അമേരിക്കന്‍ വിരുദ്ധ നിലപാടുള്ള ബ്രിക്‌സുമായി സഹകരിക്കുന്ന രാജ്യങ്ങള്‍ക്ക് പത്തുശതമാനം അധിക നികുതി ചുമത്തുമെന്ന് ട്രംപ്

അമേരിക്കന്‍ വിരുദ്ധ നിലപാടുള്ള ബ്രിക്‌സുമായി സഹകരിക്കുന്ന രാജ്യങ്ങള്‍ക്ക് പത്തുശതമാനം അധിക നികുതി ചുമത്തുമെന്ന് ട്രംപ്


ന്യൂയോര്‍ക്ക്: ബ്രിക്‌സുമായി സഹകരിക്കുന്ന രാജ്യങ്ങള്‍ക്ക് പത്ത് ശതമാനം അധിക തീരുവ ചുമത്തുമെന്ന മുന്നറിയിപ്പുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ബ്രിക്‌സിന്റെത് അമേരിക്കന്‍ വിരുദ്ധ നയമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ട്രംപിന്റെ ഇറക്കുമതി തീരുവകള്‍ ആഗോള സമ്പദ്‌വ്യവസ്ഥയെ ദോഷകരമായി ബാധിക്കുമെന്ന് വികസിച്ചുവരുന്ന രാജ്യങ്ങളുടെ കൂട്ടായ്മയായ ബ്രിക്‌സ് ഉച്ചകോടി ആരോപിച്ചതിനു പിന്നാലെയാണ് ട്രംപിന്റെ പ്രതികരണം. ഏകപക്ഷീയമായ താരിഫ് വര്‍ധനവില്‍ ആശങ്ക പ്രകടിപ്പിച്ച ബ്രിക്‌സ്, ട്രംപിന്റെ നീക്കം നിയമവിരുദ്ധവും ഏകപക്ഷീയവുമാണെന്നും കുറ്റപ്പെടുത്തിയിരുന്നു. ബ്രസീലില്‍ നടക്കുന്ന ഉച്ചകോടിയില്‍ ബ്രീസിലിനു പുറമെ, ചൈന, ഈജിപ്ത്, എത്യോപ്യ, ഇന്ത്യ, ഇന്തോനേഷ്യ, ഇറാന്‍, റഷ്യ, ദക്ഷിണാഫ്രിക്ക, യു.എ.ഇ രാജ്യങ്ങളാണ് പങ്കെടുക്കുന്നത്.

പഹല്‍ഗാം ഭീകരാക്രമണത്തെയും ബ്രിക്‌സ് ഉച്ചകോടി അപലപിച്ചു. മനുഷ്യരാശി നേരിടുന്ന ഏറ്റവും ഗുരുതരമായ വെല്ലുവിളിയാണ് ഭീകരതയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞു. ഏതെങ്കിലും രാജ്യം പ്രത്യക്ഷമായോ പരോക്ഷമായോ ഭീകരതക്ക് പിന്തുണ നല്‍കുകയാണെങ്കില്‍ അവര്‍ അതിന് വില നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.

ഇരട്ടത്താപ്പിന്റെ ഇരകളാണ് ഗ്ലോബല്‍ സൗത്ത് എന്നും മോഡി കൂട്ടിച്ചേര്‍ത്തു. ലോകസമ്പദ്‌വ്യവസ്ഥയില്‍ നിര്‍ണായക സംഭാവന നല്‍കുന്ന ഗ്ലോബല്‍ സൗത്ത് രാജ്യങ്ങള്‍ക്ക് തീരുമാനങ്ങളെടുക്കുന്ന വേദിയില്‍ സ്ഥാനമില്ലെന്ന് മോഡി പറഞ്ഞു. യു.എന്‍ രക്ഷാസമിതി ഉള്‍പ്പെടെ പ്രധാന വേദികള്‍ അടിയന്തരമായി പരിഷ്‌കരിക്കണം. 20ാം നൂറ്റാണ്ടില്‍ സ്ഥാപിതമായ ആഗോള സ്ഥാപനങ്ങളില്‍ മനുഷ്യരാശിയുടെ മൂന്നിലൊന്നിനും മതിയായ പ്രാതിനിധ്യം ലഭിച്ചിട്ടില്ല.

ഗ്ലോബല്‍ സൗത്ത് ഇല്ലാത്ത ഈ സ്ഥാപനങ്ങള്‍ സിം കാര്‍ഡുണ്ടെങ്കിലും നെറ്റ്‌വര്‍ക്കില്ലാത്ത മൊബൈല്‍ ഫോണ്‍ പോലെയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബ്രിക്‌സില്‍ പങ്കെടുക്കുന്നതുകൂടാതെ മോഡി ബ്രസീല്‍ പ്രസിഡന്റ് ലുല ഡിസില്‍വയുമായി ഔദ്യോഗിക കൂടിക്കാഴ്ചയും നടത്തും. അര്‍ജന്റീന സന്ദര്‍ശിച്ച മോഡി പ്രസിഡന്റ് ഹാവിയര്‍ മിലൈയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഘാന, ട്രിനിഡാഡ്ടുബേഗോ എന്നിവിടങ്ങളും സന്ദര്‍ശിച്ച മോഡി നമീബിയകൂടി സന്ദര്‍ശിച്ച ശേഷമാവും ഇന്ത്യയിലെത്തുക