പാട്‌ന: ബിഹാര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് കേന്ദ്രമന്ത്രി ചിരാഗ് പസ്വാന്‍. നിതീഷ് കുമാര്‍ സര്‍ക്കാരിനെ പൊതുവേദിയില്‍ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു, ചിരാഗ്. ബിഹാറില്‍ കൊലകളും ബലാത്സംഗവും വര്‍ധിച്ചുവരുന്നത് വേദനയുണ്ടാക്കുന്നുവെന്ന് കേന്ദ്രമന്ത്രി തുറന്നടിച്ചു. സഖ്യകക്ഷി സര്‍ക്കാരിനെതിരായ കേന്ദ്രമന്ത്രിയുടെ വിമര്‍ശനം പുതിയ രാഷ്ട്രീയ നീക്കമായാണ് വിലയിരുത്തപ്പെടുന്നത്.
എന്തുകൊണ്ടാണ് മറ്റ് സംസ്ഥാനങ്ങളിലുള്ളവര്‍ ബിഹാറിലേക്ക് പഠിക്കാനോ ജോലിയ്‌ക്കോ വരാത്തത്. നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ. നമുക്കത് സങ്കല്‍പിക്കാനാകില്ല. കാരണം മറ്റുള്ളവരെ ആകര്‍ഷിക്കാനുള്ള ഒന്നും ഇവിടെയില്ല. അതിന് സംസ്ഥാനം ഇതുവരെ കാണാത്ത തരം വികസനം വരണം, ബിഹാറിനെ മാറ്റിമറിക്കണം. അതിലാണിനി ശ്രദ്ധ ചപ്രയില്‍ നടന്ന നവസങ്കല്‍പ് മഹാസഭ എന്ന രാഷ്ട്രീയ ചടങ്ങില്‍ ചിരാഗ് പസ്വാന്‍ പറഞ്ഞു.
ബലാത്സംഗങ്ങളും കൊലകളും തട്ടിക്കൊണ്ടുപോകലും ദിനംപ്രതി വര്‍ധിച്ചുവരുന്നു. വ്യവസായിയെന്നോ സാധാരണക്കാരനെന്നോ വ്യത്യാസമില്ല. ഇത് വേദനയുണ്ടാക്കുന്നു പരസ്യമായി തുറന്നടിച്ച് ചിരാഗ് പറഞ്ഞു. ബിഹാറിനെ എങ്ങനെ മാറ്റിത്തീര്‍ക്കാം എന്നതാണ് ഇപ്പോഴുള്ള ചിന്തയെന്നും നിയമസഭയിലേക്ക് മത്സരിക്കുമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. എന്‍ഡിഎ സഖ്യകക്ഷിയായ ജെഡിയു ഭരിക്കുന്ന ബിഹാറില്‍ വികസനമില്ലായ്മയും ക്രമസമാധാന പ്രശ്‌നവുമാണെന്ന് പരസ്യമായി സ്വന്തം മുന്നണിയിലെ കേന്ദ്രമന്ത്രി ഉന്നയിച്ചത് നിതീഷ് കുമാറിനെ ചൊടിപ്പിച്ചിട്ടുണ്ട്.
പക്ഷേ ലോക് ജന്‍ ശക്തി പാര്‍ട്ടി നേതാവ് ചിരാഗ് പസ്വാന്‍ നിതീഷ് സര്‍ക്കാരുമെതിരെ നടത്തിയ വിമര്‍ശനം യാദൃശ്ചികമല്ല. ബിഹാര്‍ തെരഞ്ഞെടുപ്പ് മൂന്ന് മാസം മാത്രമാണിനി ബാക്കി. നിതീഷിന് പകരം ചിരാഗിലൂടെ പുതിയ മുഖം തെരഞ്ഞെടുപ്പിന് നല്‍കാനാണ് ബിജെപിയുടെ നീക്കം. അതിന്റെ തുടര്‍ച്ചയാണ് നിതീഷ് സര്‍ക്കാരിനെതിരായ രാഷ്ട്രീയ വിമര്‍ശനമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ബിഹാര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് കേന്ദ്രമന്ത്രി ചിരാഗ് പസ്വാന്‍
