ഒഡീഷയില്‍ വൈദികരെ ആക്രമിച്ച സംഭവം; നടപടി ആവശ്യപ്പെട്ട് കെ സി വേണുഗോപാല്‍ കത്ത് നല്‍കി

ഒഡീഷയില്‍ വൈദികരെ ആക്രമിച്ച സംഭവം; നടപടി ആവശ്യപ്പെട്ട് കെ സി വേണുഗോപാല്‍ കത്ത് നല്‍കി


തിരുവനന്തപുരം: ഒഡീഷയിലെ സംബല്‍പൂര്‍ ജില്ലയില്‍ തൊണ്ണൂറുകാരനായ പുരോഹിതന്‍ ഉള്‍പ്പെടെ രണ്ടു മലയാളി കത്തോലിക്കാ വൈദികര്‍ ക്രൂരപീഡനങ്ങള്‍ക്കിരയായ സംഭവത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ച് കര്‍ശന നിയമനടപടി സ്വീകരിക്കണമെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എം പി ഒറീസ മുഖ്യമന്ത്രി മോഹന്‍ ചരണ്‍ മാഝിക്ക് കത്തയച്ചു. ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ക്രൈസ്തവര്‍ക്കെതിരായി ആക്രമണങ്ങള്‍ നടക്കുന്നത് പതിവായിട്ടുണ്ട്. 

സംസ്ഥാനത്ത് ഇത്തരം അക്രമങ്ങള്‍ തുടര്‍ക്കഥയാകുന്നത് നിര്‍ഭാഗ്യകരമാണെന്നും വൈദികര്‍ ബോയ്‌സ് ഹോസ്റ്റലില്‍ വച്ച് ക്രൂര പീഡനത്തിനിരയായ സംഭവം മനുഷ്യ മനഃസാക്ഷിയെ മുറിവേല്‍പ്പിക്കുന്നതാണെന്നും വേണുഗോപാല്‍ കത്തില്‍ ചൂണ്ടിക്കാട്ടി. ആക്രമണത്തിന്റെ ഗൗരവം കണക്കിലെടുത്ത് കര്‍ശന നടപടി സ്വീകരിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടു.