വാഷിംഗ്ടണ്‍: ആഗോള നിര്‍ണായക ഖനിജങ്ങള്‍, ഉയര്‍ന്ന സാങ്കേതികവിദ്യകള്‍, അഡ്വാന്‍സ്ഡ് മാനുഫാക്ചറിംഗ്, സെമികണ്ടക്ടര്‍ മേഖലകളില്‍ സുരക്ഷിത വിതരണ ശൃംഖല സൃഷ്ടിക്കാനുദ്ദേശിച്ചുള്ള അമേരിക്കയുടെ പുതിയ തന്ത്രപ്രധാന തലത്തിലുള്ള കൂട്ടായ്മയായ 'പാക്സ് സിലിക്ക'യില്‍ ഇന്ത്യക്ക് സ്ഥാനമില്ല. വാഷിങ്ടണിലെ ഉന്നതതല പ്രതിനിധികള്‍ ന്യൂഡല്‍ഹിയില്‍ വ്യാപാര ചര്‍ച്ചകളുടെ ഭാഗമായി അഞ്ചു റൗണ്ട് സാങ്കേതിക ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് പാക്സ് സിലിക്കയുടെ തീരുമാനമെന്നത് ശ്രദ്ധേയമാണ്.
ഈ സഖ്യം, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ വളര്‍ച്ചക്ക് നിര്‍ണായകമായ റെയര്‍ എര്‍ത്ത് ഖനിജങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രധാന വിഭവങ്ങളുടെ വിതരണ സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രവര്‍ത്തിക്കുന്നത്. ലോകത്തെ റെയര്‍ എര്‍ത്ത് ഖനനത്തിന്റെ ഏകദേശം 70 ശതമാനവും നിയന്ത്രിക്കുന്ന ചൈനയുമായുള്ള ആശ്രയം കുറയ്ക്കുകയും ഇതിന്റെ ഉദ്ദേശ്യമാണ്.
ഡൊണാള്‍ഡ് ട്രംപ് ഭരണകൂടം മുന്നോട്ടു വെക്കുന്ന പദ്ധതിയില്‍ യു എസിനൊപ്പം സിംഗപ്പൂര്‍, ഓസ്ട്രേലിയ, ജപ്പാന്, ദക്ഷിണ കൊറിയ, ഇസ്രയേല്‍ ഉള്‍പ്പെടെ എട്ട് രാജ്യങ്ങളാണ് സ്ഥാപക അംഗങ്ങള്‍.
ശാന്തി, സ്ഥിരത തുടങ്ങിയ അര്‍ഥങ്ങളുള്ള ലാറ്റിന്‍ വാക്കായ പാക്സും കംപ്യൂട്ടര്‍ ചിപുകള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന അടിസ്ഥാന സംയുക്തമായ സിലിക്കയുമാണ് ഈ പേരിന് പിന്നില്‍. ലോകത്തെ പ്രധാന സാങ്കേതിക കമ്പനികള്‍ ഉള്ള രാജ്യങ്ങളെ ഒന്നിച്ച് ചേര്‍ത്ത് പുതിയ എ ഐ കാലഘട്ടത്തിന്റെ സാമ്പത്തിക സാധ്യതകള്‍ തുറക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് പ്രസ്താവനയില്‍ അറിയിച്ചു.
ട്രംപ് മുന്നോട്ടുവച്ച 'സാമ്പത്തിക സ്റ്റേറ്റ്ക്രാഫ്റ്റ്' ആശയത്തിന്റെ ഭാഗമായാണ് സ്വകാര്യ നിക്ഷേപവും സ്വതന്ത്ര വിപണി സംവിധാനവും ഉപയോഗിച്ച് അമേരിക്കക്കും സഖ്യകക്ഷികള്‍ക്കും സമാധാനവും സുരക്ഷയും ഒരുക്കുന്ന ഈ ശ്രമം.
ആദ്യമായൊരുങ്ങുന്ന സാങ്കേതിക സഖ്യം
കംപ്യൂട്ട് ശേഷി, സിലിക്കണ്‍, നിര്‍ണായക ഖനിജങ്ങള്‍, ഊര്‍ജം എന്നിവയെ തന്ത്രപ്രധാന ആസ്തികളായി കണ്ട് രാജ്യങ്ങള്‍ ഒരുമിക്കുന്നതിനുള്ള ആദ്യ ഉദാഹരണമാണ് പാക്സ് സിലിക്ക എന്ന് അമേരിക്ക വ്യക്തമാക്കി. വിപണികളെ സ്വാധീനിക്കുകയും സഖ്യങ്ങള്‍ രൂപപ്പെടുത്തുകയും ചെയ്യുന്ന 'അമേരിക്കന്‍ എ ഐ ഡിപ്ലോമസിയുടെ' പുതിയ മാതൃകയാണിതെന്ന് അവര്‍ വിലയിരുത്തുന്നു.
ഡിസംബര്‍ 12ന് വാഷിങ്ടണില്‍ നടക്കുന്ന ആദ്യ ഉച്ചകോടിയില്‍ യു എസിന്റെ സാമ്പത്തികകാര്യ സെക്രട്ടറി ജേക്കബ് ഹെല്‍ബര്‍ഗ്, ജപ്പാന്, ഇസ്രയേല്‍, ഓസ്ട്രേലിയ, സിംഗപ്പൂര്‍, ദക്ഷിണ കൊറിയ എന്നിവിടങ്ങളിലെ പ്രതിനിധികള്‍ പാക്സ് സിലിക്ക പ്രഖ്യാപനത്തില്‍ ഒപ്പുവെക്കും.
ഇതിനു പിന്നാലെ യു എസ്, ജപ്പാന്, ദക്ഷിണ കൊറിയ, സിംഗപ്പൂര്‍, നെതര്‍ലാന്‍ഡ്സ്, ഇസ്രയേല്‍, ഓസ്ട്രേലിയ, യു എ ഇ, കാനഡ, യൂറോപ്യന്‍ യൂണിയന് എന്നിവര്‍ ഒന്നിച്ചുകൂടി വിതരണ ശൃംഖല സുരക്ഷ ശക്തിപ്പെടുത്തല്‍, ആശ്രയാത്മക ഏകപക്ഷീയത ഒഴിവാക്കല്‍, വിശ്വസ്ത സാങ്കേതിക പരിസ്ഥിതികളെ പ്രോത്സാഹിപ്പിക്കല്‍ എന്നീ വിഷയങ്ങളില്‍ പങ്കാളിത്തങ്ങള്‍ അവതരിപപ്പിക്കുമെന്നും പ്രസ്താവനയില്‍ അറിയിച്ചു.
