ന്യൂഡല്‍ഹി: പാക്കിസ്ഥാനുമായുള്ള സിന്ധു നദീജലക്കരാര്‍ മരവിപ്പിച്ചതിനു പിന്നാലെ ബംഗ്ലാദേശുമായുള്ള ഗംഗാ നദീജല കരാര്‍ പുനരവലോകനം ചെയ്യുന്നതും ഇന്ത്യ പരിഗണിക്കുന്നു.
അടുത്ത വര്‍ഷം ഇന്ത്യ- ബംഗ്ലാദേശ് ഗംഗാ നദീജല കരാര്‍ അവസാനിക്കും. 30 വര്‍ഷമാണ് കാലാവധി. ഇരുരാജ്യങ്ങളുടെയും സമ്മതത്തോടെ കരാര്‍ കാലാവധി പുതുക്കാമെങ്കിലും പുതിയ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് പുതിയ രീതിയില്‍ കരാറുണ്ടാക്കാനാണ് ഇന്ത്യ ആലോചിക്കുന്നത്.
പശ്ചിമ ബംഗാളില്‍ നിന്ന് ബംഗ്ലാദേശിലേക്ക് ഒഴുകുന്ന ഗംഗാ നദിയിലെ ജലം പങ്കുവയ്ക്കുന്നതിനുള്ള കരാര്‍ 1996ലാണ് ഇന്ത്യയും ബംഗ്ലാദേശും ഒപ്പുവെച്ചത്. ഇതുപ്രകാരം എല്ലാ വര്‍ഷവും ജനുവരി ഒന്നു മുതല്‍ മെയ് 31 വരെയാണ് ഇന്ത്യ ബംഗ്ലാദേശിനു നദീജലം വിട്ടുകൊടുക്കുന്നത്.
1975ല്‍ ഇന്ത്യ നിര്‍മിച്ച ഫറാക്ക ബാരേജിനെ തുടര്‍ന്ന് ഇരുരാജ്യങ്ങളും തമ്മില്‍ നദീജലത്തര്‍ക്കം ഉടലെടുത്തിരുന്നു. ഗംഗയിലെ ജലം ഹൂഗ്ലി നദിയിലേക്കു തിരിച്ചുവിട്ട് കൊല്‍ക്കത്ത തുറമുഖത്ത് മതിയായ ജലനിരപ്പ് ഉറപ്പു വരുത്തുക എന്നതാണ് ഫറാക്ക ബാരേജ് ലക്ഷ്യമിട്ടിരുന്നത്.
ബംഗ്ലാദേശ് അതിര്‍ത്തിയില്‍ നിന്ന് പത്ത് കിലോമീറ്റര്‍ അകലെ ഭാഗീരഥി നദിയിലാണ് ബാരേജ് നിര്‍മിച്ചത്. പിന്നീടുണ്ടാക്കിയ കരാര്‍ പ്രകാരമാണ് ഇതില്‍നിന്നുള്ള വെള്ളം ഇപ്പോള്‍ ബംഗ്ലാദേശുമായും പങ്കുവയ്ക്കുന്നത്.
ജലക്ഷാമമുള്ള സമയത്ത് ഇന്ത്യക്കു കിട്ടുന്ന വെള്ളത്തിന്റെ അളവ് വര്‍ധിപ്പിക്കുന്ന രീതിയില്‍ പുതിയ കരാര്‍ ഉണ്ടാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ താത്പര്യപ്പെടുന്നത്. പശ്ചിമ ബംഗാള്‍ സര്‍ക്കാറിനും ഇതിനോടു യോജിപ്പാണ്.