ചാബഹാര്‍ തുറമുഖത്തിന് മേലുള്ള യു എസ് ഉപരോധത്തില്‍ ഇന്ത്യയ്ക്ക് ആറുമാസത്തെ ഇളവ്

ചാബഹാര്‍ തുറമുഖത്തിന് മേലുള്ള യു എസ് ഉപരോധത്തില്‍ ഇന്ത്യയ്ക്ക് ആറുമാസത്തെ ഇളവ്


ന്യൂഡല്‍ഹി: ഇറാനിലെ തന്ത്രപ്രധാനമായ ചാബഹാര്‍ തുറമുഖത്തിന് മേലുള്ള യു എസ് ഉപരോധങ്ങളില്‍ ഇന്ത്യയ്ക്ക് ആറു മാസത്തെ ഇളവ് അനുവദിച്ചു. ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാളാണ് യു എസ് ഇളവ് നല്‍കിയ വിവരം സ്ഥിരീകരിച്ചത്. ഈ ഇളവോടെ ഇറാന്‍- ഇന്ത്യ വ്യാപാര, ഗതാഗത ബന്ധങ്ങളില്‍ താത്ക്കാലികാശ്വാസമായി.

കഴിഞ്ഞ ഒരു ദശാബ്ദക്കാലമായി ഇന്ത്യ വികസിപ്പിച്ചെടുത്ത ചാബഹാര്‍ തുറമുഖം ഇറാനുമായുള്ള വ്യാപാരത്തിനും അഫ്ഗാനിസ്ഥാനിലേയ്ക്കുള്ള ബദല്‍ കണക്ടിവിറ്റിക്കും നിര്‍ണായകമാണ്. നേരത്തെ തുറമുഖത്ത് ഇന്ത്യയ്ക്ക് സാന്നിധ്യം അനുവദിച്ചു കൊണ്ട് യു എസ് ദീര്‍ഘകാലത്തോളം ഉപരോധത്തില്‍ ഇളവ് അനുവദിച്ചിരുന്നു. എന്നാല്‍ ട്രംപ് ഭരണകൂടം ഒരു മാസം മുമ്പ് ഇളവ് റദ്ദാക്കുകയായിരുന്നു. ഇന്ത്യ വീണ്ടും സമ്മര്‍ദ്ദം ചെലുത്തിയതോടെയാണ് താത്ക്കാലികാശ്വാസമായത്.

ചാബഹാറിന് ബാധകമായ യു എസ് ഉപരോധങ്ങളില്‍ ആറു മാസത്തെ ഇളവ് ലഭിച്ചുവെന്ന് സ്ഥിരീകരിച്ചതായി വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ പ്രതിവാര മാധ്യമ സമ്മേളനത്തിനിടെ പറഞ്ഞു. വിഷയവുമായി ബന്ധപ്പെട്ട വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ അനുസരിച്ച് ഇന്ത്യ സമ്മര്‍ദ്ദം ചെലുത്തിയതോടെ യു എസ് ആദ്യം ഒരു മാസത്തെ ഇളവ് അനുവദിക്കുകയായിരുന്നു. പിന്നീടാണ് ആറു മാസത്തെ ഇളവ് ഔദ്യോഗികമായി നല്‍കിയത്.