പതിനായിരം വര്‍ഷങ്ങള്‍ക്ക് ശേഷം എത്യോപ്യയില്‍ അഗ്നിപര്‍വത സ്‌ഫോടനം; ചാരമേഘം ഇന്ത്യയിലെത്തി; വ്യോമയാന മേഖലയില്‍ ജാഗ്രത

പതിനായിരം വര്‍ഷങ്ങള്‍ക്ക് ശേഷം എത്യോപ്യയില്‍ അഗ്നിപര്‍വത സ്‌ഫോടനം; ചാരമേഘം ഇന്ത്യയിലെത്തി; വ്യോമയാന മേഖലയില്‍ ജാഗ്രത


ന്യൂഡല്‍ഹി: എത്യോപ്യയിലെ ഹൈലി ഗുബ്ബി അഗ്‌നിപര്‍വ്വതം പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് ഉയര്‍ന്ന അഗ്‌നിപര്‍വ്വത ചാരമേഘം തിങ്കളാഴ്ച രാത്രി 11 മണിയോടെ ദില്ലിയില്‍ എത്തി. പതിനായിരം വര്‍ഷത്തിനുശേഷമുള്ള ഈ ശക്തമായ സ്‌ഫോടനലൂടെയാണ് കനത്ത ചാരവും സള്‍ഫര്‍ ഡൈഓക്‌സൈഡും ആകാശത്തേക്ക് പൊങ്ങിയതെന്ന് കാലാവസ്ഥ നിരീക്ഷകര്‍ പറഞ്ഞു. ഒരു ദിവസം മുഴുവന്‍ നിരീക്ഷിച്ചതിനു ശേഷമാണ് ചെങ്കടല്‍ കടന്ന്  വടക്കുപടിഞ്ഞാറന്‍ ഇന്ത്യയിലേക്കും മണിക്കൂറില്‍ 120-130 കിലോമീറ്റര്‍ വേഗത്തില്‍ നീങ്ങുന്ന ഈ മേഘം അതിര്‍ത്തി കടന്നതായി സ്ഥിരീകരിച്ചത്.

രാജസ്ഥാനിലെ ജോധ്പുര്‍-ജൈസല്‍മര്‍ മേഖല വഴി ചാരമേഘം രാജ്യത്തേക്ക് കടന്നതായാണ് ഇന്ത്യാ മേറ്റ് സ്‌കൈ അലര്‍ട്ട് നല്‍കിയ മുന്നറിയിപ്പില്‍ പറയുന്നത്. 25,000 മുതല്‍ 45,000 അടിവരെ ഉയരത്തിലാണ് ചാരമേഘക്കൂട്ടം സഞ്ചരിക്കുന്നതിനാല്‍ നിലത്തുള്ളവര്‍ക്കു വ്യാപകമായ ആരോഗ്യഭീഷണി ഇല്ലെങ്കിലും ഒറ്റപ്പെട്ട ഇടങ്ങളില്‍ നേരിയ ചാരമഴ ഉണ്ടാകാമെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. ചൊവ്വാഴ്ച പ്രഭാതസൂര്യനും ഈ ചാരവ്യൂഹത്തിനും
 ഇടയില്‍ 'വിചിത്ര' നിറങ്ങള്‍ പ്രത്യക്ഷപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് പ്രവചനം.

വൈകുന്നേരത്തോടെ രാജസ്ഥാന്‍, ഹരിയാന, ദില്ലി എന്നീ മേഖലകളിലേക്കു ചാരവ്യാപനം എത്തിയിരുന്നു. ശേഷിക്കുന്ന ഭാഗം ഗുജറാത്തിന്റെ ദിശയിലേക്ക് നീങ്ങുന്നതായും പഞ്ചാബ്, പടിഞ്ഞാറന്‍ യുപി, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളിലും രാത്രിയോടെ സ്വാധീനം കാണാമെന്നും നിരീക്ഷകര്‍ വ്യക്തമാക്കി.

