വാഷിംഗ്ടണ്‍: ശതകോടീശ്വരന്‍ എലോണ്‍ മസ്‌കിനെതിരെ ആഞ്ഞടിച്ച് ട്രംപിന്റെ മുന്‍ ഉപദേശകന്‍ സ്റ്റീവ് ബേനണ്‍. മസ്‌ക് ദുഷ്ടനും വംശീയവാദിയുമാണെന്നാണ് സ്റ്റീവ് ബേനണ്‍ കുറ്റപ്പെടുത്തിയത്. ട്രംപിന്റെ ആദ്യ ടേമില്‍ അദ്ദേഹത്തിന്റെ വിശ്വസ്തനായിരുന്ന ബേനണ്‍ മസ്‌കിനെ വൈറ്റ് ഹൗസില്‍ നിന്നും താഴെയിറക്കുമെന്നും പറഞ്ഞു.
ഇറ്റാലിയന്‍ പത്രമായ കൊറിയര്‍ ഡെല്ല സെറയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ബേനണ്‍ മസ്‌കിനെതിരെ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചത്. കുടിയേറ്റ നയങ്ങളോടുള്ള മസ്‌കിന്റെ സമീപനത്തെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച ബേനണ്‍ വൈറ്റ് ഹൗസിലേക്ക് പ്രവേശിക്കാന്‍ മസ്‌കിന് പ്രത്യേക പരിഗണന ലഭിക്കില്ലെന്നും വ്യക്തമാക്കി. വൈറ്റ് ഹൗസിലേക്ക് പൂര്‍ണ പ്രവേശനമുള്ള നീല പാസ് മസ്‌കിന് ഉണ്ടാവില്ലെന്നും മറ്റെല്ലാവരെയും പോലെയായിരിക്കും അദ്ദേഹത്തിന്റേയും പ്രവേശനമെന്നും ബേനണ്‍ കൂട്ടിച്ചേര്‍ത്തു.
വളരെ മോശമായതും ശരിക്കും ദുഷ്ടനുമായ വ്യക്തിയാണ് മസ്‌ക് എന്നു പറഞ്ഞ ബേനണ്‍ അയാളെ താഴെയിറക്കുക എന്നത് തന്റെ വ്യക്തിപരമായ കാര്യമാണെന്നും വ്യക്തമാക്കി. ട്രംപിന്റെ പ്രചരണവേളയില്‍ മസ്‌ക് പണം നിക്ഷേപിച്ചതിനാലാണ് താനിതുവരെ ഇക്കാര്യം പറയാതിരുന്നതെന്നും ഇനിയത് സഹിക്കേണ്ടതില്ലെന്നും തന്റെ നിലപാട് വ്യക്തമാക്കി.
ട്രംപിന്റെ ഒന്നാം ടേമിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് വിജയത്തിന്റെ പ്രധാന ശില്‍പിയായിരുന്ന ബേനണ്‍ വൈറ്റ് ഹൗസില്‍ മുഖ്യ തന്ത്രജ്ഞനായി കുറച്ചുകാലം സേവനമനുഷ്ഠിച്ചിരുന്നു. ട്രംപിനെ തെരഞ്ഞെടുപ്പില്‍ ജയിപ്പിക്കാനായി പരിശ്രമിച്ച വലതുപക്ഷ വെബ്‌സൈറ്റായ ബ്രെയ്റ്റ്ബാര്‍ട്ട് ന്യൂസിന്റെ മേധാവിയായിരുന്ന ബേനണ്‍ സ്ഥാനത്തു നിന്നും ഇറങ്ങിയാണ് ഇറങ്ങിയാണ് ട്രംപ് സംഘത്തില്‍ പ്രവര്‍ത്തിച്ചത്.
മുസ്‌ലിം രാജ്യങ്ങള്‍ക്ക് യാത്രാ വിലക്കേര്‍പ്പെടുത്തിയത് ഉള്‍പ്പെടെ ഡോണള്‍ഡ് ട്രംപിന്റെ വിവാദമായ പല തീരുമാനങ്ങള്‍ക്കും പിന്നില്‍ പ്രവര്‍ത്തിച്ചത് ബേനണ്‍ ആയിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ട്രംപിന്റെ ഏറ്റവും വലിയ ചിയര്‍ ലീഡര്‍മാരില്‍ ഒരാളായി മാറിയ മസ്‌ക് പ്രചാരണത്തിന് ഏകദേശം 270 മില്യണ്‍ ഡോളറാണ് സംഭാവന നല്‍കിയത്. യു എസ് സര്‍ക്കാരില്‍ കാര്യക്ഷമതാ വകുപ്പിന്റെ ചുമതലയിലേക്ക് ട്രംപ് മസ്‌കിനെ തെരഞ്ഞെടുത്തിട്ടുണ്ട്. ഇന്ത്യന്‍ വംശജന്‍ വിവേക് രാമസ്വാമിയും വകുപ്പിലുണ്ട്.
തന്റെ വിജയത്തിന് പിന്നാലെ മസ്‌കിനെ പുകഴ്ത്തി ട്രംപ് രംഗത്തെത്തിയിരുന്നു. മസ്‌കിനെ 'സൂപ്പര്‍ ജീനിയസ്' എന്ന് വിശേഷിപ്പിച്ച ട്രംപ് അദ്ദേഹത്തിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് നന്ദി പറയുകയും ചെയ്തിരുന്നു.