ജപ്പാന്‍ കോസ്റ്റ് ഗാര്‍ഡ് അക്കാദമി പരിശീലനക്കപ്പല്‍ ഇന്ത്യന്‍ സന്ദര്‍ശനത്തിന് ചെന്നൈയില്‍

ജപ്പാന്‍ കോസ്റ്റ് ഗാര്‍ഡ് അക്കാദമി പരിശീലനക്കപ്പല്‍ ഇന്ത്യന്‍ സന്ദര്‍ശനത്തിന് ചെന്നൈയില്‍


ചെന്നൈ: ഇന്ത്യയും ജപ്പാനും തമ്മിലുളള സൈനിക സഹകരണം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ജപ്പാന്‍ കോസ്റ്റ് ഗാര്‍ഡ് അക്കാദമിയുടെ പരിശീലന കപ്പല്‍ ഇറ്റ്‌സുക്കുഷിമ ആറു ദിവസത്തെ സന്ദര്‍ശനത്തിന് ചെന്നൈയില്‍ എത്തി. മൂന്നു മാസത്തെ ആഴക്കടല്‍ പരിശീലന യാത്ര നടത്തുന്ന കപ്പലില്‍ പുതുതായി നിയമിക്കപ്പെട്ട ജപ്പാന്‍ കോസ്റ്റ് ഗാര്‍ഡിലെ 53 ഉദ്യോഗസ്ഥരാണുള്ളത്. 

ചെന്നൈ തുറമുഖത്ത് എത്തിയ കപ്പലിന് എന്‍സിസി കേഡറ്റുകളും ഇന്ത്യന്‍ ആര്‍മി ബാന്‍ഡും ചേര്‍ന്ന് സ്വീകരണം നല്‍കി. പരിശീലനവും സാംസ്‌കാരിക ഇടപാടുകളും ഉള്‍പ്പെടുന്ന ആഗോള കടല്‍ യാത്രയിലൂടെയാണ് ജപ്പാന്‍ കപ്പല്‍ മേഖലാ ബന്ധങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുന്നത്.

ജി 7 ഉച്ചകോടിയോടനുബന്ധിച്ച് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ജപ്പാന്‍ പ്രധാനമന്ത്രി ഷിഗേരു ഇഷിബയും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ വിവിധ മേഖലകളില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താന്‍ തീരുമാനിച്ചിരുന്നു. 

2024 നവംബര്‍ മാസത്തില്‍ നടന്ന പതിനൊന്നാമത് ആസിയാന്‍ ഡിഫന്‍സ് മിനിസ്റ്റേഴ്‌സ് മീറ്റിങ് പ്ലസ്ല്‍ ഇന്ത്യന്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ജപ്പാന്‍ പ്രതിരോധ മന്ത്രി ജനറല്‍ നാക്കതാനിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതില്‍ യൂനിഫൈഡ് കോംപ്ലക്‌സ് റേഡിയോ ആന്റിന സംവിധാനം ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡ് ജപ്പാന്റെ സഹകരണത്തോടെ ഇന്ത്യയില്‍ സംയുക്തമായി വികസിപ്പിക്കാന്‍ ഒപ്പുവെച്ചിരുന്നു. ഇതു നടപ്പിലായാല്‍ ഇന്ത്യയും ജപ്പാനും തമ്മിലുള്ള പ്രതിരോധ ഉപകരണങ്ങളുടെ സംയുക്ത വികസനത്തിന്റേയും ഉത്പാദനത്തിന്റേയും ആദ്യഘട്ടം പൂര്‍ത്തിയാകും.