വാഷിംഗ്ടണ്‍ ഡിസി: ഡൊണാള്‍ഡ് ട്രംപിന്റെ സത്യപ്രതിജ്ഞയ്ക്ക് രണ്ട് ദിവസം ബാക്കിയിരിക്കെ ശനിയാഴ്ച നടക്കുന്ന പീപ്പിള്‍സ് മാര്‍ച്ചില്‍ പങ്കെടുക്കാന്‍ ആയിരക്കണക്കിന് ആളുകള്‍ വാഷിംഗ്ടണ്‍ ഡിസിയില്‍ എത്തി. സ്ത്രീകളുടെ അവകാശങ്ങള്‍, കുടിയേറ്റക്കാര്‍, എല്‍ജിബിടിക്യു+ സമൂഹം, വംശീയവും മതപരവുമായ ന്യൂനപക്ഷങ്ങള്‍ എന്നിവയെ ദുര്‍ബലപ്പെടുത്തുന്ന റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ നയങ്ങള്‍ക്കെതിരെയാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്.
അതേസമയം, ട്രംപ് ഇന്ന് വാഷിംഗ്ടണില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. പ്രതിഷേധങ്ങള്‍ക്ക് മുന്നോടിയായി വാഷിംഗ്ടണില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ഒരാഴ്ചയായി സെന്‍ട്രല്‍ ഡിസിയുടെ പല ഭാഗങ്ങളിലും ലോഹ തടസ്സങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ, പ്രതിഷേധത്തില്‍ വലിയ ജനക്കൂട്ടം പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതിനാല്‍ റോഡുകളും അടച്ചിട്ടു.