വാഷിംഗ്ടണ്‍ ഡി സി: 'അമേരിക്കയുടെ വൃത്തികെട്ട വശത്ത്' നിന്ന് രക്ഷപ്പെടാന്‍ വാഷിംഗ്ടണ്‍ ഡിസി നിവാസികള്‍ പലായനം ചെയ്യുന്നു. ഡൊണാള്‍ഡ് ട്രംപിന്റെ സത്യപ്രതിജ്ഞ അടുത്തുവരുമ്പോഴാണ് വാഷിംഗ്ടണ്‍ ഡിസി നിവാസികള്‍ നഗരം വിട്ടുപോകുന്നത്. ജനുവരി 20നാണ് സത്യപ്രതിജ്ഞ.
ട്രംപിന്റെ സത്യപ്രതിജ്ഞയോടനുബന്ധിച്ച് ജന്മദിന വാരാന്ത്യം ആഘോഷിക്കുന്ന ഡിസി നിവാസിയായ അലജാന്‍ഡ്ര വിറ്റ്നി-സ്മിത്ത് സാങ്കേതികവിദ്യയില്ലാത്ത ഒരു ക്യാബിനില്‍ ഒരു ആഴ്ച ചെലവഴിക്കാന്‍ പദ്ധതിയിടുന്നതായി പറഞ്ഞതായി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു.
2021 ജനുവരി 6-ന് യു എസ് ക്യാപിറ്റലില്‍ നടന്ന ആക്രമണ സമയത്ത് സ്മിത്തിന്റെ അമ്മ ലൈബ്രറി ഓഫ് കോണ്‍ഗ്രസില്‍ ജോലി ചെയ്യുകയായിരുന്നു. ഭയവും ആശങ്കയുമാണ് ആ സമയത്ത് ഉണ്ടായിരുന്നതെന്നും ആ തരത്തിലുള്ള ശത്രുതാപരമായ നെഗറ്റീവ് എനര്‍ജിയുടെ ചുറ്റും ആയിരിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും സ്മിത്ത് പറഞ്ഞു.
ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി കമല ഹാരിസ് തെരഞ്ഞെടുപ്പില്‍ വിജയിക്കണമെന്നാണ് താന്‍ ആഗ്രഹിച്‌തെന്നും എന്നാല്‍ ഈ രാജ്യത്ത് ഒരു കറുത്ത സ്ത്രീയായി ജീവിക്കുന്നതിന്റെ യാഥാര്‍ഥ്യം തനിക്കറിയാമെന്നും അഭിഭാഷകയായ സ്മിത്ത് പറഞ്ഞു.
വാഷിംഗ്ടണ്‍ ഡിസിയിലെ മറ്റൊരു നിവാസിയായ ടിയ ബട്ട്ലര്‍ തെരഞ്ഞെടുപ്പിന് പിറ്റേന്ന് ബന്ധുക്കള്‍ക്ക് അയച്ച ഇമെയിലില്‍ ചോദിച്ചത് ജനുവരി 19-25 തിയ്യതികളില്‍ ഒരു ക്രൂയിസിലോ മറ്റേതെങ്കിലും സാഹസിക യാത്രയിലോ പോകാന്‍ ആര്‍ക്കാണ് താത്പര്യമുള്ളതെന്നായിരുന്നു.
ജനുവരി 6ലെ കലാപത്തിന്റെ ഓര്‍മ്മകള്‍ ട്രംപിന്റെ സ്ഥാനാരോഹണ വേളയില്‍ നഗരത്തില്‍ ഉണ്ടാകാന്‍ അവര്‍ ആഗ്രഹിക്കുന്നില്ല. 'ഒരു സ്ത്രീയെക്കാള്‍ ഒരു കുറ്റവാളി നമ്മുടെ രാജ്യത്തെ നയിക്കുന്നതാണ് നമുക്ക് ഇഷ്ടമെന്നാണ് ഇക്കാര്യങ്ങള്‍ തന്നോട് പറയുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
2024ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ ട്രംപ് വാഷിംഗ്ടണിനെ 'നമ്മുടെ രാജ്യത്തിന് വൃത്തികെട്ടതും കുറ്റകൃത്യങ്ങള്‍ നിറഞ്ഞതുമായ നാണക്കേട്' എന്നാണ് മുദ്രകുത്തിയത്.
ഫെഡറല്‍ തൊഴിലാളികളെ വെട്ടിക്കുറയ്ക്കുന്നതിന് ശതകോടീശ്വരന്‍ എലോണ്‍ മസ്‌കിനെ നിയമിക്കുന്നതിലൂടെ തലസ്ഥാനം സമൂലമായി പുനഃക്രമീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.