റിയാദ്- ഡല്‍ഹി വിമാനം ജയ്പൂരിലിറക്കി: മോശം കാലാവസ്ഥയെന്ന് എയര്‍ ഇന്ത്യ; മോശം പെരുമാറ്റമെന്ന് യാത്രക്കാര്‍

റിയാദ്- ഡല്‍ഹി വിമാനം ജയ്പൂരിലിറക്കി: മോശം കാലാവസ്ഥയെന്ന് എയര്‍ ഇന്ത്യ; മോശം പെരുമാറ്റമെന്ന് യാത്രക്കാര്‍


ജയ്പൂര്‍: റിയാദില്‍ നിന്ന് ഡല്‍ഹിയിലേക്ക് പറന്ന എയര്‍ ഇന്ത്യ വിമാനം പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് ജയ്പൂരിലേക്ക് വഴിതിരിച്ചു വിട്ടു. എയര്‍ ഇന്ത്യയുടെ എഐ 926 വിമാനമാണ് ജയ്പുര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് മാറ്റിയത്. 

റിയാദില്‍ നിന്ന് ഞായറാഴ്ച വൈകിട്ട് 5 മണിക്ക് പുറപ്പെട്ട വിമാനം പുലര്‍ച്ചെ ഒരു മണിക്ക് ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങേണ്ടതായിരുന്നു. പുലര്‍ച്ചെ 12.55ന് ജയ്പുരില്‍ ഇറക്കിയ വിമാനത്തിലെ യാത്രക്കാര്‍ക്ക് ഡല്‍ഹിയിലേക്ക് മറ്റൊരു വിമാനം ഒരുക്കിയെങ്കിലും റോഡ് മാര്‍ഗമുള്ള യാത്രയാണ് അവര്‍ സ്വീകരിച്ചതെന്ന് എയര്‍ ഇന്ത്യ വൃത്തങ്ങള്‍ അറിയിച്ചു.

എന്നാല്‍ വിമാനം ലാന്റ് ചെയ്ത ശേഷം പൈലറ്റുമാര്‍ തങ്ങളുടെ ഡ്യൂട്ടി സമയം അവസാനിച്ചുവെന്ന് പറഞ്ഞ് ഡല്‍ഹിയിലേക്ക് പറക്കാന്‍ വിസമ്മതിക്കുകയായിരുന്നുവെന്ന് യാത്രക്കാര്‍ പരാതിപ്പെടുന്നു. ഇതേ തുടര്‍ന്ന് മൂന്നു മണിക്കൂറോളം യാത്രക്കാര്‍ വിമാനത്തിലും ടെര്‍മിനല്‍ ഏരിയയിലും കുടുങ്ങിയെന്നു ഒടുവിലാണ് റോഡ് മാര്‍ഗ്ഗം ഡല്‍ഹിയിലേക്ക് പോകാന്‍ തയ്യാറായതെന്നുമാണ് യാത്രക്കാര്‍ വിശദമാക്കുന്നത്. 

വ്യോമയാന നിയമങ്ങള്‍ പ്രകാരം പൈലറ്റുമാര്‍ക്ക് നിശ്ചിത ഫ്‌ളൈറ്റ് ഡ്യൂട്ടി കാലയളവിനപ്പുറം പറപ്പിക്കാന്‍ അനുവാദമില്ല. വ്യത്യസ്ത ഘടകങ്ങളെ ആശ്രയിച്ചാണ് ഈ ഡ്യൂട്ടി തീരുമാനിക്കുന്നത്. പകല്‍, രാത്രി ജോലി, സെക്ടറുകളുടെ എണ്ണം, ക്രൂ എണ്ണം എന്നിവ അടിസ്ഥാനമാക്കി ഡ്യൂട്ടി സമയം 8 മുതല്‍ 13 മണിക്കൂര്‍ വരെയാണ് അനുവദിക്കുക. ഡ്യൂട്ടിക്കു ശേഷം മറ്റൊരു വിമാനത്തില്‍ പൈലറ്റിനെ നിയമിക്കുന്നതിന് മുമ്പ് 12 മുതല്‍ 14 മണിക്കൂര്‍ വരെ വിശ്രമം നിര്‍ബന്ധമാണ്. 

