തിരുവനന്തപുരം: സസ്‌പെന്‍ഷനുശേഷം തിരികെയെത്തിയ ബി.അശോകിനെ ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായും എന്‍.പ്രശാന്തിനെ കായിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായും നിയമിച്ചു. ഇതിന് പുറമേ യുവജനക്ഷേമം, മൃഗശാലകൾ, മ്യൂസിയം, പുരാവസ്തു-ആർക്കൈവ്സ് എന്നീ വകുപ്പുകളുടെ പൂർണ്ണമായ അധിക ചുമതലയും പ്രശാന്തിന് നൽകിയിട്ടുണ്ട്.
ടി.വി.അനുപമ ഗതാഗത സെക്രട്ടറിയാകും ദിവ്യ.എസ്.അയ്യര്‍ തദ്ദേശ ഭരണവകുപ്പില്‍ പ്രിന്‍സിപ്പല്‍ ഡയറക്ടറാകും. ഡി.സജിത് ബാബുവാണ് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍. എം.ജി.രാജമാണിക്യം കെ.എസ്.ആര്‍.ടി.സി സി.എം.ഡിയാകും. പവർ, പരിസ്ഥിതി, പാർലമെന്‍ററികാര്യ വകുപ്പുകളുടെ ചുമതലയും രാജമാണിക്യം വഹിക്കും. ജെറോമിക് ജോര്‍ജിനെ വിഴിഞ്ഞം തുറമുഖം എംഡിയായി നിയമിച്ചു. ശ്രീധന്യ സുരേഷ് ഭക്ഷ്യ സുരക്ഷ കമ്മീഷണറായും പ്രേംകൃഷ്ണനെ സാംസ്‌കാരിക വകുപ്പ് ഡയറക്ടറായും നിയമിച്ചു.
കെ.എസ്.ഇ.ബി ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ സ്ഥാനത്തുനിന്ന് മിൻഹാജ് ആലത്തെ മാറ്റി. അദ്ദേഹത്തെ കൃഷിവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയായും അഗ്രികൾച്ചർ പ്രൊഡക്ഷൻ കമ്മീഷണറായും നിയമിച്ചു. സ്പോർട്സ്, യുവജനക്ഷേമം, മ്യൂസിയം-പുരാവസ്തു വകുപ്പുകളുടെ അധിക ചുമതലയും അദ്ദേഹത്തിനുണ്ടാകും.
ആഭ്യന്തര-വിജിലൻസ് വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയായ ബിശ്വനാഥ് സിൻഹയ്ക്ക് കയർ വികസനം, ഭവനനിർമ്മാണം എന്നീ വകുപ്പുകളുടെ പൂർണ്ണ അധിക ചുമതല നൽകി. ജലവിഭവ വകുപ്പിന്‍റെ ചുമതലയിൽ തുടരും. തീരദേശ ഷിപ്പിംഗ്, ഇൻലാൻഡ് നാവിഗേഷൻ വകുപ്പുകളിൽ നിന്ന് ഇദ്ദേഹത്തെ ഒഴിവാക്കി.
ധനകാര്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയായ കെ.ആർ.ജ്യോതിലാലിന് പ്ലാനിംഗ് ആൻഡ് ഇക്കണോമിക് അഫയേഴ്സ്, സംസ്ഥാന ആസൂത്രണ ബോർഡ് മെമ്പർ സെക്രട്ടറി എന്നീ പദവികളുടെ പൂർണ്ണ അധിക ചുമതല നൽകി. നികുതി, റീബിൽഡ് കേരള ഇനിഷ്യേറ്റീവ്, പബ്ലിക് പ്രൊക്യുർമെന്‍റ് അഡ്വൈസറി വകുപ്പുകളുടെ ചുമതലയിൽ അദ്ദേഹം തുടരും. ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയായ ഡോ. രാജൻ.എൻ.ഖൊബ്രാഗഡയെ സാംസ്കാരികം, ഉദ്യോഗസ്ഥ-ഭരണപരിഷ്കാര വകുപ്പ് എന്നിവയിൽ നിന്ന് ഒഴിവാക്കി. ആയുഷ് വകുപ്പിന്‍റെ അധിക ചുമതലയിൽ തുടരും.
മുഖ്യമന്ത്രിയുടെ സെക്രട്ടറിയായ ഡോ. രത്തൻ കേൽക്കറിന് തീരദേശ ഷിപ്പിംഗ്-ഇൻലാൻഡ് നാവിഗേഷൻ, പിആർഡി , വയോജന ക്ഷേമം എന്നീ വകുപ്പുകളുടെ പൂർണ്ണ അധിക ചുമതല കൂടി നൽകി. ഡോ. ശർമ്മിള മേരി ജോസഫിനെ വനിതാ-ശിശുവികസന വകുപ്പിൽ നിന്ന് ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായി മാറ്റി നിയമിച്ചു. ഭക്ഷ്യ-പൊതുവിതരണ വകുപ്പിന്‍റെ പൂർണ്ണ അധിക ചുമതലയും നൽകിയിട്ടുണ്ട്. ഡോ. രാജു നാരായണസ്വാമിയെ പാർലമെന്‍ററി കാര്യ വകുപ്പിൽ നിന്ന് സൈനിക് ക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയാക്കി. തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായ ടിങ്കു ബിസ്വാളിനെ കൃഷിവകുപ്പിന്റെ ചുമതലയിൽ നിന്ന് ഒഴിവാക്കി. ഐ.എം.ജി ഡയറക്ടർ ജനറലായി തുടരും.
ഐ.എ.എസ് തലപ്പത്ത് വന്‍ അഴിച്ചുപണി: ബി.അശോക് ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പൽ സെക്രട്ടറി; എന്‍.പ്രശാന്ത് കായികവകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി
