ബംഗ്ലാദേശിലെ മോംഗ്ല തുറമുഖത്തിന്റെ ടെര്‍മിനല്‍ പ്രവര്‍ത്തിപ്പിക്കാനുള്ള അവകാശം ഇന്ത്യ സ്വന്തമാക്കി

ബംഗ്ലാദേശിലെ മോംഗ്ല തുറമുഖത്തിന്റെ ടെര്‍മിനല്‍ പ്രവര്‍ത്തിപ്പിക്കാനുള്ള അവകാശം ഇന്ത്യ സ്വന്തമാക്കി


ന്യൂഡല്‍ഹി: ചൈനയ്‌ക്കെതിരായ ഒരു പ്രധാന തന്ത്രപരമായ വിജയത്തില്‍, ഇന്ത്യന്‍ മഹാസമുദ്രത്തിലെ ബംഗ്ലാദേശിലെ മോംഗ്ല തുറമുഖത്തിന്റെ ഒരു ടെര്‍മിനലിന്റെ പ്രവര്‍ത്തന അവകാശം ഇന്ത്യ സ്വന്തമാക്കി. വിദേശ തുറമുഖങ്ങളുടെ അര്‍ദ്ധ നിയന്ത്രണം നേടുന്നതിനുള്ള ഇന്ത്യയുടെ പരിശ്രമങ്ങള്‍ക്ക് ഇത് വലിയ ഉത്തേജനം നല്‍കുമെന്ന് വിദഗ്ധര്‍ പറയുന്നു. പ്രത്യേകിച്ച് ചൈന അതിന്റെ സ്വാധീനം വിപുലീകരിക്കാന്‍ ശ്രമിച്ച അയല്‍രാജ്യങ്ങളില്‍ ഇന്ത്യന്‍ സ്വാധീനം വര്‍ധിക്കും.  ഇടപാടിന്റെ വിശദാംശങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഇറാനിലെ ചാബഹാര്‍, മ്യാന്‍മറിലെ സിത്വെ എന്നിവയ്ക്ക് ശേഷം കഴിഞ്ഞ വര്‍ഷങ്ങളില്‍ വിദേശ തുറമുഖങ്ങള്‍ പ്രവര്‍ത്തിപ്പിക്കാനുള്ള ഇന്ത്യയുടെ മൂന്നാമത്തെ വിജയകരമായ ശ്രമമാണിത്.

മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം, മോംഗ്ല തുറമുഖത്തെ ടെര്‍മിനല്‍ നിയന്ത്രിക്കുന്നത് ഇന്ത്യന്‍ പോര്‍ട്ട് ഗ്ലോബല്‍ ലിമിറ്റഡാണ് (IPGL).

ചൈനയുടെ മാരിടൈം സില്‍ക്ക് റോഡ് സംരംഭത്തിന്റെ ലക്ഷ്യങ്ങള്‍ നിറവേറ്റുന്നതില്‍ ഇന്ത്യന്‍ മഹാസമുദ്ര മേഖല പ്രധാനമാണ്. പാക്കിസ്ഥാനിലെ ഗ്വാഡാര്‍ മുതല്‍ കിഴക്കന്‍ ആഫ്രിക്കയിലെ ജിബൂട്ടി വരെ ചൈന തുറമുഖങ്ങളില്‍ ഗണ്യമായ നിക്ഷേപം നടത്തിയിട്ടുണ്ട്.

ഉദാഹരണത്തിന്, കണ്ടെയ്‌നര്‍ ഗതാഗതത്തിന്റെ അടിസ്ഥാനത്തില്‍ ലോകത്തിലെ മികച്ച 10 തുറമുഖങ്ങളില്‍ ഇന്ത്യന്‍ തുറമുഖങ്ങളൊന്നും ഉള്‍പ്പെടുന്നില്ല. മറുവശത്ത്, ചൈനയ്ക്ക് ആറ് തുറമുഖങ്ങളുണ്ട്.


ഭൗമരാഷ്ട്രീയ, സുരക്ഷാ ഘടകങ്ങള്‍ കാരണം ചാബഹാര്‍, സിത്വെ തുറമുഖങ്ങളുമായി ബന്ധപ്പെട്ട വികസനം പോലും വര്‍ഷങ്ങളായി ശ്രദ്ധേയമായിട്ടില്ലെന്ന് ഡല്‍ഹി ആസ്ഥാനമായുള്ള തിങ്ക് ടാങ്ക് സൊസൈറ്റി ഫോര്‍ പോളിസി സ്റ്റഡീസ് ഡയറക്ടര്‍ സി ഉദയ് ഭാസ്‌കര്‍  പറഞ്ഞു.

'മറ്റ് ഭൗമരാഷ്ട്രീയ ഘടകങ്ങള്‍ കാരണം ഇറാനിലെയും മ്യാന്‍മറിലെയും പുരോഗതി തുല്യതയില്ലാത്തതാണെന്നും കരാര്‍ വേഗത്തില്‍ നടപ്പാക്കാന്‍ മോംഗ്ല അനുവദിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞതായി സൌത്ത് ചൈന മോര്‍ണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.

ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചൈനയുടെ സ്വാധീനം

നിലവില്‍, കുറഞ്ഞത് 17 ഇന്ത്യന്‍ മഹാസമുദ്ര തുറമുഖങ്ങളില്‍ ചൈന സജീവമായി ഏര്‍പ്പെട്ടിട്ടുണ്ട്, അതില്‍ 13 തുറമുഖങ്ങളുടെ നിര്‍മ്മാണത്തില്‍ നേരിട്ട് ഏര്‍പ്പെട്ടിരിക്കുന്നു.

ഇപ്പോള്‍, ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ പടിഞ്ഞാറന്‍, കിഴക്കന്‍ ഭാഗങ്ങളിലെ പ്രധാന സമുദ്ര സ്ഥലങ്ങളില്‍ സ്വാധീനം വര്‍ദ്ധിപ്പിക്കാനും പ്രാദേശിക സുരക്ഷയില്‍ തങ്ങളുടെ പങ്ക് ശക്തിപ്പെടുത്താനും കഴിയുമെന്നാണ് ഇന്ത്യയുടെ പ്രതീക്ഷ.