ജയ്പൂരില്‍ നിന്നും ഡല്‍ഹിയിലേക്ക് വിമാനം പറപ്പിക്കാന്‍ പകരം ജീവനക്കാര്‍ ഇല്ലാത്തതിനെ തുടര്‍ന്നാണ് റോഡു മാര്‍ഗ്ഗം കൊണ്ടുപോകാമെന്ന് അധികൃതര്‍ അറിയിച്ചത്. ഇതോടെ പലര്‍ക്കും ഡല്‍ഹിയില്‍ നിന്നുള്ള കണക്ടിംഗ് വിമാനങ്ങളുടെ കാര്യത്തില്‍ ആശങ്കയായിരുന്നു. 

ജീവനക്കാര്‍ യാത്രക്കാരോട് മോശമായി പെരുമാറിയെന്നും എയര്‍ ഇന്ത്യയുടെ പ്രൊഫഷണലിസമില്ലായ്മയാണ് ഇത് കാണിക്കുന്നതെന്നും യാത്രക്കാരിയായ ഫാത്തിമ പറഞ്ഞു. അവിവാഹിതയായ ഒരു സ്ത്രീ ഒരിക്കലും എയര്‍ ഇന്ത്യയില്‍ പറക്കരുതെന്നും അന്താരാഷ്ട്ര വിമാനം ബുക്ക് ചെയ്തിട്ടും അര്‍ധരാത്രിയില്‍ ബസ്സിലിറക്കിയെന്നും രാത്രി ഭക്ഷണം നല്‍കിയില്ലെന്നും അവര്‍ വ്യക്തമാക്കി. 

തങ്ങളുടെ വിമാനം മാത്രമാണ് വഴി തിരിച്ചുവിട്ടതെന്നും കാലാവസ്ഥ മോശമാണെങ്കില്‍ മറ്റെല്ലാ വിമാനങ്ങളും ഡല്‍ഹിയിലിറക്കിയത് എങ്ങനെയാണെന്നും മറ്റൊരു യാത്രക്കാരനായ ആദില്‍ ഖാന്‍ ചോദിച്ചു. 

രാവിലെ നാല്, അഞ്ച് മണിയോടെയാണ് യാത്രക്കാരെ ബസ്സുകള്‍ വഴി ഡല്‍ഹിയിലേക്ക് അയച്ചത്. എന്നാല്‍ അപ്പോഴേക്കും അവരില്‍ പലര്‍ക്കും കണക്ടിംഗ് ഫ്‌ളൈറ്റുകള്‍ നടഷ്ടപ്പെട്ടിരുന്നു. 

എയര്‍ ഇന്ത്യ വിമാനത്തിന് ആദ്യമായല്ല ഇത്തരമൊരു സംഭവമുണ്ടാകുന്നത്. 2024 നവംബര്‍ 18ന് പാരീസില്‍ നിന്ന് ഡല്‍ഹിയിലേക്ക് പറന്ന വിമാനം സമാനമായി ജയ്പൂരിലേക്ക് തിരിച്ചു വിടുകയും സമയം അവസാനിച്ചതോടെ പൈലറ്റ് വിമാനം പറത്താന്‍ വിസമ്മതിക്കുകയും ചെയ്തു. റോഡ് മാര്‍ഗ്ഗം യാത്രക്കാരെ ഡല്‍ഹിയില്‍ എത്തിച്ചെങ്കിലും ഒന്‍പത് മണിക്കൂറാണ് യാത്രക്കാര്‍ ജയ്പൂര്‍ വിമാനത്താവളത്തില്‍ കുടുങ്ങിയത്.