ഹമാസ് മോചിപ്പിക്കാന്‍ ഉദ്ദേശിക്കുന്ന പട്ടിക ലഭിച്ചിട്ടില്ലെന്ന് ഇസ്രായേല്‍

ഹമാസ് മോചിപ്പിക്കാന്‍ ഉദ്ദേശിക്കുന്ന പട്ടിക ലഭിച്ചിട്ടില്ലെന്ന് ഇസ്രായേല്‍


ടെല്‍അവീവ്: വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ വരാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ ഹമാസ് മോചിപ്പിക്കാന്‍ ഉദ്ദേശിക്കുന്ന ബന്ദികളുടെ പട്ടിക ഇസ്രായേലിന് ഇതുവരെ ലഭിച്ചിട്ടില്ലെന്നും ഇത് കരാര്‍ വൈകിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു.

''സമ്മതിച്ചതുപോലെ മോചിപ്പിക്കേണ്ട ബന്ദികളുടെ പട്ടിക ലഭിക്കുന്നതുവരെ ഞങ്ങള്‍ രൂപരേഖയുമായി മുന്നോട്ട് പോകില്ല,'' നെതന്യാഹുവിന്റെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

''കരാറിന്റെ ലംഘനങ്ങള്‍ ഇസ്രായേല്‍ സഹിക്കില്ല. പൂര്‍ണ്ണ ഉത്തരവാദിത്തം ഹമാസിനാണ്'' എന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

കരാര്‍ അനുസരിച്ച്, ബന്ദികളുടെ മോചനത്തിന് 24 മണിക്കൂര്‍ മുമ്പെങ്കിലും ഹമാസ് അവരുടെ പേരുകള്‍ നല്‍കേണ്ടതുണ്ട്. പ്രാദേശിക സമയം വൈകുന്നേരം നാലു മണിക്കാണ് മോചനം ആദ്യം നിശ്ചയിച്ചിരുന്നത്.

ജനുവരി 19 ഞായറാഴ്ച ഗാസ സമയം രാവിലെ 8:30 ന് ഗാസയില്‍ വെടിനിര്‍ത്തല്‍ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഖത്തര്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ വക്താവ് സ്ഥിരീകരിച്ചു. മൂന്ന് ഘട്ടങ്ങളിലായാണ് താത്ക്കാലിക വെടിനിര്‍ത്തല്‍ കരാര്‍ രൂപപ്പെടുത്തിയത്. ആറ് ആഴ്ച കാലയളവില്‍ ഇസ്രായേലില്‍ തടവിലാക്കപ്പെട്ട തടവുകാര്‍ക്ക് പകരം ഹമാസ് തടവിലാക്കിയവരെ കൈമാറും.

പ്രാരംഭ ഘട്ടത്തില്‍ ശേഷിക്കുന്ന 98 ഇസ്രായേലി ബന്ദികളില്‍ 33 പേരെ മോചിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതില്‍ സ്ത്രീകള്‍, കുട്ടികള്‍, 50 വയസ്സിനു മുകളിലുള്ള പുരുഷന്മാര്‍, രോഗികളോ പരിക്കേറ്റവരോ ഉള്‍പ്പെടുന്നുവെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഈ ഘട്ടത്തില്‍ മോചിപ്പിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്ന 33 ബന്ദികളില്‍ 25 പേര്‍ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്ന് കരുതുന്നുവെന്ന് ആര്‍മി റേഡിയോയെ ഉദ്ധരിച്ച് ജറുസലേം പോസ്റ്റ് ശനിയാഴ്ച റിപ്പോര്‍ട്ട് ചെയ്തു.

പകരമായി, ഇസ്രായേല്‍ ഏകദേശം 2,000 പാലസ്തീന്‍ തടവുകാരെ വിട്ടയക്കും. മോചിപ്പിക്കപ്പെടുന്നവരില്‍ 737 പുരുഷന്മാരും സ്ത്രീകളും കൗമാരക്കാരും ഉള്‍പ്പെടുന്നു. യുദ്ധം ആരംഭിച്ചതിനുശേഷം തടവിലാക്കപ്പെട്ട ഗാസയില്‍ നിന്നുള്ള പാലസ്തീനികളും പട്ടികയില്‍ ഉള്‍പ്പെടുന്നു.

തടവുകാരുടെ വിശദാംശങ്ങള്‍ ശനിയാഴ്ച ഇസ്രായേല്‍ നീതിന്യായ മന്ത്രാലയം വെടിനിര്‍ത്തല്‍ കരാറിനൊപ്പം പ്രസിദ്ധീകരിച്ചു. ഞായറാഴ്ച മോചിപ്പിക്കപ്പെടുന്ന ഓരോ ഇസ്രായേലി സ്ത്രീ ബന്ദിക്കും പകരമായി 30 പാലസ്തീന്‍ തടവുകാരെ വിട്ടയക്കുമെന്ന് കരാര്‍ വ്യക്തമാക്കുന്നു.