വനിതാ ചെസില്‍ ചരിത്രമെഴുതി ദിവ്യ ദേശ്മുഖ്

വനിതാ ചെസില്‍ ചരിത്രമെഴുതി ദിവ്യ ദേശ്മുഖ്


ബാറ്റുമി: ഇന്ത്യന്‍ വനിതാ ചെസില്‍ ചരിത്രമെഴുതി യുവതാരം ദിവ്യ ദേശ്മുഖ്. ഫിഡെ വനിതാ ചെസ് ലോകകപ്പ് കിരീടം ദിവ്യ സ്വന്തമാക്കി. ഫൈനലില്‍ ഇന്ത്യന്‍ താരം തന്നെയായ കൊനേരു ഹംപിയെ വീഴ്ത്തിയാണ് ദിവ്യയുടെ കിരീടധാരണം. 

പതിനഞ്ചാം സീഡായി ടൂര്‍ണമെന്റിനെത്തിയ ദിവ്യ ലോകത്തെ ഏറ്റവും പ്രഗല്‍ഭരായ നിരവധി താരങ്ങളെ മറികടന്നാണ് ലോക കിരീടവും ഒപ്പം ഗ്രാന്‍ഡ്മാസ്റ്റര്‍ സ്ഥാനവും സ്വന്തമാക്കിയത്.

ഇതോടെ ദിവ്യ ഇന്ത്യയുടെ 88-ാം ഗ്രാന്‍ഡ്മാസ്റ്ററായി. ഇതില്‍ ഹംപിയും ദിവ്യയും ഉള്‍പ്പെടെ നാലു പേര്‍ മാത്രമാണ് വനിതകള്‍.

ഫൈനലില്‍ ക്ലാസിക് ശൈലിയില്‍ നടത്തിയ ആദ്യ രണ്ടു ഗെയിമുകളും സമനിലയില്‍ അവസാനിച്ചതിനെത്തുടര്‍ന്ന് മൂന്നാം ഗെയിം ടൈ ബ്രൈക്കറായി റാപ്പിഡ് രീതിയിലാണ് നടത്തിയത്. അതിനാല്‍ റാപ്പിഡ് ചെസ് ലോക ചാംപ്യന്‍ എന്ന നിലയിലും അനുഭവസമ്പത്തിന്റെ ബലത്തിലും മുപ്പത്തെട്ടുകാരിയായ ഹംപിക്കാണ് കൂടുതല്‍ മുന്‍തൂക്കം കല്‍പ്പിക്കപ്പെട്ടിരുന്നത്. എന്നാല്‍ സമ്മര്‍ദ്ദങ്ങള്‍ മുഴുവന്‍ മറികടന്ന് ദിവ്യ മുന്നേറുകയായിരുന്നു. ഹംപി സമയവുമായുള്ള പോരാട്ടത്തില്‍ നിരവധി നിര്‍ണായക പിഴവുകള്‍ വരുത്തയതോടെ ലഭിച്ച ആനുകൂല്യം ദിവ്യ പരമാവധി മുതലെടുക്കുകയായിരുന്നു.