ന്യൂഡല്‍ഹി: രണ്ടാഴ്ച്ചയ്ക്കുള്ളില്‍ ചീഫ് ജസ്റ്റിസിന്റെ ഔദ്യോഗിക വസതി ഒഴിയുമെന്ന് മുന്‍ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അറിയിച്ചു. സാധനങ്ങള്‍ മറ്റാന്‍ 10 ദിവസത്തെ സമയം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
വിരമിച്ചശേഷം വസതിയില്‍ തുടരാവുന്ന പരമാവധി കാലാവധി ആറുമാസമാണ്. നവംബറില്‍ ചീഫ് ജസ്റ്റിസ് പദവിയില്‍നിന്ന് വിരമിച്ച ചന്ദ്രചൂഡ് ഇപ്പോഴും ഔദ്യോഗിക വസതിയില്‍ തുടരുന്നുണ്ട്.
സര്‍ക്കാര്‍ വാടക അടിസ്ഥാനത്തില്‍ നല്‍കിയ വസതിയില്‍ പ്രത്യേക പരിഗണന അര്‍ഹിക്കുന്ന തന്റെ രണ്ട് പെണ്‍മക്കള്‍ക്കായി വീല്‍ചെയറില്‍ പോവാനുള്ള സൗകര്യം ഒരുക്കണമെന്നും ഇതിനുള്ള കാലതാമസമാണ് വസതി ഒഴിയാനുള്ള കാരണമെന്നും ചന്ദ്രചൂഡ് വിശദീകരിച്ചു.
ചീഫ് ജസ്റ്റിസിന്റെ ഔദ്യോഗിക വസതി എത്രയും വേഗം ഒഴിയണമെന്ന് സുപ്രിംകോടതി ഞായറാഴ്ച ആവശ്യപ്പെട്ടിരുന്നു. വസതി കൈമാറാനുള്ള സമയം കഴിഞ്ഞെന്നു ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. ഇതു സംബന്ധിച്ച് കോടതി അധികൃതര്‍ കേന്ദ്രത്തിനും കത്തു നല്‍കിയിരുന്നു.