ടി എം സിയില്‍ പ്രതിസന്ധി രൂക്ഷം; 20 എം പിമാര്‍ എന്‍ ഡി എയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് സ്പീക്കര്‍ക്ക് കത്ത് നല്‍കി

ടി എം സിയില്‍ പ്രതിസന്ധി രൂക്ഷം; 20 എം പിമാര്‍ എന്‍ ഡി എയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് സ്പീക്കര്‍ക്ക് കത്ത് നല്‍കി


ന്യൂഡല്‍ഹി: പശ്ചിമ ബംഗാളിലെ തെരഞ്ഞെടുപ്പ് തിരിച്ചടിക്ക് പിന്നാലെ തൃണമൂല്‍ കോണ്‍ഗ്രസില്‍ (ടി എം സി) ആഭ്യന്തര പ്രതിസന്ധി രൂക്ഷമാകുന്നതായി റിപ്പോര്‍ട്ട്. ലോക്‌സഭയിലെ ടി എം സി അംഗങ്ങളില്‍ കുറഞ്ഞത് 20 പേര്‍ ബി ജെ പി നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യത്തെ (എന്‍ ഡി എ) പിന്തുണയ്ക്കാന്‍ തീരുമാനിച്ചതായി ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് കത്ത് നല്‍കിയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 

പാര്‍ട്ടിയുടെ ലോക്‌സഭാ ചീഫ് വിപ്പ് സ്ഥാനത്തുനിന്ന് അടുത്തിടെ നീക്കം ചെയ്യപ്പെട്ട കാക്കോളി ഘോഷ് ദസ്തിദാറാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. താന്‍ ഉള്‍പ്പെടെ ഏകദേശം 20 ടി എം സി എം പിമാര്‍ എന്‍ ഡി എയെ പിന്തുണയ്ക്കാനുള്ള തീരുമാനം സ്പീക്കറെ അറിയിച്ചിട്ടുണ്ടെന്ന് ബംഗാളിലെ ജനവിധി തങ്ങള്‍ അംഗീകരിക്കുന്നതായും ഇനി മുന്നോട്ടുള്ള രാഷ്ട്രീയ യാത്ര എന്‍ ഡി എയോടൊപ്പമായിരിക്കണമെന്നാണ് തങ്ങളുടെ നിലപാടെന്നും ദസ്തിദാര്‍ പറഞ്ഞു.

പ്രതിപക്ഷ സഖ്യമായ 'ഇന്ത്യ' കൂട്ടായ്മയുടെ യോഗത്തില്‍ പങ്കെടുക്കാന്‍ ടി എം സി അധ്യക്ഷ മമത ബാനര്‍ജി ഡല്‍ഹിയില്‍ എത്തിയിരിക്കുന്നതിനിടെയാണ് ഈ നീക്കം. നിലവില്‍ ലോക്‌സഭയില്‍ ടി എം സിക്ക് 28 അംഗങ്ങളാണുള്ളത്.

താന്‍ ഇപ്പോഴും പാര്‍ട്ടിയുടെ ലോക്‌സഭാ ചീഫ് വിപ്പാണെന്നും സഹ എം പിമാരുമായി ആലോചിച്ച ശേഷമാണ് എന്‍ ഡി എയെ പിന്തുണയ്ക്കാനുള്ള തീരുമാനം കൈക്കൊണ്ടതെന്നും ദസ്തിദാര്‍ അവകാശപ്പെട്ടു.

ബരസാത്തില്‍ നിന്നുള്ള എം പിയായ ദസ്തിദാര്‍, തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ അഖിലേന്ത്യ മഹിളാ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ദേശീയ അധ്യക്ഷ സ്ഥാനം ഉള്‍പ്പെടെ പാര്‍ട്ടിയിലെ എല്ലാ സംഘടനാ പദവികളില്‍ നിന്നും രാജിവച്ചിരുന്നു. മമത ബാനര്‍ജിയുടെ അനന്തരവന്‍ അഭിഷേക് ബാനര്‍ജി പാര്‍ട്ടിയില്‍ കൊണ്ടുവന്ന രാഷ്ട്രീയ ഉപദേശക സ്ഥാപനമായ ഐ-പാക്കിനെതിരെയും അവര്‍ രൂക്ഷ വിമര്‍ശനം ഉന്നയിച്ചു.

ഐ-പാക്കിന്റെ ഏകപക്ഷീയമായ തീരുമാനങ്ങള്‍ അടിത്തട്ടിലെ പ്രവര്‍ത്തകരെ അവഗണിക്കുകയും അവരുടെ ആത്മവിശ്വാസം തകര്‍ക്കുകയും ചെയ്തതാണ് തിരഞ്ഞെടുപ്പ് പരാജയത്തിന് കാരണമായതെന്ന് അവര്‍ ആരോപിച്ചു. മമത ബാനര്‍ജി സര്‍ക്കാരിന്റെ നയങ്ങളെയും ഭരണപരമായ വീഴ്ചകളെയും ദസ്തിദാര്‍ വിമര്‍ശിച്ചു.

ഇതിനിടെ, ഇപ്പോള്‍ ബി ജെ പിയുടെ പ്രമുഖ നേതാവായ പശ്ചിമ ബംഗാള്‍ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി അധ്യക്ഷത വഹിച്ച ഭരണപരിശോധനാ യോഗത്തില്‍ ദസ്തിദാര്‍ പങ്കെടുത്തതും ടി എം സിയില്‍ ഭിന്നത ശക്തമാകുന്നുവെന്ന സൂചനയായി വിലയിരുത്തപ്പെടുന്നു. പാര്‍ട്ടിയിലെ അസംതൃപ്തരായ എം എല്‍ എമാരുടെയും എം പിമാരുടെയും ഒരു വിഭാഗം വിഭജനത്തിനുള്ള നീക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്ന അഭ്യൂഹങ്ങളും ശക്തമാണ്.

മുന്‍പ് ടി എം സിയുടെ രാജ്യസഭാംഗമായിരുന്ന സുഖേന്ദു ശേഖര്‍ റായ് പാര്‍ട്ടിയിലും രാജ്യസഭാംഗത്വത്തിലും നിന്ന് രാജിവച്ചിരുന്നു. അദ്ദേഹത്തിന്റെ രാജി രാജ്യസഭാ അധ്യക്ഷന്‍ അംഗീകരിക്കുകയും ചെയ്തു.

തുടര്‍ച്ചയായ രാജികളും നേതൃത്വത്തിനെതിരായ പ്രതിഷേധങ്ങളും നേരിടുന്ന മമത ബാനര്‍ജി നയിക്കുന്ന ടി എം സിക്ക് പുതിയ വെല്ലുവിളിയായാണ് ഈ സംഭവവികാസങ്ങള്‍.