്ക സഭയിലെ കന്യാസ്ത്രീകളായ പ്രീത മേരി, വന്ദന ഫ്രാന്‍സിസ് എന്നിവരാണ് 25ന് അറസ്റ്റിലായത്. ദര്‍ഗ് റെയ്ല്‍വേ സ്റ്റേഷനില്‍ പെണ്‍കുട്ടികളുമായെത്തിയ സുക്മന്‍ മാണ്ഡവി എന്നയാളും പിടിയിലായിരുന്നു. പെണ്‍കുട്ടികളെ ആഗ്രയിലേക്ക് കൊണ്ടുപോകാനായിരുന്നു ശ്രമം.

ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകരാണ് കന്യാസ്ത്രീകള്‍ക്കെതിരെ രംഗത്തെത്തിയത്. അതോടെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. നഴ്‌സിങ് പരിശീലനവും തൊഴിലവസരവും വാഗ്ദാനം ചെയ്താണ് പെണ്‍കുട്ടികളെ വലയിലാക്കിയതെന്നാണ് പറയുന്നത്. കരിയറില്‍ മുന്നേറ്റത്തിന് അവസരം ഒരുക്കാമെന്ന വ്യാജ വാഗ്ദാനം നല്‍കി ആദിവാസി പെണ്‍കുട്ടികളെ തന്ത്രപരമായി കുടുക്കിയതാണെന്ന് പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞതായി പൊലീസ് പറഞ്ഞു.

ഗോത്രവര്‍ഗ മേഖലയായ ബസ്തര്‍ കേന്ദ്രീകരിച്ച് മതപരിവര്‍ത്തനവും മനുഷ്യക്കടത്തും വ്യാപകമാണെന്ന ആരോപണം ശക്തമാണ്. തുടര്‍ വിദ്യാഭ്യാസത്തിന്റേയും തൊഴില്‍ സാധ്യതകളുടെയും മറവിലാണ് പെണ്‍കുട്ടികളെ സംസ്ഥാനത്ത് നിന്ന് കടത്തുന്നതെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഈ പെണ്‍കുട്ടികള്‍ കടുത്ത ചൂഷണത്തിനും നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനും വിധേയരാകുന്നതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. 

അതേസമയം, കന്യാസ്ത്രീകളെ എത്രയും വേഗം മോചിപ്പിക്കണമെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. കന്യാസ്ത്രീകളുടെ അറസ്റ്റില്‍ യു ഡി എഫ് എം പിമാര്‍ പാര്‍ലമെന്റില്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്തി.