മുംബൈ: യു എസിന്റെ താരിഫ് സമയപരിധിയായ ജൂലായ് ഒന്‍പതിന് മുമ്പ് ഇന്ത്യ പരിമിതമായ വ്യാപാര കരാര്‍ അന്തിമമാക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നു. അതിനിടയിലാണ് ഏഷ്യയിലെ ഏറ്റവും ധനികനായ മുകേഷ് അംബാനി ഊര്‍ജ്ജ സാമ്പത്തികശാസ്ത്രത്തിലൂടെ നേട്ടംകൊയ്യുന്നത്.
യു എസിന്റെ ചൈനയിലേക്കുള്ള ഈഥെയ്ന്‍ കയറ്റുമതി വ്യാപാര സംഘര്‍ഷങ്ങള്‍ക്കിടയില്‍ വഴിതിരിച്ചുവിടുകയും അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന് ലഭ്യമാവുകയുമാണ്. ഗുജറാത്തിലെ റിലയന്‍സിന്റെ ദഹേജ് ടെര്‍മിനലില്‍ ഈഥയ്ന്‍ എത്തുകയും അവിടെ അത് പ്ലാസ്റ്റിക്കുകളുടെ പ്രധാന ഫീഡ്സ്റ്റോക്കായ എഥിലീന്‍ ആയി വിഭജിക്കപ്പെടുകയും ചെയ്യും. ഇത് റിലയന്‍സിന്റെ ചെലവുകള്‍ കുറയ്ക്കുന്നതിനോടൊപ്പം പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ 26 ശതമാനം പരസ്പര താരിഫുകള്‍ കുറക്കാനുള്ള മാര്‍ഗ്ഗമായി മാറിയേക്കാമെന്നും ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു.
നിലവിലെ ചര്‍ച്ചകളിലെ പ്രധാന ഭാഗമായി യു എസില്‍ നിന്നും ഇന്ത്യ കോടിക്കണക്കിന് ഡോളറിന്റെ ഗ്യാസ് വാങ്ങുന്നുവെന്ന ഭാഗം അവതരിപ്പിക്കാന്‍ സാധിക്കും. ഇന്ത്യയുമായുള്ള അമേരിക്കയുടെ വ്യാപാര കമ്മി കുറയ്ക്കാന്‍ സഹായിക്കുന്നതാണ് റിലയന്‍സിന്റെ ഈഥെയ്ന്‍ ഇറക്കുമതി.
റിലയന്‍സ് ആദ്യമായല്ല യു എസ് ഈഥെയ്ന്‍ ഉപയോഗിക്കുന്നത്. 2017 മുതല്‍ തന്നെ വടക്കേ അമേരിക്കയില്‍ നിന്ന് വന്‍തോതില്‍ ഇന്ധന ഇറക്കുമതി ചെയ്യാനുള്ള ആശയം മുന്നോട്ടുവച്ച ആദ്യത്തെ ഇന്ത്യന്‍ സ്ഥാപനമാണ് റിലയന്‍സ്. അംബാനിയുടെ ദീര്‍ഘവീക്ഷണം ഇപ്പോള്‍ റിലയന്‍സിനെ വ്യാപാര പ്രതിസന്ധി മറികടക്കാന്‍ സഹായിക്കുകയും പെട്രോകെമിക്കല്‍ ലാഭം വര്‍ധിപ്പിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.
ഒരുകാലത്ത് ഇന്ത്യയില്‍ ഈഥെയ്ന്‍ അധികം പ്രചാരത്തിലില്ലായിരുന്നു. നാഫ്തയായിരുന്നു മുഖ്യസ്ഥാനത്ത്. എന്നാല്‍ ഇപ്പോള്‍ ഈഥെയ്‌ന്റെ കാര്യക്ഷമത തിരിച്ചറിഞ്ഞിട്ടുണ്ട്. നാഫ്തയുടെ എഥിലീന്‍ കാര്യക്ഷമത 30 ശതമാനമാണെങ്കില്‍ അതുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇഥെയ്‌ന്റേത് 80 ശതമാനം വരെയാണ്. ജൈവ ഇന്ധനങ്ങളും ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗവും വര്‍ധിച്ചതോടെ ഇന്ത്യയിലെ എണ്ണയുടെ ആവശ്യകത കുറഞ്ഞതോടെ ഈഥെയ്‌നിന്റെ ആകര്‍ഷണം കുതിച്ചുയര്‍ന്നു.
ഗുജറാത്തിലെ മറ്റൊരു യൂണിറ്റിലേക്ക് ഈഥെയ്ന്‍ എത്തിക്കുന്നതിനും ഈഥെയ്ന്‍ ഫ്‌ളീറ്റുകള്‍ ആറില്‍ നിന്നും ഒന്‍പതായി വര്‍ധിപ്പിക്കുന്നതിനും 100 കിലോമീറ്റര്‍ പൈപ്പ്ലൈന്‍ സ്ഥാപിക്കാനും അംബാനിക്ക് ഇപ്പോള്‍ പദ്ധതിയുണ്ട്. ഒഎന്‍ജിസി, ഗെയ്ല്‍ തുടങ്ങിയ പൊതുമേഖലാ ഭീമന്മാരും മത്സരരംഗത്തേക്ക് പ്രവേശിക്കുന്നതോടെ ഇന്ത്യയുടെ പെട്രോകെമിക്കല്‍ വിതരണ ശൃംഖലയിലെ ദീര്‍ഘകാല മാറ്റത്തിന്റെ സൂചനയാണ് വ്യക്തമാകുന്നത്.
ഇന്ത്യയുടെ മുന്‍ പ്രധാന പ്രകൃതിവാതക പങ്കാളിയായിരുന്ന ഖത്തര്‍ ഒഎന്‍ജിസിയുമായുള്ള ഗ്യാസ് കരാറുകള്‍ പരിഷ്‌കരിച്ചിട്ടുണ്ട്. നേരത്തെ ലഭിച്ചിരുന്ന ഈഥെയ്‌ന് പ്രത്യേകം പണം നല്‍കിയില്ലെങ്കില്‍ അത് ഒഴിവാക്കുന്ന നീക്കം ഇന്ത്യന്‍ റിഫൈനര്‍മാരെ ചെലവ് കുറഞ്ഞ യു എസ് ബദലുകളിലേക്കാണ് എത്തിക്കുന്നത്.
ട്രംപിന്റെ വ്യാപാര നയങ്ങള്‍ അമേരിക്കയെ വീണ്ടും മികച്ചതാക്കുന്നുവെന്ന് അവര്‍ക്ക് പറയാനും അതേസമയം അംബാനിക്ക് വിലകുറഞ്ഞ ഫീഡ്സ്റ്റോക്ക് ലഭ്യമാക്കാനും വഴിയൊരുക്കുന്നു. മാത്രമല്ല ഉഭയകക്ഷി പട്ടികയില്‍ ശക്തമായ സ്ഥാനവും നല്‍കുന്നു.
റിലയന്‍സിന്റെ 74 ബില്യണ്‍ ഡോളര്‍ എണ്ണ- രാസവസ്തു ബിസിനസ്സ് ഇപ്പോഴും ആധിപത്യം പുലര്‍ത്തുന്നുണ്ടെങ്കിലും ജിയോ പ്ലാറ്റ്ഫോമുകള്‍ ഉള്‍പ്പെടെ റീട്ടെയില്‍, ടെലികോം മേഖലകളിലെ അംബാനിയുടെ പുതിയ സംരംഭങ്ങള്‍ ഗ്രൂപ്പ് വരുമാനത്തില്‍ 57 ബില്യണ്‍ ഡോളറാണ് ചേര്‍ത്തത്. മാത്രമല്ല ഇപ്പോഴത്തെ താരിഫ് പിരിമുറുക്കങ്ങള്‍ കുറയ്ക്കുന്നതില്‍ നിശബ്ദമായ പങ്ക് വഹിക്കാന്‍ 'പോളിസ്റ്റര്‍ പ്രിന്‍സ്'ന് സാധിക്കുകയും ചെയ്യുന്നു.
ജൂലൈ ഒന്‍പതിനകം പരസ്പര വ്യാപാര കരാറുകളില്‍ പരാജയപ്പെടുന്ന രാജ്യങ്ങള്‍ക്ക് കനത്ത തീരുവ ചുമത്തുമെന്ന് ട്രംപ് സൂചന നല്‍കിയ സാഹചര്യത്തില്‍ ഈഥെയ്ന്‍ നയതന്ത്രം ഇന്ത്യയെ സംബന്ധിച്ചിടത്തോളം സമയോചിതമാണ്. യു എസില്‍ മെച്ചപ്പെട്ട തുണിത്തരങ്ങളുടെയും ഇലക്ട്രോണിക്‌സ് വിപണി പ്രവേശനം തേടുന്ന ഇന്ത്യയെ കൃഷി, ക്ഷീരം തുടങ്ങിയ രാഷ്ട്രീയമായി സെന്‍സിറ്റീവ് മേഖലകളെ നിലവിലെ കരാറില്‍ നിന്ന് ഒഴിവാക്കിയാലും ഈഥെയ്ന്‍ വാങ്ങല്‍ വിലപേശല്‍ തന്ത്രമായി ഉപയോഗപ്പെടുത്താനാവും.
മകന്റെ 600 മില്യന്‍ ചെലവഴിച്ച വിവാഹാഘോഷത്തില്‍ ഇവാങ്ക ട്രംപിനേയും ജാരെഡ് കുഷ്‌നറേയും ക്ഷണിച്ച അംബാനി ട്രംപിന് അപരിചിതനല്ല. നേരത്തെ തന്നെ റിലയന്‍സ് ചെയര്‍മാന്‍ ട്രംപിനെ കാണുകയും ന്യൂയോര്‍ക്കിലെ ലിങ്കണ്‍ സെന്ററില്‍ 'സ്ലൈസ് ഓഫ് ഇന്ത്യ' സാംസ്‌കാരിക പ്രദര്‍ശനം സംഘടിപ്പിക്കാന്‍ നിത അംബാനി തീരുമാനിക്കുകയും ചെയ്തിരിക്കുന്നതിനാല്‍ റിലയന്‍സ്- ട്രംപ് ചാനല്‍ സജീവമാണ്.
വ്യാപാര പങ്കാളി എന്ന നിലയില്‍ മാത്രമല്ല ആഗോള പെട്രോകെമിക്കല്‍ മേഖലയില്‍ ചൈനയുടെ ആധിപത്യത്തിന് പ്രതിരോധമായും അംബാനിയുടെ ഊര്‍ജ്ജ രംഗത്തെ മുന്നേറ്റം വൈറ്റ് ഹൗസ് ഉറ്റുനോക്കുന്നുണ്ട്. അതോടൊപ്പം ഇന്ത്യയുടെ തന്ത്രപരമായ മൂല്യത്തെ സൂക്ഷ്മമായി ശക്തിപ്പെടുത്തുകയും ചെയ്യും.