ജമ്മു: പഹല്‍ഗാമില്‍ ആക്രമണം നടത്തിയ ഭീകരര്‍ക്കു താവളമൊരുക്കിയതിന് അറസ്റ്റിലായ രണ്ട് കശ്മീരി യുവാക്കളെ ജമ്മുവിലെ പ്രത്യേക കോടതി 10 ദിവസം കൂടി എന്‍ ഐ എയുടെ കസ്റ്റഡിയില്‍ വിട്ടു. പര്‍വേസ് അഹമ്മദ് ജോത്തര്‍, ബഷീര്‍ അഹമ്മദ് ജോത്തര്‍ എന്നിവരെയാണ് കസ്റ്റഡി കാലാവധി അവസാനിച്ചതോടെ വീണ്ടും ചോദ്യം ചെയ്യലിനു വേണ്ടി എന്‍ ഐ എയ്ക്ക് കൈമാറിയത്.
പഹല്‍ഗാമില്‍ 26 പേരെ കൂട്ടക്കൊല ചെയ്ത പാക് ഭീകരരുടെ വിശദാംശങ്ങള്‍ ഇവരില്‍ നിന്നു ലഭിച്ചതായി എന്‍ഐഎ കോടതിയില്‍ അറിയിച്ചു. ആക്രമണത്തിന് ഏതാനും ദിവസം മുന്‍പ് പഹല്‍ഗാമിലെത്തിയ ഭീകരര്‍ക്ക് താത്കാലിക കുടിലില്‍ അഭയമൊരുക്കിയത് പര്‍വേസും ബഷീറും ചേര്‍ന്നാണ്. ഇരുവര്‍ക്കും ഭക്ഷണമുള്‍പ്പെടെ എത്തിച്ചതും പ്രദേശത്തെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കിയതും ഇവരാണ്.
ഏപ്രില്‍ 22നായിരുന്നു പഹല്‍ഗാമിലെ ബൈസരണ്‍ വാലിയില്‍ 26 സഞ്ചാരികളെ ഭീകരര്‍ വെടിവച്ചുകൊലപ്പെടുത്തിയത്. സംഭവത്തില്‍ പ്രദേശത്തെ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടാകാമെന്നാണ് എന്‍ഐഎയുടെ നിഗമനം.