ഇറാനെ ആക്രമിക്കാനുള്ള ഇസ്രായേല്‍ പദ്ധതികള്‍ ചോര്‍ത്തിയ സിഐഎ അനലിസ്റ്റ് കുറ്റം സമ്മതിച്ചു

ഇറാനെ ആക്രമിക്കാനുള്ള ഇസ്രായേല്‍ പദ്ധതികള്‍ ചോര്‍ത്തിയ സിഐഎ അനലിസ്റ്റ് കുറ്റം സമ്മതിച്ചു


വിര്‍ജീനിയ: ഇറാനെ ആക്രമിക്കാനുള്ള ഇസ്രായേല്‍ പദ്ധതികള്‍ ചോര്‍ത്തിയ സിഐഎ മുന്‍ അനലിസ്റ്റ് കുറ്റ സമ്മതം നടത്തി. വിര്‍ജീനിയയിലെ ഫെഡറല്‍ കോടതിയിലാണ് വിയന്നയില്‍ നിന്നുള്ള 34കാരന്‍ ആസിഫ് വില്യം റഹ്മാന്‍ കുറ്റസമ്മതം നടത്തിയത്. 

കഴിഞ്ഞ വര്‍ഷം കംബോഡിയയിലാണ് റഹ്മാന്‍ അറസ്റ്റിലായത്. പിന്നീട് ഇയാളെ ഗുവാമിലേക്ക് കൊണ്ടുപോയിരുന്നു. ദേശീയ പ്രതിരോധവുമായി ബന്ധപ്പെട്ട രഹസ്യ വിവരങ്ങള്‍ സൂക്ഷിക്കല്‍, കൈമാറ്റം എന്നീ രണ്ട് കുറ്റങ്ങളില്‍ ഓരോന്നിനും പരമാവധി 10 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കും.

2016 മുതല്‍ റഹ്മാന്‍ രഹസ്യ രേഖകളുടെ വിഭാഗത്തിലാണ് ജോലി ചെയ്തിരുന്നത്. അതീവ രഹസ്യ സുരക്ഷാ അനുമതിയും റഹ്മാന് ഉണ്ടായിരുന്നു.

ജോലിസ്ഥലത്ത് വെച്ച് റഹ്മാന്‍ നിയമവിരുദ്ധമായി രഹസ്യ രേഖകള്‍ ഡൗണ്‍ലോഡ് ചെയ്ത് പ്രിന്റെടുത്തതായും തുടര്‍ന്ന് രേഖകള്‍ വീട്ടിലേക്ക് കൊണ്ടുപോയതായും കൈമാറുന്നതിന് മുമ്പ് വിവരങ്ങളുടെ ഉറവിടം മറയ്ക്കാന്‍ ഇനങ്ങള്‍ മാറ്റിയതായും പ്രോസിക്യൂട്ടര്‍മാര്‍ പറഞ്ഞു.

രഹസ്യ വിവരങ്ങള്‍ സാമൂഹ്യ മാധ്യമമായ ടെലിഗ്രാം  പ്ലാറ്റ്ഫോമിലാണ് പ്രസിദ്ധീകരിച്ചത്.

റഹ്മാന് തന്റെ ജോലിയുമായി ബന്ധപ്പെട്ട് ലഭിച്ച അതീവ രഹസ്യമായ വിവരങ്ങള്‍ അത് സ്വീകരിക്കാന്‍ അര്‍ഹതയില്ലെന്ന് അറിയാവുന്ന ഒന്നിലധികം വ്യക്തികളുമായി പങ്കിട്ടതായി അധികൃതര്‍ പറഞ്ഞു.

സുരക്ഷാ അനുമതികള്‍ ലഭിക്കുകയും രാജ്യത്തിന്റെ രഹസ്യ വിവരങ്ങളിലേക്ക് പ്രവേശനം നല്‍കുകയും ചെയ്യുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ അത് സംരക്ഷിക്കുമെന്ന് പ്രതിജ്ഞയെടുക്കണമെന്ന് എഫ്ബിഐയുടെ ദേശീയ സുരക്ഷാ ബ്രാഞ്ചിന്റെ എക്‌സിക്യൂട്ടീവ് അസിസ്റ്റന്റ് ഡയറക്ടര്‍ റോബര്‍ട്ട് വെല്‍സ് പ്രസ്താവനയില്‍ പറഞ്ഞു.

റഹ്മാന്‍ പ്രസ്തുത പ്രതിജ്ഞ ലംഘിച്ചതായും തന്റെ പ്രവൃത്തികള്‍ മറച്ചുവെക്കാന്‍ നിരവധി നടപടികള്‍ സ്വീകരിച്ചതായും നിയമവിരുദ്ധമായി രഹസ്യ വിവരങ്ങള്‍ കൈമാറുകയും രാജ്യത്തിന്റെ ദേശീയ സുരക്ഷാ താത്പര്യങ്ങള്‍ക്ക് അപകടമുണ്ടാക്കുകയും ചെയ്യുന്നവരെ അന്വേഷിക്കാന്‍ എഫ്ബിഐ എല്ലാ വിഭവങ്ങളും ഉപയോഗിക്കുമെന്നും വെല്‍സ് പറഞ്ഞു.

റഹ്മാന് മെയ് 15ന് ശിക്ഷ വിധിക്കും.