ടോണി അവാര്‍ഡുകളില്‍ 'ഡെത്ത് ഓഫ് എ സെയില്‍സ്മാന്‍' തിളങ്ങി; മികച്ച നാടകം 'ലിബറേഷന്‍'

ടോണി അവാര്‍ഡുകളില്‍ 'ഡെത്ത് ഓഫ് എ സെയില്‍സ്മാന്‍' തിളങ്ങി; മികച്ച നാടകം 'ലിബറേഷന്‍'


ന്യൂയോര്‍ക്ക്: ബ്രോഡ്വേ നാടക ലോകത്തെ ഏറ്റവും ഉയര്‍ന്ന ബഹുമതികളിലൊന്നായ 79-ാമത് ടോണി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ന്യൂയോര്‍ക്കിലെ റേഡിയോ സിറ്റി മ്യൂസിക് ഹാളില്‍ നടന്ന പുരസ്‌കാര വേദിയില്‍ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത് ആര്‍തര്‍ മില്ലറുടെ പ്രശസ്ത നാടകത്തിന്റെ പുനരവതരണമായ ഡെത്ത് ഓഫ് എ സെയില്‍സ്മാന്‍ ആയിരുന്നു. ആറ് പുരസ്‌കാരങ്ങളാണ് ഈ നാടകം സ്വന്തമാക്കിയത്.

മികച്ച നാടകത്തിനുള്ള പുരസ്‌കാരം ലിബറേഷന്‍ നേടി. മികച്ച സംഗീത നാടകത്തിനുള്ള പുരസ്‌കാരം സ്‌ക്മിഗാഡൂണ്‍ സ്വന്തമാക്കി. മികച്ച സംഗീതനാടക പുനരവതരണത്തിനുള്ള അവാര്‍ഡ് റാഗ്‌ടൈം നേടി.

ജോ മന്റെല്ലോ സംവിധാനം ചെയ്ത 'ഡെത്ത് ഓഫ് എ സെയില്‍സ്മാന്‍' മികച്ച നാടക പുനരവതരണത്തിനുള്ള പുരസ്‌കാരത്തിന് പുറമെ മികച്ച നാടകസംവിധാനം, മികച്ച സഹനടി, മികച്ച സെറ്റ് ഡിസൈന്‍, മികച്ച ലൈറ്റിങ് ഡിസൈന്‍, മികച്ച സൗണ്ട് ഡിസൈന്‍ എന്നീ വിഭാഗങ്ങളിലുമാണ് ജയം കണ്ടത്.

മികച്ച നടിക്കുള്ള പുരസ്‌കാരം ലെസ്ലി മാന്‍വില്ലെ ('ഒഡിപസ്') നേടി. മികച്ച നടനുള്ള പുരസ്‌കാരം ജോണ്‍ ലിത്‌ഗോ ('ജയന്റ്') സ്വന്തമാക്കി.

സംഗീതനാടക വിഭാഗത്തില്‍ മികച്ച നടിക്കുള്ള പുരസ്‌കാരം കയിസ്സി ലെവി ('റാഗ്‌ടൈം')ക്കും മികച്ച നടനുള്ള പുരസ്‌കാരം ജോഷ്വ ഹെന്‍ റി ('റാഗ്‌ടൈം')ക്കും ലഭിച്ചു.

മികച്ച സഹനടിക്കുള്ള പുരസ്‌കാരം 'ഡെത്ത് ഓഫ് എ സെയില്‍സ്മാന്‍' നാടകത്തിലെ അഭിനയത്തിന് ലോറി മെറ്റ്കാഫ് നേടി. മികച്ച സഹനടനുള്ള പുരസ്‌കാരം ആല്‍ഡന്‍ എഹന്റീച്ച് ('ബെക്കി ഷോ')യ്ക്ക് ലഭിച്ചു.