ഇതിനിടെ, അഗ്‌നിപര്‍വ്വത ചാരത്തെ തുടര്‍ന്ന് വ്യോമയാന മേഖലയിലും ജാഗ്രതയായി. ടുലൂസില്‍ നിന്നുള്ള അന്തര്‍ദേശീയ മുന്നറിയിപ്പുകളും എയര്‍പോര്‍ട് അതോറിറ്റി ഓഫ് ഇന്ത്യ, ASHTAM എന്നിവയുടെ നോട്ടീസുകളും ലഭിച്ചതിനെ തുടര്‍ന്ന് ഡിജിസിഎ അടിയന്തര നിര്‍ദേശം പുറപ്പെടുവിച്ചു. ചാരമേഘം ബാധിച്ച പ്രദേശങ്ങള്‍ സുസ്ഥിരമായി ഒഴിവാക്കണമെന്ന് വിമാനക്കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കി. റൂട്ടിങ്ങിലും ഇന്ധന പദ്ധതികളിലും ആവശ്യമായ മാറ്റങ്ങള്‍ വരുത്താനും ഏതെങ്കിലും അസാധാരണ ഇന്‍ജിന്‍ ശബ്ദമോ ഗന്ധമോ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ റിപ്പോര്‍ട്ട് ചെയ്യാനും പൈലറ്റ്മാരോട് നിര്‍ദ്ദേശിച്ചു.

ഇന്ത്യന്‍ ആകാശത്ത് ചാരമേഘം വളരെ ഉയര്‍ന്ന പാളികളിലാണ് സഞ്ചരിക്കുന്നത് എന്നതിനാല്‍ വിമാന പറക്കലുകള്‍ക്ക് നേരിട്ട് വലിയ തടസമില്ലെങ്കിലും പശ്ചിമേഷ്യന്‍ വായുസഞ്ചാരപാതകളിലെ മാറ്റങ്ങള്‍ നിരീക്ഷിക്കണമെന്നും ഡിജിസിഎ സൂചിപ്പിച്ചു. ആവശ്യമെങ്കില്‍ വിമാനക്കമ്പനികള്‍ സര്‍വീസുകളില്‍ താല്‍ക്കാലിക വ്യത്യാസങ്ങള്‍ക്ക് തയ്യാറാകണമെന്നും നിര്‍ദേശം നല്‍കി.

ഇതിനോടൊപ്പം ചില റൂട്ടുകളില്‍ പറക്കലുകള്‍ക്ക് തിരിച്ചടിനേരിട്ടു. എത്യോപ്യന്‍ അഗ്നിപര്‍വത സ്‌ഫോടനത്തെ  തുടര്‍ന്ന് കൊച്ചിയില്‍ നിന്ന് ദുബായിലേക്കുള്ള ഇന്‍ഡിഗോ സര്‍വീസും ജിദ്ദയിലേക്കുള്ള ആകാശ എയര്‍ സര്‍വീസും മുന്‍കരുതലിന്റെ ഭാഗമായി താല്‍ക്കാലികമായി റദ്ദാക്കി. ആംസ്റ്റര്‍ഡാം-ദില്ലി-ആംസ്റ്റര്‍ഡാം സര്‍വീസുകളും കെഎല്‍എം റദ്ദാക്കിയതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കി.

'സ്ഥിതിഗതികള്‍ ശ്രദ്ധാപൂര്‍വം നിരീക്ഷിക്കുന്നു; ഇപ്പോള്‍ കാര്യമായ ആഘാതമില്ല' എന്ന് എയര്‍ ഇന്ത്യ വ്യക്തമാക്കി. മിഡില്‍ ഈസ്റ്റ് വഴി സഞ്ചരിക്കുന്ന യാത്രക്കാര്‍ ജാഗ്രത പാലിക്കണമെന്നും സ്‌പൈസ് ജെറ്റ്, ആകാശ എന്നിവയും പ്രത്യേകം മുന്നറിയിപ്പുകള്‍ നല്‍കി.