'ഡല്‍ഹിയില്‍ നിര്‍ണായക നീക്കങ്ങള്‍: മുഖ്യമന്ത്രി ഔദ്യോഗിക പ്രഖ്യാപനം ഉടന്‍

'ഡല്‍ഹിയില്‍ നിര്‍ണായക നീക്കങ്ങള്‍:  മുഖ്യമന്ത്രി ഔദ്യോഗിക പ്രഖ്യാപനം ഉടന്‍


ന്യൂഡല്‍ഹി: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയെ കുറിച്ചുള്ള നിര്‍ണായക പ്രഖ്യാപനം അല്‍പസമയത്തിനകം ഉണ്ടാകുമെന്ന സൂചനകള്‍ക്കിടെ കോണ്‍ഗ്രസ് നേതൃത്വത്തില്‍ തിരക്കേറിയ ചര്‍ച്ചകള്‍ പുരോഗമിക്കുന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയുടെ വസതിയില്‍ പാര്‍ട്ടി മാധ്യമവിഭാഗം തലവന്‍ ജയറാം റമേശ് എത്തി. ലോക്‌സഭ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി ഉടന്‍ ഖര്‍ഗെയുടെ വസതിയിലെത്തുമെന്നാണ് വിവരം. അദ്ദേഹത്തോടൊപ്പം കെ.സി വേണുഗോപാലും ഉണ്ടാകും.

കേരളത്തിലേക്ക് എത്തുന്ന എ.ഐ.സി.സി നിരീക്ഷകരും ഇതിനകം ഖര്‍ഗെയുടെ വസതിയിലെത്തി. മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ ഞായറാഴ്ച നടക്കാനിടയുണ്ടെന്ന സൂചനയാണ് ഡല്‍ഹി വൃത്തങ്ങളില്‍നിന്ന് ലഭിക്കുന്നത്.

മുഖ്യമന്ത്രി സ്ഥാനത്തെ കുറിച്ചുള്ള തീരുമാനം രാഹുല്‍ ഗാന്ധി നേരിട്ട് കെ.സി. വേണുഗോപാലിനെ അറിയിച്ചുവെന്ന വിവരമാണ് പുറത്തുവരുന്നത്. അതിന് പിന്നാലെ മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തലയ്ക്കും രാഹുലിന്റെ ഫോണ്‍കോള്‍ എത്തിയതായാണ് സൂചന.

അതേസമയം കൊച്ചിയില്‍നിന്ന് വി.ഡി സതീശന്‍ രാവിലെ തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ചിട്ടുണ്ട്.   രമേശ് ചെന്നിത്തല വീട്ടിനുള്ളിലെ പ്രത്യേക മുറിയില്‍ ചര്‍ച്ചകളിലാണെന്നും അദ്ദേഹത്തോടൊപ്പം ജ്യോതികുമാര്‍ ചാമക്കാലയും അന്‍വര്‍ സാദത്ത് എം.എല്‍.എയും ഉണ്ടെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

ഇന്ന് രാവിലെ ന്യൂഡല്‍ഹിയില്‍വെച്ച് രാഹുല്‍ ഗാന്ധിയും കെ.സി. വേണുഗോപാലും തമ്മില്‍ നിര്‍ണായക കൂടിക്കാഴ്ച നടന്നിരുന്നു. രാഹുലിന്റെ വസതിയില്‍ ഏകദേശം ഒന്നര മണിക്കൂറോളം ഇരുവരും വിശദമായ ചര്‍ച്ച നടത്തിയതായാണ് വിവരം.

ചാര്‍ട്ടേഡ് വിമാനത്തില്‍ കേന്ദ്ര നിരീക്ഷകരും ദീപദാസ് മുന്‍ഷിയും വൈകിട്ട് നാല് മണിയോടെ തിരുവനന്തപുരത്തെത്തും. എന്നാല്‍ ആ വിമാനത്തില്‍ കെ.സി. വേണുഗോപാല്‍ ഉണ്ടാകില്ലെന്നാണ് ലഭിക്കുന്ന സൂചന. വിമാനം ലാന്‍ഡ് ചെയ്യുന്നതിനായി വിമാനത്താവള അധികൃതരോട് അനുമതി തേടിയിട്ടുണ്ട്. ഇതോടെ നിയമസഭാ കക്ഷി യോഗം വൈകാനിടയുണ്ടെന്ന വിലയിരുത്തലും ശക്തമായി.

സര്‍ക്കാര്‍ രൂപീകരണത്തിന് ആവശ്യമായ ഭൂരിപക്ഷ പിന്തുണ അറിയിക്കുന്നതിനായി കെ.പി.സി.സി അധ്യക്ഷന്‍ സണ്ണിജോസഫ് ഗവര്‍ണറോട് സമയം തേടി. 'എപ്പോള്‍ വേണമെങ്കിലും എത്താം, ലോക്ഭവനില്‍ ഉണ്ടാകും' എന്നായിരുന്നു ഗവര്‍ണറുടെ മറുപടിയെന്നാണ് റിപ്പോര്‍ട്ട്.