ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ സുരക്ഷാ അനുമതി റദ്ദാക്കിയതിനെത്തുടര്‍ന്നു വിമാനത്താവളങ്ങളിലെ ഗ്രൗണ്ട് ഹാന്‍ഡ്ലിങ് കരാര്‍ നഷ്ടമായതിനെതിരെ തുര്‍ക്കി കമ്പനി സെലബി എയര്‍പോര്‍ട്ട് സര്‍വീസസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് സമര്‍പ്പിച്ച ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി. സിവില്‍ വ്യോമയാന മന്ത്രാലയത്തിന്റെ നടപടി ദേശീയ സുരക്ഷ മുന്‍നിര്‍ത്തിയാണെന്ന് വ്യക്തമാക്കിക്കൊണ്ടാണ് ഹൈക്കോടതിയുടെ നടപടി. മെയ് 23ന് ഹര്‍ജികളില്‍ വാദം പൂര്‍ത്തിയാക്കിയ കോടതി വിധി പറയാന്‍ മാറ്റിയിരുന്നു.
പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്നുണ്ടായ സൈനിക സംഘര്‍ഷത്തില്‍ തുര്‍ക്കി പാക്കിസ്ഥാനെ സഹായിച്ച പശ്ചാത്തലത്തിലാണ് മുംബൈയും ഡല്‍ഹിയും കൊച്ചിയും ഉള്‍പ്പെടെ രാജ്യത്തെ ഒന്‍പത് പ്രധാന വിമാനത്താവളങ്ങളില്‍ ഗ്രൗണ്ട് ഹാന്‍ഡ്ലിങ് ജോലികള്‍ ചെയ്തിരുന്ന തുര്‍ക്കി കമ്പനിയുടെ സുരക്ഷാ അനുമതി കേന്ദ്രം റദ്ദാക്കിയത്. മുന്‍കൂര്‍ നോട്ടീസ് നല്‍കാതെ പുറത്താക്കിയത് സ്വാഭാവിക നീതിയുടെ ലംഘനമാണെന്നായിരുന്നു കമ്പനിക്കു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോഹത്ഗിയുടെ വാദം.
വിമാന സുരക്ഷാ ചട്ടങ്ങള്‍ പ്രകാരം സുരക്ഷാ അനുമതി സസ്‌പെന്‍ഡ് ചെയ്യുകയോ റദ്ദാക്കുകയോ ചെയ്യും മുന്‍പ് സിവില്‍ വ്യോമയാന സുരക്ഷാ ബ്യൂറോ ഡയറക്ടര്‍ ജനറല്‍ എതിര്‍ കക്ഷിയെ കേള്‍ക്കേണ്ടതായിരുന്നെന്നും റോഹത്ഗി പറഞ്ഞു.
സെലബിക്ക് നിയമപരമായ പരിഹാരം തേടാന്‍ അവകാശമുണ്ടെങ്കിലും അനുമതി റദ്ദാക്കിയത് പ്രത്യേക സാഹചര്യത്തിലാണെന്ന് കേന്ദ്ര സര്‍ക്കാരിനു വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേഹ്ത അറിയിച്ചു. ദേശീയ സുരക്ഷ ഭീഷണിയിലായിരിക്കുമ്പോള്‍ എതിര്‍കക്ഷിയെ കേള്‍ക്കാനോ രഹസ്യ സ്വഭാവമുള്ള വിവരങ്ങള്‍ പരസ്യപ്പെടുത്താനോ സര്‍ക്കാരിനു സാധിക്കില്ലെന്നും അദ്ദേഹം വിശദീകരിച്ചു.
ഇന്ത്യുടെ ഓപ്പറേഷന്‍ സിന്ദൂറിനെതിരെ പാക്കിസ്ഥാന്‍ നടത്തിയ ആക്രമണത്തില്‍ തുര്‍ക്കിയുടെ ഡ്രോണുകളാണ് ഏറെയും ഉപയോഗിച്ചത്. സംഘര്‍ഷത്തില്‍ തുര്‍ക്കി പാക്കിസ്ഥാനെ പിന്തുണയ്ക്കുന്ന നിലപാട് പരസ്യമായി സ്വീകരിച്ചിരുന്നു.