മുംബൈ: നടന്‍ സെയ്ഫ് അലിഖാന് കുത്തേറ്റ് രണ്ട് ദിവസത്തിലധികമായെങ്കിലും പ്രതിയെ കുറിച്ച് മുംബൈ പൊലീസിന് വ്യക്തത ലഭിച്ചില്ല. കുറ്റകൃത്യത്തിന് ശേഷം കുറ്റവാളി അന്വേഷണ ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിക്കാന്‍ വസ്ത്രം മാറിയതായി സംശയിക്കുന്നു. അതുകൊണ്ടുതന്നെ അയാള്‍ ചില്ലറക്കാരനല്ലെന്നാണ് പൊലീസ് കരുതുന്നത്.
ലോക്കല്‍ പൊലീസ്, ക്രൈം ബ്രാഞ്ച്, ക്രൈം ഇന്റലിജന്‍സ് യൂണിറ്റ് തുടങ്ങി രണ്ട് ഡസന്‍ സംഘങ്ങളെങ്കിലും പ്രതിയെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ട്.
പ്രതിയെന്ന് സംശയിച്ചയാളെ ബാന്ദ്ര പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നെങ്കിലും അഞ്ച് മണിക്കൂറിന് ശേഷം കേസില്‍ ഇയാള്‍ക്ക് ബന്ധമില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് വിട്ടയക്കുകയായിരുന്നു. സെയ്ഫിന്റെ കെട്ടിടത്തിലെ സിസിടിവിയില്‍ പതിഞ്ഞ പ്രതിയുമായി സാമ്യമുണ്ടെന്ന് കത്തിയ പ്രതി ചെറിയ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടിരുന്നയാളായതിനാലാണ് കസ്റ്റഡിയിലെടുത്തതെന്നാണ് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചത്.
സെയ്ഫിന്റെ കെട്ടിടത്തില്‍ അടുത്തിടെ ജോലി ചെയ്തിരുന്ന ഒരു മരപ്പണിക്കാരനെയും അവിടെയുള്ള മറ്റ് ചില തൊഴിലാളികളെയും പൊലീസ് ചോദ്യം ചെയ്തു. മരപ്പണിക്കാരന്‍ സെയ്ഫിന്റെ കെട്ടിടത്തില്‍ ജോലി ചെയ്തിരുന്നുവെങ്കിലും കുറ്റകൃത്യവുമായി ബന്ധമില്ലെന്നാണ് കുടുംബം പറഞ്ഞത്.
മറ്റൊരു സിസിടിവിയില്‍ പ്രതിയുടെ ചിത്രം പതിഞ്ഞതായും കുറ്റവാളി വസ്ത്രം മാറിയതായി കണ്ടെത്തിയെന്നും പൊലീസ് പറയുന്നു.
ലക്കി ജംഗ്ഷന് സമീപം ഹാഫ് സ്ലീവ് ഇളം നീല ഷര്‍ട്ട് ധരിച്ച പ്രതി ഒരു ക്യാമറയില്‍ കുടുങ്ങിയിരുന്നു. സത്ഗുരു ശരണ്‍ കെട്ടിടത്തിലെ ഫയര്‍ എക്‌സിറ്റില്‍ നിന്നുള്ള നേരത്തെ സിസിടിവി ദൃശ്യങ്ങളില്‍, പ്രതി ഹാഫ് സ്ലീവ് കറുത്ത ടി-ഷര്‍ട്ട് ധരിച്ചതായാണ് കണ്ടത്.
കുറ്റകൃത്യം നടന്ന സ്ഥലത്തെ പ്രാഥമിക അന്വേഷണത്തിന്റെയും സെയ്ഫ് അലി ഖാന്‍ കുടുംബത്തോടൊപ്പം താമസിക്കുന്ന ഡ്യൂപ്ലെക്‌സിന്റെ (11, 12 നിലകള്‍) അവലോകനത്തിന്റെയും അടിസ്ഥാനത്തില്‍ കെട്ടിടത്തിന്റെ പിന്‍ഭാഗത്തെ ഗേറ്റ് വഴി ചാടിയാണ് കുറ്റവാളി എത്തിയതെന്ന് പൊലീസ് സംശയിക്കുന്നു. കെട്ടിടത്തില്‍ പ്രവേശിച്ച ശേഷം സിസിടിവി ക്യാമറകള്‍ ഒഴിവാക്കി ഫയര്‍ എക്‌സിറ്റ് പടികള്‍ വഴി കുറച്ചു ദൂരം മുകളിലേക്ക് കയറിയെങ്കിലും പുലര്‍ച്ചെ 1.38ന് മുഖം മൂടിയ നിലയില്‍ നഗ്നപാദനായി അയാള്‍ കയറുന്നത് സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്.
തുടര്‍ന്ന് ഖാന്റെ ഇളയ കുട്ടിയുടെ കുളിമുറിയില്‍ പ്രവേശിക്കാന്‍ അയാള്‍ രണ്ടടി വീതിയുള്ള ഷാഫ്റ്റ് ഉപയോഗിച്ചതായി സംശയിക്കുന്നു. അവിടെ നിന്നാണ് അയാള്‍ പതിനൊന്നാം നിലയിലെ വീട്ടിലേക്ക് പ്രവേശിച്ചതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ പ്രാരംഭ നിഗമനം.
കുറ്റവാളിയും വീട്ടുകാരും തമ്മിലുള്ള സംഘര്‍ഷത്തിന് പിന്നാലെ മുറി പുറത്തു നിന്ന് അടച്ച് സുരക്ഷക്കായി വീട്ടുകാര്‍ പന്ത്രണ്ടാം നിലയിലേക്ക് കയറുകയായിരുന്നു. അപ്പോഴേക്കും പ്രതി വീട്ടിലേക്ക് പ്രവേശിച്ച അതേ ഇടുങ്ങിയ വഴിയിലൂടെ പുറത്തേക്ക് രക്ഷപ്പെട്ടുവെന്നാണ് പൊലീസ് കരുതുന്നത്. അയാള്‍ ഫയര്‍ എക്‌സിറ്റ് പടികള്‍ കയറിയതും കെട്ടിടത്തിന്റെ ആറാം നിലയിലെ സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്.