സക്കറിയ സുബൈദി മുതല്‍ അഹമ്മദ് ബര്‍ഗൗട്ടി വരെ: ഇസ്രായേല്‍ മോചിപ്പിക്കുന്ന 737 പാലസ്തീന്‍ തടവുകാരില്‍ അഞ്ച് പ്രമുഖര്‍

സക്കറിയ സുബൈദി മുതല്‍ അഹമ്മദ് ബര്‍ഗൗട്ടി വരെ: ഇസ്രായേല്‍ മോചിപ്പിക്കുന്ന 737 പാലസ്തീന്‍ തടവുകാരില്‍ അഞ്ച് പ്രമുഖര്‍


ടെല്‍അവീവ്: വെടനിര്‍ത്തല്‍ കരാറിന്റെ പ്രാരംഭ ഘട്ടത്തിന്റെ ഭാഗമായി 737 പാലസ്തീന്‍ തടവുകാരെ മോചിപ്പിക്കുമെന്ന് ഇസ്രായേല്‍ നീതിന്യായ മന്ത്രാലയം സ്ഥിരീകരിച്ചു. ജനുവരി 18 ഞായറാഴ്ച പ്രാദേശിക സമയം വൈകിട്ട് നാലു മണിക്ക് മുമ്പ് തടവുകാരില്‍ ആരെയും മോചിപ്പിക്കില്ല.

ബന്ദികളെ തിരികെ കൊണ്ടുവരാനുള്ള പദ്ധതി സര്‍ക്കാര്‍ അംഗീകരിച്ചതായി മന്ത്രിസഭാ വോട്ടെടുപ്പിന് ശേഷം പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസ് ശനിയാഴ്ച അറിയിച്ചു. 

ജെനിനിലെ ഫത്തായുടെ അല്‍-അഖ്സ രക്തസാക്ഷി ബ്രിഗേഡുകളുടെ മുന്‍ കമാന്‍ഡറായ സക്കറിയ സുബൈദിയും ഇസ്രായേല്‍ മോചിപ്പിക്കുന്നവരില്‍ ഉള്‍പ്പെടുന്നു. 2021-ല്‍ ഗില്‍ബോവ ജയില്‍ രക്ഷപ്പെടലില്‍ സുബൈദിയും പങ്കാളിയായിരുന്നു. ഈ സമയത്ത് ആറ് തടവുകാരാണ് ഉയര്‍ന്ന സുരക്ഷാ സംവിധാനത്തില്‍ നിന്ന് രക്ഷപ്പെട്ടത്.

ഇസ്രായേലുമായി സഹകരിച്ചുവെന്ന് ആരോപിച്ച് ഒരു പാലസ്തീന്‍ സ്ത്രീയെ കൊലപ്പെടുത്തിയതിന് ജീവപര്യന്തം തടവ് അനുഭവിക്കുന്ന മഹ്മൂദ് അതല്ലയാണ് മോചിതനാകാന്‍ പോകുന്ന മറ്റൊരു പ്രമുഖ തടവുകാരന്‍. 

മര്‍വാന്‍ ബര്‍ഗൂട്ടിയുടെ അടുത്ത അനുയായിയായ അഹമ്മദ് ബര്‍ഗൂട്ടിയും മോചിതനാകും. മര്‍വാന്‍ ബര്‍ഗൂട്ടി 13 ജീവപര്യന്തം തടവ് അനുഭവിക്കുന്നു, 2002ല്‍ അദ്ദേഹത്തോടൊപ്പം അഹമ്മദിനെയും അറസ്റ്റ് ചെയ്തു. ഫത്തായുടെ അല്‍-അഖ്സ രക്തസാക്ഷി ബ്രിഗേഡുകളുടെ ഓപ്പറേഷണല്‍ കമാന്‍ഡറായിരുന്ന അഹമ്മദ് ആയുധങ്ങള്‍ വിതരണം ചെയ്യുകയും ഒന്നിലധികം ശക്തമായ ആക്രമണങ്ങള്‍ സംഘടിപ്പിക്കുന്നതില്‍ പങ്കാളിയാവുകയും ചെയ്തു. 2002ല്‍ ടെല്‍ അവീവിലെ 'സീഫുഡ് മാര്‍ക്കറ്റ്' റെസ്റ്റോറന്റില്‍ നടന്ന ബോംബാക്രമണത്തില്‍ മൂന്ന് ഇസ്രായേലികള്‍ കൊല്ലപ്പെടുകയും 30 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 2002 ഫെബ്രുവരിയില്‍ ജറുസലേമിലെ നെവ് യാക്കോവ് പരിസരത്ത് ഒരു പൊലീസ് വനിതയെ കൊല്ലുകയും ഒമ്പത് പേര്‍ക്ക് പരിക്കേല്‍പ്പിക്കുകയും ചെയ്ത ആക്രമണം, രണ്ട് സ്ത്രീകളുടെ ജീവന്‍ അപഹരിച്ച ജറുസലേമിലെ ജാഫ സ്ട്രീറ്റില്‍ നടന്ന ബോംബാക്രമണം എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

ഹമാസ് 'സില്‍വാന്‍ സെല്ലിലെ' അംഗങ്ങളായ വെയ്ല്‍ ഖാസിമും വിസാം അബ്ബാസിയും ഈ മോചനത്തില്‍ ഉള്‍പ്പെടുന്നു. 2000 കളുടെ തുടക്കത്തില്‍ ഡസന്‍ കണക്കിന് ആളുകളുടെ മരണത്തിന് കാരണമായ ബോംബാക്രമണങ്ങളുമായി ഇരുവരും ബന്ധപ്പെട്ടിരുന്നു. ജറുസലേമിലെ കഫേ മൊമെന്റ്, റിഷോണ്‍ ലെസിയോണിലെ ഷെഫീല്‍ഡ് ക്ലബ്, ഹീബ്രു സര്‍വകലാശാലയിലെ ഫ്രാങ്ക് സിനാട്ര കഫറ്റീരിയ എന്നിവിടങ്ങളില്‍ നടന്ന സംഭവങ്ങള്‍ ഇവരുടെ ആക്രമണങ്ങളില്‍ ഉള്‍പ്പെടുന്നു.

തടവുകാരുടെ മോചന വേളയില്‍ പൊതു ആഘോഷങ്ങള്‍ തടയുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതായി ഇസ്രായേല്‍ ജയില്‍ സര്‍വീസ് വെള്ളിയാഴ്ച അറിയിച്ചു. 

ഖത്തര്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ വക്താവ് മജീദ് അല്‍ അന്‍സാരി പറയുന്നതനുസരിച്ച് ഞായറാഴ്ച പ്രാദേശിക സമയം രാവിലെ 8:30ന് വെടിനിര്‍ത്തല്‍ ആരംഭിക്കും. 2023 ഒക്ടോബര്‍ 7ന് യുദ്ധം ആരംഭിച്ചതിന് ശേഷമുള്ള രണ്ടാമത്തെ വെടിനിര്‍ത്തലാണിത്.