ന്യൂഡൽഹി: ജനുവരി 20 ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാൻ യുഎസിലേക്കു പോകുന്ന ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ യു എസിലെ നിയുക്ത സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി കൂടിക്കാഴ്ച നടത്തിയേക്കും.
വാഷിംഗ്ടൺ ഡിസിയിൽ നടക്കാൻ സാധ്യതയുള്ള ക്വാഡ് ഗ്രൂപ്പിലെ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിലാവും കൂടിക്കാഴ്ച.
ട്രംപ് 2.0 ഭരണത്തിന് കീഴിൽ യുഎസ്, ജപ്പാൻ, ഓസ്ട്രേലിയ, ഇന്ത്യ എന്നിവിടങ്ങളിൽ നിന്നുള്ള ക്വാഡ് വിദേശകാര്യ മന്ത്രിമാരുടെ ആദ്യ യോഗം ജനുവരി 21 ന് നടക്കുമെന്ന് പ്രതീക്ഷിക്കുന്നു. നാല് മന്ത്രിമാരും ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു. ഉദ്ഘാടനത്തോടനുബന്ധിച്ച് ജാപ്പനീസ് വിദേശകാര്യ മന്ത്രി താകേഷി ഇവയ, ഓസ്ട്രേലിയൻ വിദേശകാര്യ മന്ത്രി പെന്നി വോങ്, ജയശങ്കർ എന്നിവർക്ക് യുഎസ് സ്റ്റേറ്റ് സെക്രട്ടറി നോമിനിയായ മാർക്കോ റൂബിയോയുമായി കൂടിക്കാഴ്ച നടത്താൻ അവസരം ലഭിക്കും.
ചൈനയുടെ നിശിത വിമർശകനായി അറിയപ്പെടുന്ന റൂബിയോ, സാങ്കേതിക കൈമാറ്റത്തിന്റെ കാര്യത്തിൽ ജപ്പാൻ, ഇസ്രായേൽ, ദക്ഷിണ കൊറിയ, നാറ്റോ പങ്കാളികൾ തുടങ്ങിയ സഖ്യകക്ഷികൾക്ക് സമാനമായി ഇന്ത്യയെ പരിഗണിക്കണമെന്ന് നിർദ്ദേശിക്കുന്ന ഒരു ബിൽ കഴിഞ്ഞ വർഷം ജൂലൈയിൽ അവതരിപ്പിച്ചിരുന്നു.