യു എസിലേക്ക് സ്മാര്‍ട്ട് ഫോണ്‍ കയറ്റുമതിയില്‍ ഇന്ത്യ ചൈനയെ പിന്തള്ളി

യു എസിലേക്ക് സ്മാര്‍ട്ട് ഫോണ്‍ കയറ്റുമതിയില്‍ ഇന്ത്യ ചൈനയെ പിന്തള്ളി


ന്യൂഡല്‍ഹി: യു എസിലേക്ക് ഏറ്റവും കൂടുതല്‍ സ്മാര്‍ട്ട്ഫോണുകള്‍ വിതരണം ചെയ്യുന്ന രാജ്യം ഇന്ത്യ. ചൈനയെ മറികടന്നാണ് ഇന്ത്യ ഈ നേട്ടം സ്വന്തമാക്കിയത്. 

ഈ വര്‍ഷം രണ്ടാം പാദത്തില്‍ ഇന്ത്യന്‍ നിര്‍മിത സ്മാര്‍ട്ട് ഫോണുകള്‍ യു എസിലേക്ക് കയറ്റുമതി ചെയ്തതില്‍ 240 ശതമാനമാണ് വര്‍ധന രേഖപ്പെടുത്തിയതെന്ന് ഗവേഷണ സ്ഥാപനമായ കനാലിസിന്റെ ഡേറ്റ സൂചിപ്പിക്കുന്നു.

ആപ്പിള്‍ ഇന്ത്യന്‍ ഫാക്ടറികളെ കൂടുതല്‍ ആശ്രയിച്ചതും വ്യാപാര രംഗത്തെ സംഘര്‍ഷങ്ങളുമെല്ലാം ഇന്ത്യന്‍ കയറ്റുമതി വര്‍ധിക്കാന്‍ സഹായിച്ച ഘടകങ്ങളാണ്. ഏതാനും വര്‍ഷങ്ങളായി ആപ്പിളിന്റെ ഇന്ത്യന്‍ ഉത്പാദനത്തില്‍ വലിയ വളര്‍ച്ചയാണ് ഉണ്ടാകുന്നത്. 

താരിഫുകളുടെയും വ്യാപാര നയങ്ങളുടെയും പേരില്‍ യു എസും ചൈനയും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുന്നതിനാല്‍ സ്മാര്‍ട്ട്‌ഫോണ്‍ കമ്പനികള്‍ തങ്ങളുടെ നിര്‍മാണവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ നിലപാടുകള്‍ മാറ്റിത്തുടങ്ങിയിട്ടുണ്ട്. ആപ്പിള്‍ ഇന്ത്യയിലാണ് കൂടുതല്‍ ഐഫോണുകള്‍ നിര്‍മിക്കാന്‍ ലക്ഷ്യമിടുന്നത്. ആപ്പിള്‍ ഇതിനകം തന്നെ ഇന്ത്യയില്‍ ചില ഐഫോണ്‍ 16 പ്രോ മോഡലുകള്‍ അസംബിള്‍ ചെയ്യാന്‍ തുടങ്ങിയിട്ടുണ്ട്.

സാംസങ്, മോട്ടറോള തുടങ്ങിയ ബ്രാന്‍ഡുകളും യു എസിലേക്ക് കൂടുതല്‍ ഇന്ത്യന്‍ നിര്‍മിത ഫോണുകളാണ് അയക്കുന്നത്. എന്നാല്‍ അത്തരം കമ്പനികള്‍ ആപ്പിളിനോളം എണ്ണത്തില്‍ വര്‍ധിച്ചിട്ടില്ല. സാംസങിന്റെ ഉത്പാദനം ഭൂരിഭാഗവും വിയറ്റ്‌നാമിലാണ് നടക്കുന്നത്. മോട്ടറോള ചൈനയില്‍ തന്നെയാണ് കൂടുതല്‍ തുടുരുന്നത്.