ഈസ്റ്റര്‍ അവധി റദ്ദാക്കിയ വിവാദ ഉത്തരവ് പിന്‍വലിച്ച് മണിപ്പൂര്‍ സര്‍ക്കാര്‍

ഈസ്റ്റര്‍ അവധി റദ്ദാക്കിയ വിവാദ ഉത്തരവ് പിന്‍വലിച്ച് മണിപ്പൂര്‍ സര്‍ക്കാര്‍


ന്യൂഡല്‍ഹി: വിവാദമായതോടെ ഈസ്റ്റര്‍ ദിനത്തിലെ ഔദ്യോഗിക അവധി റദ്ദാക്കികൊണ്ടുള്ള ഉത്തരവ് പിന്‍വലിച്ച് മണിപ്പൂര്‍ സര്‍ക്കാര്‍. പുതിയ ഉത്തരവനുസരിച്ച് മണിപ്പൂരില്‍ ദു:ഖവെള്ളിയും ഈസ്റ്ററും അവധി ദിവസമായിരിക്കും. ഇതിനിടയില്‍ ശനിയാഴ്ച (മാര്‍ച്ച് 30) മാത്രം പ്രവര്‍ത്തി ദിനമായിരിക്കുമെന്ന് വ്യക്തമാക്കിയാണ് പുതിയ ഉത്തരവിറക്കിയത്.

ഈസ്റ്റര്‍ ദിനം പ്രവര്‍ത്തി ദിവസമാക്കികൊണ്ട് ഇന്നലെയിറക്കിയ ഉത്തരവ് വലിയ ചര്‍ച്ചകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വഴിവച്ചിരുന്നു. തുടര്‍ന്ന് ഇക്കാര്യത്തില്‍ കേന്ദ്രം ഇടപെടുകയായിരുന്നുവെന്നാണ് വിവരം. സാമ്പത്തിക വര്‍ഷത്തിന്റെ അവസാന ദിവസം എന്ന കാരണം ചൂണ്ടിക്കാട്ടിയായിരുന്നു ഈ ഉത്തരവ്. സര്‍ക്കാര്‍ ഓഫിസുകള്‍, കോര്‍പ്പറേഷനുകള്‍, മണിപ്പൂര്‍ സര്‍ക്കാരിനു കീഴിലുള്ള സൊസൈറ്റികള്‍ എന്നിവയെല്ലാം തുറന്നു പ്രവര്‍ത്തിക്കണമെന്നാണ് ഉത്തരവിലുണ്ടായിരുന്നത്. മാര്‍ച്ച് 31നാണ് ഇക്കുറി ഈസ്റ്റര്‍. മാര്‍ച്ച് 30 ശനിയാഴ്ചയും 31 ഞായറാഴ്ചയുമാണ്. ഈ രണ്ട് ദിവസങ്ങളും പ്രവര്‍ത്തി ദിവസമായിരിക്കുമെന്ന് മണിപ്പൂര്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവില്‍ പറഞ്ഞിരുന്നു.

സര്‍ക്കാര്‍ നടപടിക്കെതിരെ ശക്തമായ പ്രതിഷേധവുമായി മണിപ്പൂരിലെ കുക്കി സംഘടനകള്‍ രംഗത്ത് വന്നിരുന്നു. മണിപ്പൂരില്‍ ഈസ്റ്ററിനും ദു:ഖവെള്ളിക്കും അവധി നിഷേധിച്ചതിനെതിരെ നേരത്തെ കേന്ദ്ര മന്ത്രിയും തിരുവനന്തപുരത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ രാജീവ് ചന്ദ്രശേഖര്‍, തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂര്‍, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, കെസി വേണുഗോപാല്‍ തുടങ്ങിയവര്‍ രംഗത്തെത്തിയിരുന്നു.