വിശാഖപട്ടണം: വിശാഖപട്ടണം രാഷ്ട്രീയ ഇസ്പാത് നിഗം ലിമിറ്റഡ് സ്റ്റീല്‍ പ്ലാന്റില്‍ തിങ്കളാഴ്ച ഉണ്ടായ ഗുരുതര അപകടത്തില്‍ 10 പേര്‍ മരിച്ചതായും നിരവധി പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ട്. ഉരുകിയ സ്റ്റീല്‍ കൊണ്ടുപോകുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് പ്രാഥമിക വിവരങ്ങള്‍ സൂചിപ്പിക്കുന്നു.
സ്റ്റീല്‍ പ്ലാന്റിലെ എസ് എം എസ്-1 സി സി ഡി വിഭാഗത്തില്‍ ഉരുകിയ സ്റ്റീല്‍ നിറച്ച ലാഡില്‍ കൊണ്ടുപോകുന്നതിനിടെ അതിനെ താങ്ങിനിര്‍ത്തിയിരുന്ന വയറുകള്‍ പൊട്ടിയതിനെ തുടര്‍ന്ന് ഉരുകിയ ലോഹം നിലത്തേക്ക് ചോര്‍ന്നു വീഴുകയും തുടര്‍ന്ന് വന്‍ തീപിടിത്തമുണ്ടാകുകയുമായിരുന്നു.
അപകടത്തെ തുടര്‍ന്ന് പ്ലാന്റിലെ അഗ്നിശമന സേനാംഗങ്ങള്‍ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.
അപകടത്തില്‍ നിരവധി തൊഴിലാളികള്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റവരില്‍ മൂന്നുപേരുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
മരിച്ചവരില്‍ സ്റ്റീല്‍ പ്ലാന്റിലെ സ്ഥിരം ജീവനക്കാരും കരാര്‍ തൊഴിലാളികളും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം.
ദുരന്തവാര്‍ത്ത അറിഞ്ഞ പ്രധാനമന്ത്രി നരേന്ദ്ര മോഡി അനുശോചനം രേഖപ്പെടുത്തുകയും മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിക്കുകയും ചെയ്തു.
പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയില്‍ നിന്ന് മരിച്ച ഓരോരുത്തരുടെയും അടുത്ത ബന്ധുക്കള്‍ക്ക് രണ്ട് ലക്ഷം രൂപ വീതവും പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും ധനസഹായം നല്‍കുമെന്ന് മോഡി എക്സില്‍ കുറിച്ചു.
അപകടത്തിന്റെ കാരണം കണ്ടെത്തുന്നതിനും മരണസംഖ്യ സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണത്തിനുമായി അന്വേഷണം ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു.
