മുംബൈ: നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ മഹാരാഷ്ട്രയുടെ മുഖ്യമന്ത്രിയാകാന്‍ ദേവേന്ദ്ര ഫഡ്നാവിസ്. സത്യപ്രതിജ്ഞ നാളെയുണ്ടായേക്കും. എട്ട് സുപ്രധാന വകുപ്പുകളുടെ ചുമതല ദേവേന്ദ്ര ഫഡ്‌നാവിസിനുണ്ടാകുമെന്നാണ് സൂചന. അജിത് പവാറും ഏക്‌നാഥ് ഷിന്‍ഡെയും ഉപമുഖ്യമന്ത്രിമാരാകും.
മഹാരാഷ്ട്രയിലെ മുഖ്യമന്ത്രി ആരാകുമെന്ന കാര്യത്തില്‍ ഏറെ ദിവസമായി മഹായുതി സഖ്യത്തില്‍ തര്‍ക്കം തുടരുകയായിരുന്നു. പുതിയ മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ ഡിസംബര്‍ അഞ്ചിന് നടക്കുമെന്ന് ബിജെപി നേതാക്കള്‍ വ്യക്തമാക്കിയിരുന്നു. ഫഡ്നാവിസ് തന്നെയാകും മുഖ്യമന്ത്രി എന്ന് ബിജെപി ഉറപ്പിച്ച് പറഞ്ഞിരുന്നെങ്കിലും അവസാന ദിവസങ്ങളില്‍ ഏക്‌നാഥ് ഷിന്‍ഡെ പൊടുന്നനെ ചര്‍ച്ചകളില്‍ നിന്ന് അപ്രത്യക്ഷനായത് വലിയ ആശങ്കയുണ്ടാക്കിയിരുന്നു. അനാരോഗ്യം കാരണം മാറിനിന്നതെന്ന് പിന്നീട് വിശദീകരിച്ചെങ്കിലും ഷിന്‍ഡെയ്ക്ക് മറ്റെന്തെങ്കിലും പദ്ധതിയുണ്ടോ എന്ന സാധ്യതയും ബിജെപിയില്‍ ശക്തമായിരുന്നു.
സത്യപ്രതിജ്ഞാ ചടങ്ങിന്റെ ദിനം അടുത്തതോടെ ഏക്‌നാഥ് ഷിന്‍ഡെയെ ഉയര്‍ത്തിക്കാട്ടിയുള്ള ഷിന്‍ഡെ സേനാ നേതാക്കളുടെ പ്രചാരണവും ശക്തമായിരുന്നു. ഷിന്‍ഡെയുടെ പ്രവര്‍ത്തനങ്ങളും നേതൃഗുണവും കൂടി ഉള്ളതുകൊണ്ടാണ് സഖ്യം തിരഞ്ഞെടുപ്പ് ജയിച്ചതെന്ന് വിവിധ സേനാ നേതാക്കള്‍ അഭിപ്രായപ്പെട്ടിരുന്നു. ഇത്തരത്തില്‍ നിരന്തരം ഉയര്‍ന്നുവരുന്ന അഭിപ്രായപ്രകടനങ്ങള്‍ ഷിന്‍ഡെ ക്യാമ്പിന്റെ സമ്മര്‍ദ്ദതന്ത്രമാണ് എന്നായിരുന്നു ബിജെപിയുടെ വിലയിരുത്തല്‍.
ദേവേന്ദ്ര ഫഡ്നാവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രിയാകും; സത്യപ്രതിജ്ഞ നാളെ